'കിം ജോങ് ഉന്‍ ആണോ, അതോ കിംകി ഡുക്കോ' ; കിം കിം എന്താണെന്നുപറഞ്ഞ് ബി.കെ ഹരിനാരായണന്‍

'കിം ജോങ് ഉന്‍ ആണോ, അതോ കിംകി ഡുക്കോ' ; കിം കിം എന്താണെന്നുപറഞ്ഞ് ബി.കെ ഹരിനാരായണന്‍

Published on

സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക്ക് എന്‍ ജില്‍ എന്ന ചിത്രത്തിലെ കിം കിം എന്ന് തുടങ്ങുന്ന ഗാനം ഇതിനകം സിനിമാ പ്രേമികളുടെയും സംഗീതാസ്വാദകരുടെയും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. 'കാന്താ തൂകുന്നു തൂമണം' എന്ന നാടക ഗാനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ബി.കെ ഹരിനാരായണനാണ് രചന നിര്‍വഹിച്ചത്. രാം സുരേന്ദര്‍ ഈണമിട്ട്‌ നടി മഞ്ജുവാര്യരാണ് പാടിയിരിക്കുന്നത്. രചനാപരമായും ആലാപന ശൈലിയിലും ഏറെ സവിശേഷതകളുള്ള പാട്ടാണിത്. 'കിംകിംകിംകിംകിംകിം, വരാത്തതെന്തേ, മേമേമേമേമേമേമേ' എന്നിങ്ങനെ നീളുന്ന വരികള്‍ സംബന്ധിച്ച് നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ ചോദ്യങ്ങളും സംശയങ്ങളുമായെത്തിയിരുന്നു.

തന്നോടും നിരവധി പേര്‍ അതേക്കുറിച്ച് ചോദിച്ചതായി ബി.കെ ഹരിനാരായണന്‍ പറയുന്നു. ഈ സാഹചര്യത്തില്‍ വരികളുടെ അര്‍ത്ഥം ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുകയാണ് രചയിതാവ്. 'കിം എന്ന വാക്കിന് എന്തേ എന്നര്‍ത്ഥമുണ്ട് സംസ്‌കൃതഭാഷയില്‍.മേ എന്ന വാക്കിന് എനിയ്ക്കുവേണ്ടി, എനിയ്ക്ക് എന്നൊക്കെയാണ് അര്‍ത്ഥം വരുന്നത്.അപ്പോള്‍ മൊത്തം വരിയുടെ അര്‍ത്ഥം 'എന്തേ എനിയ്ക്കുവേണ്ടി വരാത്തതെന്തേ' എന്നാകുമെന്ന് ഹരിനാരായണന്‍ കുറിച്ചു. സൗബിന്‍ ഷാഹിറിന്റെ സംഭാഷണത്തിന്റെ തുടര്‍ച്ചയിലാണ് ഗാനം. മഞ്ജു വാര്യര്‍ക്കും സൗബിനുമൊപ്പം കാളിദാസ് ജയറാമും ജാക്ക് ആന്‍ഡ് ജില്ലില്‍ പ്രധാന കഥാപാത്രമാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്താണ് കിം കിം ? കിം ജോന്‍ യുങ്ങ് ആണോ ? കിം കി ഡുക് ആണോ ? അതോ വരിയൊപ്പിക്കാന്‍ വേണ്ടി എഴുതിയ അക്ഷരമാണോ ? എന്നൊക്കെ തമാശ രൂപേണയും അറിയാനുള്ള ആഗ്രഹം കൊണ്ടും പലരും ചോദിക്കുന്നുണ്ട്. അതുകൊണ്ട് എഴുതുന്നതാണ്.

കിം എന്ന വാക്കിന് എന്തേ എന്നര്‍ത്ഥമുണ്ട് സംസ്‌കൃതഭാഷയില്‍. മേ എന്ന വാക്കിന് എനിയ്ക്കുവേണ്ടി, എനിയ്ക്ക് എന്നൊക്കെയാണ് അര്‍ത്ഥം വരുന്നത് . അപ്പോള്‍ മൊത്തം വരിയുടെ അര്‍ത്ഥം.

എന്തേഎനിയ്ക്കുവേണ്ടി വരാത്തതെന്തേ എന്നാകും.

സംസ്‌കൃതവും മലയാളവും ചേര്‍ത്ത ഒരു രീതിയിലാണ് ഈ വരിയുടെ ഘടന (മണിപ്രവാളം പോലെ എന്നു വേണമെങ്കില്‍ പറയാം ) . പഴയ മലയാളം രചനകളിലും പഴയ കാല 'സംഗീതനാടക ' ത്തിലെ പാട്ടുകളിലുമൊക്കെ ഈ രീതി നിലനിന്നിരുന്നു.

ജാക്ക് എന്‍ ജില്ലിന്റെ (Jack N Jill ) പാട്ടു ചര്‍ച്ചയില്‍ , സന്തോഷേട്ടന്‍ (#SanthoshSivan ) പറഞ്ഞത് പഴയ കാലങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഒരു പാട്ടുവേണമെന്നാണ്. ഞങ്ങള്‍ പല പാട്ടുകളിലൂടെ കടന്നുപോയി. അപ്പോഴാണ് 'ഒരിടത്ത് ' സിനിമയില്‍ ജഗന്നാഥന്‍ സാറിന്റെ കഥാപാത്രം പാടിയ പഴയൊരു പാട്ടിന്റെ വരികളെ കുറിച്ച് ഞാന്‍ പരമര്‍ശിച്ചത് .അത് അദ്ദേഹത്തിനും ഇഷ്ടപ്പെട്ടു .അങ്ങനെ അതിന്റെ ചുവടുപിടിച്ചു പോകാന്‍ തീരുമാനമായി

ഒരിടത്ത് എന്ന .ചിത്രത്തില്‍ അഭിനയിച്ച വേണുച്ചേട്ടനോട് (Nedumudi Venu ) ഇതേ കുറിച്ച് ചോദിച്ചു. അദ്ദേഹമാണ് ഈ പാട്ട് വൈക്കം ങ മണി സര്‍ പാടിക്കേട്ടിട്ടുണ്ടെന്ന് പറഞ്ഞത്. .ഒരു പ്രസിദ്ധീകരണത്തിന് വേണ്ടി വേണുച്ചേട്ടന്‍ മണി സാറിനെ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ ഈ പാട്ടു പാടിയെന്നും ,ഈ കഥ പറഞ്ഞ് കേട്ടാണ് അരവിന്ദന്‍ സര്‍ ചലച്ചിത്രത്തില്‍ ഈ പാട്ടിന്റെ ഭാഗം ഉപയോഗിച്ചതും എന്നും വേണുച്ചേട്ടന്‍ പറഞ്ഞു.

രവിയേട്ടന്‍ ( രവി മേനോന്‍ ) വഴി വൈക്കം M.മണി സാറിന്റെ മകളും , ശ്രീകുമാരന്‍ തമ്പി സാറിന്റെ പത്‌നിയുമായ രാജി ചേച്ചിയോട് സംസാരിച്ചു . അങ്ങനെയാണ് ഇത് പാരിജാതപുഷ്പാഹരണം എന്ന നാടകത്തില്‍ മണി സാര്‍ പാടി അഭിനയിച്ചതാണെന്ന് അറിഞ്ഞത്. തിരുവനന്തപുരം ആകാശവാണി ലൈബ്രറയില്‍ മണി സാര്‍ പാടിയതിന്റെ റക്കോര്‍ഡ് ഉണ്ടെന്നാണ് ഒരു സുഹൃത്ത് വഴി അറിയാന്‍ കഴിഞ്ഞത് .

'കാന്ത തൂകുന്നു തൂമണം' എന്നു തുടങ്ങുന്ന മേല്‍ പറഞ്ഞ പാട്ടിന്റെ രചയിതാവിനേ കുറിച്ചോ ,സംഗീത സംവിധായകനെ കുറിച്ചോ ,നാടകമുണ്ടായ വര്‍ഷത്തെ കുറിച്ചോ ഒന്നും അറിയാന്‍ കഴിഞ്ഞിട്ടില്ല .അന്വേഷണത്തിന്റെ പരിമിതി കൊണ്ടാണത് എന്നറിയാം .ആ അന്വേഷം നടക്കട്ടെ സംഗീത ലോകത്തിന് അത് കണ്ടെത്താന്‍ കഴിയട്ടെ എന്നാണ് വലിയ ആഗ്രഹം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പുല്ലും കല്ലും കട്ടയും നിറഞ്ഞ വയലുകളാണ് ഇത്തരം നാടകങ്ങള്‍ നടന്നിരുന്നത്. മിക്കപ്പോഴും തറയില്‍ തന്നെ കാലടി നൊന്ത് കളിക്കണം പ്രത്യേകിച്ച് സ്റ്റേജ് ഒന്നും ഉണ്ടാവുകയില്ല . മൈക്കില്ല, പാടാന്‍ പിന്നണിക്കാരില്ല. ഉച്ചത്തില്‍ തൊണ്ട പൊട്ടി പാടണം വലിയ ചലനങ്ങളോടെ ആടണം .കാരണം സദസ്സിന്റെ ഏറ്റവും പിന്നിലുള്ള കാണിക്കു വരെ പാടുന്നത് പറയുന്നത് എന്തെന്ന് കേള്‍ക്കണം . നടനം മനസ്സിലാവണം. അതിന് വേദിയോട് വേദി തൊണ്ട പൊട്ടി കീറിയെ പറ്റൂ. ഇങ്ങനെയുള്ള പല കലാകാരന്‍മാര്‍ക്കും ജീവിത വസാനം നീക്കിയിരിപ്പായി ലഭിക്കുന്നത് മാരകമായ ക്ഷയരോഗമാണ്!

ആ ഒരു കാലത്തിന് ,അന്നത്തെ കലാകാരന്‍മാര്‍ക്ക് ,അവര്‍ ജീവിതവും ചോരയും നീരും ഉഴിഞ്ഞു നല്‍കിയുണ്ടാക്കിയ നാടകങ്ങള്‍ക്ക് ഉള്ള എളിയ സമര്‍പ്പണമാണ് ഈ ഗാനം

സ്‌നേഹം എല്ലാര്‍ക്കും

നബി : കിം കിം എന്ന വാക്കിന് ഈ സിനിമയുമായി മറ്റൊരു ബന്ധം കൂടി ഉണ്ടെന്ന് സസ്‌പെന്‍സ്. ഇങ്ങനൊരു പാട്ടുണ്ടാവാന്‍ കാരണക്കാരനായ പ്രിയ സന്തോഷേട്ടനും, രാമേട്ടനും മഞ്ജു ചേച്ചിക്കും സ്‌നേഹം.

Lyricist BK Harinarayanan About His New Song in the Film Jack And Jill

logo
The Cue
www.thecue.in