ലിയോ ഒരു ഗംഭീര തിയറ്റര്‍ അനുഭവം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു, സ്പോയിലർ പങ്കുവയ്ക്കരുത്; പ്രേക്ഷകർക്ക് കത്തുമായി ലോകേഷ്

ലിയോ ഒരു ഗംഭീര തിയറ്റര്‍ അനുഭവം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു, സ്പോയിലർ പങ്കുവയ്ക്കരുത്; പ്രേക്ഷകർക്ക്  കത്തുമായി ലോകേഷ്

ലിയോ എന്ന ചിത്രത്തിന്റെ റിലീസിന് ഏതാനും മണിക്കൂറികൾ മാത്രം ബാക്കി നിൽക്കേ നടൻ വിജയ്ക്കും ലിയോയുടെ പിന്നണിയിൽ പ്രവർത്തിച്ചവർക്കും പ്രേക്ഷകർക്കും ആശംസകളും നന്ദിയും അറിയിച്ച് സംവിധായകൻ ലോകേഷ് കനകരാജ്. ലിയോ എന്ന തന്റെ ഈ പ്രൊജക്ടിന് വേണ്ടി ചോരയും നീരും നൽകിയ ഒരോരുത്തരോടുമുള്ള നന്ദി പറയാനുള്ള അവസരമായി ഇതിനെ കണക്കാക്കുന്നു എന്നാണ് കുറിപ്പിൽ ലോകേഷ് പറയുന്നത്. താൻ എന്താണോ ആ​ഗ്രഹിച്ചത് അത് സിനിമയിലേക്ക് കൊണ്ടു വരാൻ എല്ലാം നൽകി കൂടെ നിന്ന നടൻ വിജയ്യോടും തന്റെ പ്രിയപ്പെട്ട പ്രേക്ഷകരോടും ലോകേഷ് നന്ദി പറഞ്ഞു. ഒപ്പം ചിത്രത്തെക്കുറിച്ചുള്ള സ്പോയിലർ പങ്കുവയ്ക്കരുതെന്നും എല്ലാവർക്കും മികച്ച ഒരു സിനിമാറ്റിക്ക് അനുഭവമുണ്ടാകാൻ അവസരമൊരുക്കണമെന്നും ലോകേഷ് ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചു.

ലോകേഷ് കനകരാജിന്റെ കുറിപ്പ്

സിനിമയുടെ റിലീസിന് ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ വളരെ വൈകാരികമായും സ്വപ്‌നതുല്ല്യവുമായ ഒരു അവസ്ഥയിലാണ് ഞാന്‍. എന്റെ വിഷൻ മുന്നിലേക്ക് കൊണ്ടു വരാൻ നിങ്ങളുടെ എല്ലാം നൽകി കൂടെ നിന്ന എന്റെ പ്രിയപ്പെട്ട ദളപതി വിജയ് അണ്ണന് ഞാൻ നന്ദി പറയുന്നു. ഞങ്ങൾ ഏല്ലാവരോടും നിങ്ങൾ കാണിച്ച അതിരില്ലാത്ത അർപ്പണ ഞാൻ എന്നും ബഹുമാനമുള്ളവനായിരിക്കും.

ഈ പ്രോജക്റ്റിലേക്ക് തങ്ങളുടെ ചോരയും വിയര്‍പ്പും നല്‍കിയ ഓരോരുത്തരോടും നന്ദി പറയാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുന്നു. നമ്മള്‍ ലിയോയുടെ ജോലികള്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷത്തിന് മേല്‍ ആയി. സിനിമ നിങ്ങള്‍ക്ക് സമ്മാനിക്കാനായി രാവെന്നോ പകലെന്നോ ഇല്ലാതെ നിര്‍ത്താതെയുള്ള ജോലി ആയിരുന്നു. ഈ ചിത്രത്തിനുവേണ്ടി പ്രവര്‍ത്തിച്ച ഓരോ നിമിഷവും ഞാൻ വിലപ്പെട്ടതായി കരുതുന്നു. ഈ ചിത്രത്തിന്‍റെ ഗംഭീരമായ കാസ്റ്റ് ആന്‍ഡ് ക്രൂവില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചു.

പിന്നെ എന്റെ പ്രിയപ്പെട്ട പ്രേക്ഷകരോട്, എന്നില്‍ നിങ്ങള്‍ ചൊരിഞ്ഞ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ലിയോ നിങ്ങളുടേതാവും. നിങ്ങള്‍ക്ക് ഒരു ഗംഭീര തിയറ്റര്‍ അനുഭവം ഉണ്ടാവുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അതിനൊപ്പം ഒരു കാര്യം അഭ്യര്‍ഥിക്കാനുണ്ട്. ചിത്രത്തെക്കുറിച്ചുള്ള സ്പോയിലറുകള്‍ പങ്കുവെക്കരുതെന്ന് അപേക്ഷിക്കുകയാണ്. ടിക്കറ്റെടുക്കുന്ന ഓരോരുത്തര്‍ക്കും ആഹ്ലാദകരമായ അനുഭവം ഉണ്ടാവണം എന്നതിനാലാണ് അത്.

ഇനി, ഈ ചിത്രം എല്‍സിയുവിന്‍റെ ഭാഗമായി വരുന്ന ഒന്നാണോ അല്ലയോ എന്ന നിങ്ങളുടെ ചോദ്യം, അത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് അറിയാനാവും. ഒരുപാട് സ്നേഹം,

ലോകേഷ് കനകരാജ്

മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം വിജയ്യും ലോകേഷും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. ചിത്രത്തിൽ തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മാത്യു തോമസ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പരമഹംസയാണ്, ആക്ഷന്‍ അന്‍പറിവ് , എഡിറ്റിങ് ഫിലോമിന്‍ രാജ്, ആര്‍ട്ട് എന്‍. സതീഷ് കുമാര്‍ , കൊറിയോഗ്രാഫി ദിനേഷ്, ഡയലോഗ് ലോകേഷ് കനകരാജ്,രത്നകുമാര്‍ & ധീരജ് വൈദി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാം കുമാര്‍ ബാലസുബ്രഹ്മണ്യന്‍.

Related Stories

No stories found.
logo
The Cue
www.thecue.in