'കളിക്കളം' രണ്ടാം ഭാഗത്തിനായുള്ള ആഗ്രഹത്തില്‍ തുടങ്ങി, സംഭവിച്ചത് 'ഒരാള്‍ മാത്രം'; ആദ്യം നിര്‍മാതാവായ കഥ പറഞ്ഞ് എംഎ നിഷാദ്

'കളിക്കളം' രണ്ടാം ഭാഗത്തിനായുള്ള ആഗ്രഹത്തില്‍ തുടങ്ങി, സംഭവിച്ചത് 'ഒരാള്‍ മാത്രം'; ആദ്യം നിര്‍മാതാവായ കഥ പറഞ്ഞ് എംഎ നിഷാദ്

മമ്മൂട്ടിയെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 1997ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഒരാള്‍ മാത്രം. അച്ഛന്റെ മരണത്തോടെ ഒറ്റപ്പെടുന്ന ഒരു കുടുംബത്തിന് മമ്മൂട്ടി അവതരിപ്പിക്കുന്ന ഹരീന്ദ്രന്‍ എന്ന കഥാപാത്രം ആശ്വാസമാകുന്നതും, തിലകന്‍ അവതരിപ്പിക്കുന്ന അച്ഛന്‍ കഥാപാത്രത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. സംവിധായകനും നടനും കൂടിയായ എംഎ നിഷാദായിരുന്നു ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാള്‍. ചിത്രം റിലീസ് ചെയ്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. മമ്മൂട്ടിയെ തന്നെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം കളിക്കളത്തിന്റെ രണ്ടാം ഭാഗം നിര്‍മിക്കണമെന്ന ആഗ്രഹവുമായിട്ടായിരുന്നു ആദ്യം ചിത്രത്തിന്റെ തിരക്കഥാകൃത്തായ എസ്എന്‍ സ്വാമിയെ സമീപിക്കുന്നതെന്ന് എംഎ നിഷാദ് പറയുന്നു.

'അന്ന് കളിക്കളത്തിന് രണ്ടാം ഭാഗത്തിനുള്ള സാധ്യത ഉണ്ടായിരുന്നു. 'പെര്‍ഫെക്ട് വേള്‍ഡ്' എന്ന് പറഞ്ഞ ഒരു ഇംഗ്ലീഷ് സിനിമയില്‍ നിന്ന് ഇന്‍സ്‌പൈര്‍ ചെയ്തിട്ട് അത് എടുക്കാം എന്നുള്ള ധാരണയായിരുന്നു ആദ്യം. പക്ഷെ, പിന്നീട് എപ്പോഴോ അത് മാറി. സത്യേട്ടനെ പോയി കാണുമ്പോള്‍ എനിക്കന്ന് 24 വയസോ മറ്റോ ഉള്ളൂ. ഇരട്ട കുട്ടികളുടെ അച്ഛന്‍' എന്ന സിനിമയുടെ വര്‍ക്കുമായി നില്‍ക്കുമ്പോഴാണ് അദ്ദേഹത്തെ കാണുന്നതും സംസാരിക്കുന്നതും, ഞാന്‍ സീരിയസാണെന്ന് കണ്‍വേ ചെയ്തപ്പോളാണ് മമ്മൂട്ടിയെ വച്ച് സിനിമ ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞത്', എംഎ നിഷാദ് ദ ക്യുവിനോട് പറഞ്ഞു.

എം.എ നിഷാദ് പറഞ്ഞത്

സാധാരണയില്‍ നിന്ന് വ്യത്യസ്തമായി മമ്മൂട്ടി ചെയ്ത ഒരു സിനിമയാണ് 'ഒരാള്‍ മാത്രം'. ആ സമയത്ത് അദ്ദേഹം അംബേദ്കര്‍ എന്ന സിനിമയില്‍ അഭിനയിക്കുകയായിരുന്നു. രണ്ട് ഡേറ്റ് ഇങ്ങനെ ഉണ്ടായിരുന്നു. ഒന്ന് കെ മധു സംവിധാനം ചെയ്ത ഗോഡ്മാന്‍ എന്ന സിനിമയ്ക്കും മറ്റൊന്ന് ഒരാള്‍ മാത്രത്തിനും. ഗോഡ്മാന്‍ സിനിമയുടെ ആളുകള്‍ക്ക് മീശയും മുടിയും ഒക്കെയുള്ള മമ്മൂട്ടിയെ മതി എന്ന് പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം സത്യന്‍ അന്തിക്കാടിലാണ് പ്രതീക്ഷ മുഴുവന്‍. മമ്മൂട്ടിയെ പോലെ ഒരു വലിയ നടന്റെ ഡേറ്റ് നീണ്ട് പോകരുതല്ലോ എന്ന് ഓര്‍ത്ത് സിനിമ തുടങ്ങുകയായിരുന്നു. ആ സമയത്ത് സത്യന്‍ അന്തിക്കാടിനെ പോലെ ഒരു സംവിധായകന്റെ സിനിമയില്‍ അദ്ദേഹവും അഭിനയിക്കേണ്ടതായിട്ട് ഉണ്ടായിരുന്നു. കുറേ സിനിമകള്‍ അദ്ദേഹത്തിന്റെ പരാജയ ചിത്രങ്ങള്‍ ആയിരിക്കുന്ന സമയത്താണ് ഒരാള്‍ മാത്രം വരുന്നത്. അതിന് ശേഷമാണ് അദ്ദേഹത്തിന്റെ ഹിറ്റായ ഒരുപാട് സിനിമകള്‍ വന്നത്. സാധാരണ മോഹന്‍ലാല്‍, ജയറാം എന്നിവരെ വച്ചാണ് സത്യന്‍ അന്തിക്കാട് കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തിട്ടുള്ളതെങ്കിലും ഈ സിനിമ മമ്മൂട്ടിയെ വച്ച് വളരെ വ്യത്യസ്തമായി ചെയ്യാന്‍ അദ്ദേഹം ശ്രമിക്കുകയും അതില്‍ ശ്രീനിവാസന്റെ ഒരുപാട് സംഭാവനകള്‍ സിനിമയുടെ തിരക്കഥയില്‍ ഉണ്ടാവുകയും ചെയ്തു എന്നുള്ളത് സത്യം തന്നെയാണ്. അവര്‍ ചേര്‍ന്നാണ് സിനിമയുടെ സ്‌കെല്‍ട്ടണ്‍ രൂപപ്പെടുത്തിയത്. ഒറ്റപ്പാലത്തെ ഷൊര്‍ണൂര്‍ വച്ചാണ് സിനിമയുടെ ഭൂരിഭാഗവും ഷൂട്ട് ചെയ്തത്. പിന്നെ രണ്ട് ദിവസം മദ്രാസില്‍ ഉണ്ടായിരുന്നു.

ഞാന്‍ വളരെ സീരിയസാണെന്ന് കണ്ട് എന്റെ അമ്മാവന്‍ ആയ അഡ്വക്കേറ്റ് എസ്എം ഷാഫിയും പിന്നെ 'കാട്ടുകുതിര' എന്ന സിനിമ നിര്‍മിച്ച ബാപ്പു അറക്കലും വിന്‍സന്റ് അങ്ങനെ ഞങ്ങള്‍ മൂന്ന് നാലുപേര്‍ ചേര്‍ന്നിട്ടാണ് സിനിമ നിര്‍മിച്ചത്. നിര്‍മിക്കാനുള്ള കാരണം എന്റെ സിനിമയോടുള്ള പാഷന്‍ തന്നെ ആയിരുന്നു. മമ്മൂട്ടി സാറിനെ കാണാന്‍ പോയത് എസ്എന്‍ സ്വാമിയുടെ കൂടെയാണ്. തമ്പാച്ചന്‍ എന്ന് പറഞ്ഞ ഒരു കുടുംബ സുഹൃത്ത് ഉണ്ടായിരുന്നു. അദ്ദേഹം നേരത്തെ തമ്മില്‍ തമ്മില്‍, ഗീതം എന്നീ സിനിമകളൊക്കെ നിര്‍മിച്ച ആളാണ്. അദ്ദേഹത്തിന് മമ്മൂട്ടിയെ പരിചയമുണ്ടായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ 'ഹിറ്റലര്‍' സിനിമയുടെ ലൊക്കേഷനില്‍ പോയി ഈ സിനിമയെ കുറിച്ച് പറയുന്നതും സത്യന്‍ അന്തിക്കാട് ആയതുകൊണ്ട് അദ്ദേഹം ഡേറ്റ് തരുന്നതും. അങ്ങനെയാണ് ഈ സിനിമ സംഭവിക്കുന്നത്.

സിനിമയുടെ ഒരു സ്മാരകം എന്ന നിലയില്‍ മമ്മൂട്ടി 'ഒരാള്‍ മാത്രം' സിനിമയില്‍ ഉപയോഗിച്ച ഒരു ഷര്‍ട്ട് എടുത്ത് ഞാന്‍ സൂക്ഷിച്ച് വച്ചിട്ടുണ്ട്. കഴിഞ്ഞ അദ്ദേഹത്തിന്റെ 70ാം പിറന്നാളിന് ഞാനത് വച്ച് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു.

മമ്മൂട്ടിയെ ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് ഇന്റര്‍വ്യു ചെയ്യാന്‍ പോയ മുതലുള്ള പരിചയം എനിക്കുണ്ട്. ഇത്തരത്തില്‍ സംവിധാനം ചെയ്തതും, നിര്‍മിച്ചതുമായ എന്റെ എല്ലാ സിനിമകളില്‍ നിന്നും ഞാന്‍ ഒരു ഡ്രസ് എടുത്ത് മാറ്റി വയ്ക്കും. അത് എന്റെ ഒരു ശൈലിയാണ്.

എന്റെ ഏറ്റവും വലിയ ഭാഗ്യം എന്ന് പറയുന്നത് തിലകന്‍ ചേട്ടനെയും ശങ്കരാടി ചേട്ടനെയും , ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടനെയുമെല്ലാം പരിചയപ്പെടാന്‍ പറ്റിയതാണ്. ലാലു അലക്‌സ് ഏറ്റവും വ്യത്യസ്തമായ കാരക്ടര്‍ ആ സിനിമയില്‍ ചെയ്തു. സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രം ഹരീന്ദ്രന്‍ എന്ന കോണ്‍ട്രാക്ടറാണ്. ആ കഥാപാത്രം താമസിക്കുന്ന വീട് സെറ്റിട്ടതാണ്. ജോണ്‍സണ്‍ മാഷായിരുന്നു സിനിമയുടെ സംഗീത സംവിധാനം. കൈതപ്രം ആയിരുന്നു ലിറിസിസ്റ്റ്. ജോണ്‍സണ്‍ മാഷിനെ പരിചയപ്പെടാന്‍ പറ്റിയതും റെക്കോര്‍ഡിംഗ് കാണാന്‍ പറ്റിയതും ഇന്നും നല്ല ഓര്‍മകളില്‍ ഒന്നാണ്.

ഒരാള്‍ മാത്രത്തില്‍ കാവ്യ മാധവന്‍, പ്രവീണ എന്നിവരൊക്കെ അതില്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹവുമായി ദീര്‍ഘ നേരം സംസാരിക്കാനും സംവേദിക്കാനും കഴിഞ്ഞു. രാജാമണി ചേട്ടന്‍ ആയിരുന്നു മ്യൂസിക് കണ്ടക്ടര്‍. അദ്ദേഹവുമായി ഒരു ആത്മബന്ധം ഉണ്ടാകാന്‍ 'ഒരാള്‍ മാത്രം' കാരണമായി. പിന്നീട് ഞാന്‍ സംവിധാനം മിക്ക സിനിമകളിലേയും പശ്ചാത്തല സംഗീതം രാജാമണി ചേട്ടന്‍ ആയിരുന്നു. ചെന്നൈയില്‍ എപ്പോള്‍ പോയാലും തിരുനെല്‍വേലി ദോശ കഴിക്കാന്‍ പോയിരുന്നത് ആളുടെ കൂടെയായിരുന്നു. ആളും എഞ്ചിനിയറിംഗ് പഠിച്ച ആളാണ്. സിനിമയുടെ ഡബ്ബിംഗ് ചെയ്ത തിയേറ്റര്‍ എസ്പിബിയുടെ ആയിരുന്നു. അദ്ദേഹത്തെ അവിടെ വച്ച് പരിചയപ്പെടാന്‍ പറ്റി. അങ്ങനെ ഒരുപാട് പേരെ ഈ ചെന്നൈ യാത്രയില്‍ പരിചയപ്പെടാന്‍ പറ്റി. മദ്രാസിലേക്കുള്ള യാത്ര എപ്പോഴും ട്രെയ്‌നില്‍ ആയിരുന്നു. അന്നത്തെ സെക്കന്റ് ക്ലാസ് ഏസി മുഴുവന്‍ സിനിമാക്കാരെ കൊണ്ട് നിറഞ്ഞിരുന്നു. ഒരുപാട് പേരെ അന്ന് പരിചയപ്പെടുകയും നല്ല കുറേ സൗഹൃദങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടിണ്ട്.

ഞങ്ങള്‍ നിര്‍മിക്കുന്ന സിനിമയുടെ ആദ്യ ഘട്ടം എന്ന നിലയില്‍ സോങ് റിക്കോര്‍ഡിംഗിന് ചിത്രയെ പാടാന്‍ വേണ്ടി സോങ് നമ്പര്‍ വണ്‍ കെഎസ് ചിത്ര എന്ന് പറഞ്ഞ് പാടാനായി കയറുകയും പാടുകയും ചെയ്യുന്നത് കാണാനായി ഭാഗ്യം ഉണ്ടായി. ദാസേട്ടന്‍ പാടുന്നത് കാണാന്‍ കഴിഞ്ഞു.

എവിഎം സ്റ്റുഡിയോയിലെ പടത്തിന്റെ പൂജയുടെ അന്ന് റിക്കോര്‍ഡിസ്റ്റ് സമ്പത്ത് സാര്‍ ആണ്. അദ്ദേഹം അന്ന് സോങ് നമ്പര്‍ വണ്‍ എന്ന് പറഞ്ഞ് പാട്ട് റെക്കോര്‍ഡ് ചെയ്യുന്നതാണ് ഇപ്പോഴും എനിക്ക് ഓര്‍മയുള്ളത്. എനിക്ക് രോമാഞ്ചം വരുന്ന നിമിഷങ്ങളാണത്. സിനിമയുടെ കാമറ വിപിന്‍ മോഹനായിരുന്നു. അതിനാല്‍ സ്വാഭാവികമായും കാമറയുടെ പിന്നില്‍ നിന്നുകൊണ്ട് സംവിധാനത്തിന്റെ ആദ്യ ബാല പാഠങ്ങളൊക്കെ പഠിക്കുന്നത് 'ഒരാള്‍ മാത്രം' എന്ന സിനിമയിലൂടെയാണ്. അതിലെ ചൈത്രനിലാവിന്റെ പൊന്‍പീലിയാല്‍ എന്നുള്ള ദാസേട്ടന്‍ പാടിയ പാട്ട് ഭയങ്കര ഹിറ്റാണ്. സ്വാഭാവികമായും നല്ല ഓര്‍മകള്‍ മാത്രമാണ് 'ഒരാള്‍ മാത്രം' എനിക്ക് സമ്മാനിച്ചത്.

സിനിമ എന്ന മായിക ലോകത്തേക്കുള്ള എന്റെ വരവ് അറിയിച്ച സിനിമയും 'ഒരാള്‍ മാത്രം' ആണ്. സിനിമയുടെ 25ാം വാര്‍ഷികം ആഘോഷിക്കാന്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. എന്റെ അടുത്ത ഡയറക്ടോറിയല്‍ മൂവിയുടെ അനൗണ്‍സ്‌മെന്റിനോട് അനുബന്ധിച്ച് സത്യന്‍ അന്തിക്കാടിനെ ഉള്‍പ്പെടെ പ്രതിഭാധനരായ സംവിധായകരെ ആ പരിപാടിയുടെ മുഖ്യാതിഥികളായി കൊണ്ടുവരണം എന്നുള്ള ആഗ്രഹമുണ്ട്.

സത്യന്‍ അന്തിക്കാട് എന്ന കുടുംബ പ്രേക്ഷകരുടെ സംവിധായകന്‍ കുറച്ച് വ്യത്യസ്തമായ രീതിയില്‍ ചെയ്ത ഒരു സിനിമ ആയിരുന്നു 'ഒരാള്‍ മാത്രം'. എല്ലായിടത്ത് നിന്നും നല്ല അഭിപ്രായങ്ങള്‍ ലഭിച്ച ഒരു സിനിമയും കൂടിയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഈ 25 വര്‍ഷങ്ങള്‍ക്കിടയില്‍ 3 സിനിമകള്‍ നിര്‍മിക്കുകയും 3 ഓളം സിനിമകള്‍ വിതരണം ചെയ്യുകയും 9 സിനിമകള്‍ സംവിധാനം ചെയ്യുകയും 10 സിനിമകളില്‍ അഭിനയിക്കുകയും ചെയ്തത് തന്നെ വലിയ കാര്യം. അതിനൊക്കെ നിമിത്തമായതും തുടക്കമായതുമൊക്കെ 'ഒരാള്‍ മാത്രം' ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in