ലിയോ ഓവര്‍സീസ് വിതരണാവകാശം ഫാര്‍സ് ഫിലിംസിന് ; റെക്കോര്‍ഡ് തുകയ്‌ക്കെന്ന് റിപ്പോര്‍ട്ട്

ലിയോ ഓവര്‍സീസ് വിതരണാവകാശം ഫാര്‍സ് ഫിലിംസിന് ;  റെക്കോര്‍ഡ് തുകയ്‌ക്കെന്ന് റിപ്പോര്‍ട്ട്

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ലിയോയുടെ ഓവര്‍സീസ് അവകാശം സ്വന്തമാക്കി ഫാര്‍സ് ഫിലിംസ്. 60 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഓവര്‍സീസ് വിതരണാവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 'ലിയോ'യുടെ വിതരണവകാശം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഈ വര്‍ഷത്തെ ഏറ്റവും വലിയ ഇന്ത്യന്‍ റിലീസ് ആകും ചിത്രമെന്നും ഫാര്‍സ് ഫിലിംസിന്റെ ചെയര്‍മാനും സ്ഥാപകനുമായ അഹമ്മദ് ഗൊല്‍ചിന്‍ അറിയിച്ചു. ചിത്രം ഒക്ടോബര്‍ 19 ന് പൂജാ റിലീസ് ആയി തിയറ്ററുകളിലെത്തും.

ലിയോയുടെ കേരളത്തിലെ വിതരണാവകാശം 16 കോടി രൂപക്ക് ഗോകുലം മൂവീസ് ആണ് സ്വന്തമാക്കിയത്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് കേരളത്തില്‍ വിതരണത്തിന് എത്തുന്ന ഇതരഭാഷ ചിത്രമായി മാറിയിരിക്കുകയാണ് 'ലിയോ'. ഒപ്പം കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്ന ഇതരഭാഷ ചിത്രവുമാകും 'ലിയോ'. നേരത്തെ കേരളത്തിലെ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക് ചിത്രം കേരളത്തില്‍ വിതരണത്തിനെടുക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ഫിയോക് എക്സിക്യൂട്ടിവ് അംഗവും ഷേണോയ്‌സ് ഗ്രൂപ്പ് തിയറ്ററുകളുടെ ഉടമയുമായ സുരേഷ് ഷേണായ് ഈ വാര്‍ത്ത തെറ്റാണെന്നു ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചിരുന്നു.

കമല്‍ഹാസന്‍ ചിത്രം 'വിക്ര'മിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലിയോ'. ലളിത് കുമാറിന്റെ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസും ജഗദീഷ് പളനിസ്വാമിയുടെ ദ റൂട്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, മിഷ്‌കിന്‍, ഗൗതം മേനോന്‍, ബാബു ആന്റണി, മാത്യൂ തോമസ് എന്നിവരാണ് ലിയോയിലെ മറ്റു താരങ്ങള്‍. 'മാസ്റ്റര്‍' എന്ന സിനിമക്ക് ശേഷം ലോകേഷും വിജയ്യും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ലിയോക്കുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പരമഹംസയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in