
ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിൽ സാന്നിധ്യമറിയിക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സജീവമാണ്. സംവിധായകൻ രാജ്കുമാർ ഹിരാനിയുടെ മകൻ വീർ ഹിരാനി നായകനാകുന്ന ചിത്രം ഹൻസൽ മേത്തയാകും നിർമ്മിക്കുക എന്നായിരുന്നു റിപ്പോർട്ടുകൾ വന്നത്. എന്നാൽ ആ റിപ്പോർട്ടുകളെ ലിജോ ഇപ്പോൾ നിഷേധിച്ചിരിക്കുകയാണ്. തന്റെ അറിവിൽ അത്തരമൊരു പ്രൊജക്ട് ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ക്യു സ്റ്റുഡിയോയോടായിരുന്നു ലിജോയുടെ പ്രതികരണം.
രാജ്കുമാർ ഹിരാനിയുടെ മകൻ വീർ ഹിരാനി ആദ്യമായി അഭിനയിക്കുന്ന സിനിമ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്നു എന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ സജീവമായത്. ചിത്രത്തിന് സംഗീതം നല്‍കുന്നത് എ ആര്‍ റഹ്‌മാന്‍ ആയിരിക്കുമെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. ഈ ചിത്രത്തെക്കുറിച്ചുളള റിപ്പോർട്ടുകളാണ് ലിജോ നിഷേധിച്ചിരിക്കുന്നത്.
അതേസമയം മോഹൻലാൽ നായകനായ മലൈക്കോട്ടൈ വാലിബനാണ് ലിജോ ജോസിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കഴിഞ്ഞ വർഷം ജനുവരി 25 നായിരുന്നു ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പി.എസ്. റഫീക്കാണ്. ജോൺ മേരി ക്രിയേറ്റിവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവർ ചേർന്നായിരുന്നു സിനിമയുടെ നിർമ്മാണം നിർവഹിച്ചത്.