500 കോടി സിനിമകൾ മ്യുസിക് കോൺസേർട്ട് പോലെ, എന്റെ സിനിമകൾ സ്‌കൂളുകൾ പോലെയും: മാരി സെൽവരാജ്

500 കോടി സിനിമകൾ മ്യുസിക് കോൺസേർട്ട് പോലെ, എന്റെ സിനിമകൾ സ്‌കൂളുകൾ പോലെയും: മാരി സെൽവരാജ്
Published on

100 വർഷങ്ങൾക്കിപ്പുറവും തന്റെ സിനിമകൾ ഇവിടെ നിലനിൽക്കണമെന്ന് സംവിധായകൻ മാരി സെൽവരാജ്. 500 കോടി, 1000 കോടി എന്നിങ്ങനെയുള്ള സംഖ്യകളെക്കുറിച്ച് താൻ ചിന്തിക്കുന്നില്ല. തന്റെ ശബ്ദത്തിലൂടെ, എഴുത്തിലൂടെ പ്രേക്ഷകർ ലോകത്തെ കാണണം എന്നതാണ് തന്റെ ആഗ്രഹം. അതിന് വേണ്ടിയാണ് താൻ സിനിമ ചെയ്യുന്നതും. നമ്മൾ ഈ ഭൂമിയിലെ ഇല്ലാതാകുന്ന കാലത്തും ഈ സിനിമകൾ കണ്ട ശേഷം ആരാണ് ഇതിന്റെ സംവിധായകൻ എന്ന് പ്രേക്ഷകർ ചോദിക്കണം. അതാണ് വിജയം എന്നതിന് താൻ നൽകുന്ന നിർവചനം എന്ന് മാരി സെൽവരാജ് പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാരി സെൽവരാജിന്റെ വാക്കുകൾ:

ഒരു വലിയ സംഗീത പരിപാടി നടക്കുമ്പോൾ അവിടെ നിരവധി ആളുകൾ ഉണ്ടാകും. അവർ ആ പരിപാടി ആഘോഷിക്കും. എന്നാൽ ഒരു സ്‌കൂളിലെ ക്ലാസ്സിൽ 40 പേരാകും ഉണ്ടാവുക. ആ 40 കുട്ടികൾക്ക് സമാധാനത്തോടെ ടീച്ചർ ക്ലാസ് എടുത്ത് കൊടുക്കും. ഈ രണ്ടു കാര്യങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. എല്ലാവർക്കും ഈ പറഞ്ഞ സംഗീത പരിപാടി ഇഷ്ടമാണ്. അവിടെ പോകണമെന്ന് ആഗ്രഹവുമുണ്ട്. എന്നാൽ അടുത്ത ദിവസം അത് എല്ലാവർക്കും മറക്കുകയും ചെയ്യും. എന്നാൽ ഈ സ്കൂൾ എന്ന ആശയം എക്കാലവും നിലനിൽക്കും. 500 കോടിയും 1000 കോടിയും എന്നെ ബാധിക്കുന്നില്ല. എന്റെ പ്രേക്ഷകർ രണ്ടര മണിക്കൂർ എനിക്കൊപ്പം യാത്ര ചെയ്യുകയാണ്. എന്റെ ശബ്ദത്തിൽ, എന്റെ എഴുത്തിൽ അവർ ഈ ലോകത്തെ കാണുകയാണ്. ഞാൻ ആരാണെന്നും, എന്താണ് പറയുന്നതെന്നും ചിന്തിക്കാതെ ബഹളം വെച്ച്, കയ്യടിച്ച് സിനിമകൾ കാണുന്നതിന് അപ്പുറം ഞാൻ പറയുന്ന കാര്യങ്ങൾ അവർക്ക് മനസ്സിലാകണം. എന്റെ പ്രേക്ഷകരുടെ എണ്ണം കുറവായിരിക്കും.

നേരത്തെ പറഞ്ഞ തരം സിനിമകൾക്ക് ആദ്യദിനം 1 ലക്ഷം പ്രേക്ഷകരെ ലഭിക്കുന്നുണ്ട് എന്ന് വിചാരിക്കൂ. എനിക്ക് 5000 പ്രേക്ഷകരെയാകാം ലഭിക്കുക. എന്നാൽ ഈ 5000 പേർ മറ്റൊരു 5000 പ്രേക്ഷകരെ ഉണ്ടാക്കും. ഇത്തരം സിനിമകൾ എന്തിന് ഒരുക്കുന്നു എന്ന് അവർ മറ്റുള്ളവരോട് പറയും. ഇന്ന് ഞാനൊരു ചെറിയ സംവിധായകനായി നിങ്ങൾക്ക് തോന്നാം. എന്നാൽ എന്റെ അവസാനകാലത്ത് തിരിഞ്ഞ് നോക്കുമ്പോൾ ഏറെ അഭിമാനത്തോടെയാകും എന്റെ സിനിമകളെക്കുറിച്ച് ഓർക്കുക. നാലോ അഞ്ചോ ദിവസത്തെ കളക്ഷൻ കണക്കുകൾ വെച്ച് നമ്മൾ ജയിച്ചോ തോറ്റോ എന്ന് വിധി എഴുതാൻ പാടില്ല. നമ്മൾ ഈ ഭൂമിയിലെ ഇല്ലാതാകുന്ന കാലത്തും ഈ സിനിമകൾ കണ്ട ശേഷം ആരാണ് ഇതിന്റെ സംവിധായകൻ എന്ന് പ്രേക്ഷകർ ചോദിക്കണം. അതാണ് വിജയം. എന്റെ സിനിമകൾ 100 വർഷം കഴിഞ്ഞാലും ഇവിടെ നിലനിൽക്കണം.

Related Stories

No stories found.
logo
The Cue
www.thecue.in