'സാറിന് സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന്റെ തലേ ദിവസം പനി പിടിക്കും, എനിക്കും അത് പകർന്ന് കിട്ടിയിട്ടുണ്ട്'; കമലിനെക്കുറിച്ച് ലാൽ ജോസ്

'സാറിന് സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന്റെ തലേ ദിവസം പനി പിടിക്കും, എനിക്കും അത് പകർന്ന് കിട്ടിയിട്ടുണ്ട്'; കമലിനെക്കുറിച്ച് ലാൽ ജോസ്

വളരെ കുറച്ചു പേർക്ക് മാത്രമേ കമൽ സാറിന്റെ അസിസ്റ്റന്റായി വന്നതിന് ശേഷം അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാൻ‌ സാധിച്ചിട്ടുള്ളൂ എന്നാൽ ഷെെന് അതിനുള്ള ഭാ​ഗ്യം ലഭിച്ചു എന്ന് സംവിധായകൻ ലാൽ ജോസ്. എത്ര സിനിനമകൾ ചെയ്താലും സിനിമയുടെ ഷൂട്ടിം​ഗ് തുടങ്ങുന്നതിന്റെ തലേ ദിവസം കമൽ സാറിന് പനി വരും എന്നും ആ ശീലം തനിക്കും പകർന്നു കിട്ടിയിട്ടുണ്ടെന്നും ലാൽ ജോസ് പറയുന്നു. എന്റെ സിനിമയിൽ ജോലി ചെയ്തതിന് ശേഷം കമൽ സാറിന്റെ സെറ്റിലേക്ക് പോയവരെല്ലാം ഞാൻ അദ്ദേഹത്തിന്റെ ഡ്യൂപ്പാണോ എന്ന് ചോദിച്ചിട്ടുണ്ടെന്നും ലാൽ ജോസ് പറഞ്ഞു. ഒമ്പത് വർഷം അദ്ദേഹത്തിനൊപ്പം തന്നെയായിരുന്നു ഞാൻ. അച്ഛന്റെ ഛായ മക്കൾക്ക് ഉണ്ടാകുന്നത് പോലെ തനിക്കും അദ്ദേഹത്തിന്റെ മാനറിസങ്ങളെല്ലാം ഉണ്ടെന്നും കമൽ തനിക്ക് അച്ഛൻ തന്നെയാണെന്നും വിവേകാനന്ദൻ വെെറലാണ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കവേ ലാൽ ജോസ് പറഞ്ഞു.

ലാൽ ജോസ് പറഞ്ഞത്:

കമൽ സാറിന്റെ സ്കൂളിന്റെ ഏറ്റവും വലിയ പ്രത്യേകത എത്ര വർഷം കഴിഞ്ഞാലും എത്ര സിനിമകൾ ചെയ്താലും കമൽ സാറിന് എപ്പോഴും അടുത്ത സിനിമയുടെ ഷൂട്ടിം​ഗ് തുടങ്ങുന്നതിന്റെ തലേദിവസം പനി വരും, അത് ഞങ്ങൾക്ക് ഒക്കെ പകർന്നിട്ടുണ്ട്. എനിക്കും എല്ലാ സിനിമ തുടങ്ങുന്നതിന് മുമ്പ് പനി വരും, കയ്യും കാലും വിറയ്ക്കും, എത്ര സ്റ്റേജുകൾ കയറിയാലും വീണ്ടും ഒരു സ്റ്റേജിൽ വരുമ്പോൾ ആദ്യമായിട്ട് സ്റ്റേജിൽ കയറുമ്പോഴുള്ള പോലെയൊരു ഫീലിങ്ങാണ്. എന്റെ സിനിമയിൽ അഭിനയിച്ചിട്ടുള്ള ചില ആളുകൾ അതിന് ശേഷം കമൽ സാറിന്റെ സിനിമകളിൽ അഭിനയിക്കാൻ പോയതിന് ശേഷം തിരിച്ചു വരുമ്പോൾ നിങ്ങൾ ഡ്യൂപ്പാണല്ലേ എന്ന് ചോദിക്കാറുണ്ട്. എനിക്ക് കമൽ സാറിന്റെ ഒരുപാട് മാനറിസം ഉണ്ട് എന്നാണ് പലരും പറയുന്നത്. ഞാൻ അത് തിരിച്ചറിഞ്ഞിട്ടില്ല. കാരണം ഒമ്പത് വർഷങ്ങൾ കമൽ സാറിനൊപ്പമായിരുന്നു. അപ്പന്റെ ഛായ മക്കൾക്ക് ഉണ്ടാകും എന്ന് പറയുന്നത് പോലെ എന്റെ സിനിമയിലെ അപ്പനാണ് അദ്ദേഹം. എന്റെ അപ്പനാണ് എന്നെ ഇരുപത്തിയൊന്ന് വയസ്സ് വരെ നോക്കിയിട്ടുള്ളത് അതിന് ശേഷം കമൽ സാറും. അതുകൊണ്ട് എന്റെ അപ്പൻ തന്നെയാണ് അദ്ദേഹം. ഞങ്ങൾക്കെല്ലാവർക്കും കമൽ സാറിന്റെ മാനറിസവും ഛായയും ഒക്കെയുണ്ട്, സിനിമയോടുള്ള കമൽ സാറിന്റെ അപ്രോച്ചാണ് ഞങ്ങളെ ഇന്ന് ഇവിടെ നിൽക്കാൻ പ്രാപ്തരാക്കിയത്.

ഷൈൻ ടോം ചാക്കോയെ നായകനാക്കി കമൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വിവേകാനന്ദൻ വൈറലാണ്. സ്വാസികയും ​ഗ്രേസ് ആന്റണിയുമാണ് ചിത്രത്തിൽ നായികമാർ. സർക്കാർ ഉദ്യോ​ഗസ്ഥനായ വിവേകാനന്ദൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഷൈൻ അവതരിപ്പിക്കുന്നത്. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in