നടൻ അജിത് കുമാറിനൊപ്പം സിനിമ ചെയ്യണമെന്ന ആഗ്രഹം തുറന്നു പറഞ്ഞ് സംവിധായകൻ ലോകേഷ് കനകരാജ്. രജിനികാന്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന കൂലിയാണ് അടുത്തതായി പുറത്തു വരാനിരിക്കുന്ന ലോകേഷ് ചിത്രം. കൂലിക്ക് ശേഷം ലോകേഷ് അടുത്തതായി ചെയ്യുന്ന ചിത്രവും പ്രഖ്യാപിച്ചിട്ടുള്ള ചിത്രങ്ങളും എല്ലാം ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്. ഇപ്പോഴിതാ നടൻ അജിത് കുമാറിനൊപ്പം സിനിമ ചെയ്യാൻ താൽപര്യമുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ലോകേഷ്. ഒരു പൊതു പരിപാടിക്കിടെ എല്ലാ സൂപ്പർ സ്റ്റാറുകൾക്കുമൊപ്പം താങ്കൾ സിനിമ ചെയ്യുന്നുണ്ട്, എപ്പോഴാണ് അജിത് സാറുമായി സിനിമ ചെയ്യുന്നത് എന്ന അവതാരകന്റെ ചോദ്യത്തിനാണ് ലോകേഷ് മറുപടി പറഞ്ഞിരിക്കുന്നത്. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ലോകേഷ് പറഞ്ഞത്:
എല്ലാവരും അജിത് സാറിനൊപ്പം വർക്ക് ചെയ്യണമെന്ന് ആഗ്രമുള്ളവരാണ്. എനിക്കും അങ്ങനെയൊരു ആഗ്രഹമുണ്ട്. പെട്ടെന്ന് നടക്കും എന്നാണ് കരുതുന്നത്.
അതേ സമയം രജനികാന്ത് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന 'കൂലി'. ഒരു കമൽ ഹാസൻ ആരാധകൻ രജിനികാന്തിന് വേണ്ടി ചെയ്യുന്ന സിനിമയാണ് കൂലി എന്നാണ് ചിത്രത്തെക്കുറിച്ച് ലോകേഷ് മുമ്പ് പറഞ്ഞത്. രജിനികാന്തിനൊപ്പം സിനിമ ചെയ്യുക എന്നത് തനിക്ക് സ്വപ്നം പോലെയാണ് തോന്നുന്നതെന്നും കമൽ ഹാസനെയും രജിനികാന്തിനെയും സംവിധാനം ചെയ്യുന്നതിൽ വലിയ വ്യത്യാസങ്ങളുണ്ടെന്നും ലോകേഷ് കൂട്ടിച്ചേർത്തു.
ലോകേഷ് കനകരാജ് പറഞ്ഞത്:
രജിനി സാറിനൊപ്പം സിനിമ ചെയ്യുന്നത് ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. കമൽ സാറിനും രജിനി സാറിനൊപ്പവും ജോലി ചെയ്തു എന്നുള്ളത് വലിയ അനുഗ്രഹമായിട്ടാണ് കാണുന്നത്. എല്ലാവർക്കും അറിയാവുന്നത് പോലെ ഞാനൊരു വലിയ കമൽ ഹാസൻ ആരാധകനാണ്. രജിനി സാറിന്റെ സിനിമയ്ക്ക് വേണ്ടി ഒരു കമൽ ആരാധകന് എന്ത് ചെയ്യാൻ കഴിയും എന്നുള്ളതാണ് കൂലിയിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. നമ്മളെല്ലാം ഈ സൂപ്പർ സ്റ്റാറുകളുടെ എല്ലാവരുടേം ഫാനാണ്. കമൽ സാറിന്റെ ഫാനായിരിക്കുമ്പോൾ തന്നെ എനിക്ക് രജിനി സാറിന്റെ സിനിമകളും ഇഷ്ടമാണ്. അദ്ദേഹത്തിന്റെ സിനിമകൾ ആഘോഷിച്ചാണ് നമ്മൾ വളർന്നു വന്നിട്ടുള്ളത്.
സംവിധാനം ചെയ്യുമ്പോൾ ഇരുവരും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. രജിനി സാറിനൊപ്പം കൂലി സിനിമയുടെ 50 ദിവസത്തെ ഷൂട്ടാണ് ഇപ്പോൾ പൂർത്തിയാക്കിയിട്ടുള്ളത്. കഴിഞ്ഞ ഒരു വർഷമായി അദ്ദേഹത്തോട് കഥയെ കുറിച്ച് സംസാരിക്കുന്നുണ്ട്. സംവിധായകന് ചേരുന്ന ഒരു നടനായിട്ടാണ് രജിനി സാറിനെ തോന്നിയിട്ടുള്ളത്. സ്‌ക്രീനിൽ അദ്ദേഹം കൊണ്ടുവരുന്ന മാജിക്ക് എന്ന് പറയുന്നത് നിത്യ ജീവിതത്തിലും അദ്ദേഹത്തിനുണ്ട്. സീനിനെ കുറിച്ച് എപ്പോഴും ഒരുപാട് ആലോചിക്കുന്ന ഒരാളാണ് രജിനിസാർ. താൻ അഭിനയിക്കുമ്പോൾ തൊട്ടടുത്തുള്ള അഭിനേതാവ് എങ്ങനെ പെരുമാറും എന്നുള്ള രീതിയിലാണ് അദ്ദേഹം ആലോചിക്കാറുള്ളത്. അതുകൊണ്ട് തന്നെ എവിടെയും ഇരുന്ന് വിശ്രമിക്കുന്ന ഒരാളല്ല രജിനി സാർ. സജഷൻ ഷോട്ടുകളിൽ മറ്റാരെയെങ്കിലും വെച്ച് ഷൂട്ട് ചെയ്യാം എന്നുണ്ടെങ്കിൽ പോലും അദ്ദേഹം തന്നെ അവിടെ വന്ന് നിൽക്കും. കമൽ സാറിലേക്ക് വരുമ്പോൾ വളരെ വ്യത്യസ്തമായ മറ്റൊരു സ്‌കൂളാണ്. അഭിനേതാവ് എന്നതിനേക്കാൾ താൻ ഒരു ടെക്‌നീഷ്യൻ ആണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അപ്പോൾ നിങ്ങൾക്ക് അവർ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാം. ചെയ്യാൻ പോകുന്ന സീനിനെ കുറിച്ച് ഒരു നടനോടും ടെക്‌നീഷ്യനോടും പറയുന്ന വ്യത്യാസമാണത്. അഭിനയത്തിന്റെ കാര്യത്തിൽ എന്താണ് വ്യത്യാസം എന്നുള്ളത് എനിക്ക് പറഞ്ഞു തരാൻ കഴിയില്ല. നിങ്ങൾ തന്നെ നേരിട്ട് കണ്ട് അനുഭവിക്കേണ്ട ഒന്നാണത്. രണ്ട് ഇതിഹാസങ്ങൾക്ക് ആക്ഷനും കട്ടും പറയുക എന്നത് ഇപ്പോഴും സർ റിയൽ അനുഭവമാണ്.
കൂലിയുടെ 70 ശതമാനം ചിത്രീകരണം പൂർത്തിയായെന്നും ജനുവരി 13 മുതൽ 28 വരെയാണ് നിലവിലെ ഷെഡ്യൂൾ പ്ലാൻ ചെയ്തിരിക്കുന്നതെന്നും രജനികാന്ത് അടുത്തിടെ പറഞ്ഞിരുന്നു. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. 38 വർഷങ്ങൾക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം.