

ടർക്കിഷ് തർക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തനിക്ക് പങ്കില്ല എന്ന് വ്യക്തമാക്കി നടൻ ലുക്ക്മാൻ. മതവികാരം വ്രണപ്പെട്ടു എന്ന കാരണത്താൽ ചിത്രം തിയറ്ററിൽ നിന്ന് ഒഴിവാക്കി എന്ന വാർത്തയ്ക്ക് പിന്നാലെയാണ് നടന്റെ പ്രതികരണം. റിലീസ് ചെയ്ത ശേഷം തിയേറ്ററിൽ നിന്നും ഈ സിനിമ പിൻവലിച്ചത് നിർമ്മാതാവിൻ്റെയും സംവിധായകനെയും കൂട്ടായ തീരുമാനമാണ് എന്നാണ് തന്റെ അറിവ്. അതിലെ അഭിനേതാവ് എന്ന നിലയിൽ സിനിമ പിൻവലിക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഉത്തരവാദിത്ത പെട്ടവരിൽ നിന്ന് വ്യക്തമായ ഒരു ഉത്തരം തനിക്ക് കിട്ടിയില്ല. ഒരു അഭിനേതാവ് എന്നതിനപ്പുറം ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ എനിക്ക് യാതൊരു പങ്കും ഇല്ല എന്ന വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. സിനിമയുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങൾക്ക് പിന്നിൽ എന്തെങ്കിലും ദുരുദ്വേശമുണ്ടെങ്കിൽ പരിശോധിക്കപ്പെടണമെന്നും ലുക്മാന്റെ ഫേസ്ബുക് കുറിപ്പിൽ പറയുന്നു. സിനിമ പിൻവലിക്കാനുള്ള കാരണത്തെ ചൊല്ലി ധാരാളം ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ലുക്ക്മാൻ ഫേസ്ബുക് കുറിപ്പിലൂടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ലുക്ക്മാന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
ഞാൻ അഭിനേതാവായ ടർക്കിഷ് തർക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന നിർഭാഗ്യകരമായ ചർച്ചകൾ ശ്രദ്ധയിൽ പെട്ടു. രണ്ടര വർഷം മുമ്പ് ചിത്രീകരണം തുടങ്ങിയ സിനിമയാണത്. റിലീസ് ചെയ്ത ശേഷം തിയേറ്ററിൽ നിന്നും ഈ സിനിമ പിൻവലിച്ചത് നിർമ്മാതാവിൻ്റെയും സംവിധായകനെയും കൂട്ടായ തീരുമാനമാണ് എന്നാണ് എന്റെ അറിവ്.
അതിലെ അഭിനേതാവ് എന്ന നിലയിൽ സിനിമ പിൻവലിക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഉത്തരവാദിത്ത പെട്ടവരിൽ നിന്ന് വ്യക്തമായ ഒരു ഉത്തരം എനിക്ക് കിട്ടിയില്ല. ഈ സിനിമയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഭീഷണി എനിക്കോ എന്റെ അറിവിലുള്ള ആർക്കെങ്കിലുമോ വന്നതായി അറിവുമില്ല.
അതുകൊണ്ട് തന്നെ ആ സിനിമയിലെ ഒരു അഭിനേതാവ് എന്നതിനപ്പുറം ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ എനിക്ക് യാതൊരു പങ്കും ഇല്ല എന്ന വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഈ സിനിമയായി ബന്ധപ്പെട്ട നടക്കുന്ന വിവാദത്തിനു പിന്നിൽ എന്തെങ്കിലും ദുരുദ്ദേശങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം അന്വേഷിപ്പിക്കപ്പെടണം എന്ന് തന്നെയാണ് നിലപാട്.