
2025ലെ ഏറ്റവും വലിയ മലയാളം റിലീസായ എമ്പുരാൻ ട്രെയിലർ അർദ്ധരാത്രി പുറത്തിറക്കി അണിയറപ്രവർത്തകർ. 3 മിനുട്ടും അമ്പത് സെക്കൻഡുമുള്ള ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്. ലൂസിഫറിൽ നിന്ന് എമ്പുരാൻ എന്ന സീക്വലിലേക്ക് എത്തുമ്പോൾ അവതരണത്തിലും സ്വഭാവത്തിലും ചിത്രീകരണ രീതിയിലും കഥ പറച്ചിലിലുമെല്ലാം ഒരു ഹോളിവുഡ് ആക്ഷൻ ത്രില്ലറിന്റെ നിലവാരത്തിലേക്ക് ഉയരുന്ന സിനിമയെന്ന സൂചന ട്രെയിലറിൽ കാണാം. സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിൽ നിന്ന് ഖുറേഷി അബ്രാം എന്ന അണ്ടർ വേൾഡ് കിംഗിലേക്കുള്ള യാത്രയും പശ്ചാത്തലവുമെല്ലാം പ്രമേയാണ്. ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണ് ചിത്രമെന്ന സൂചനയും ട്രെയിലറിലുണ്ട്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രം കൂടിയാണ് എമ്പുരാൻ. മലയാളത്തിലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ പഴങ്കഥയാക്കുന്ന മോഹൻ ലാലിന്റെ തിരികെ വരവാണ് എമ്പുരാന് മുകളിലുള്ള ആരാധകരുടെ പ്രതീക്ഷ.
മുരളി ഗോപി തിരക്കഥ രചിച്ച എമ്പുരാൻ മാർച്ച് 27 ന് ഇന്ത്യൻ സമയം രാവിലെ 6 മണിക്കാണ് ഇന്ത്യയിലും ആഗോള തലത്തിലും പ്രദർശനം ആരംഭിക്കുന്നത്. തമിഴ്നാടിന് പുറമേ പാൻ ഇന്ത്യൻ തലത്തിലും വമ്പൻ കമ്പനികളാണ് ചിത്രം റിലീസ് ചെയ്യുക. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കർണാടകയിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ കന്നഡയിലെ വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.
2019 ൽ എത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി റിലീസ് ചെയ്യുന്ന എമ്പുരാൻ മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ്. മോഹൻലാൽ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. ഗൾഫ്, യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ വിദേശ മാർക്കറ്റുകളിൽ ഇതിനോടകം ചിത്രത്തിൻ്റെ ബുക്കിംഗ് ആരംഭിക്കുകയും റെക്കോർഡ് പ്രീ സെയിൽസ് നേടുകയും ചെയ്തിട്ടുണ്ട്.
ഛായാഗ്രഹണം- സുജിത് വാസുദേവ്, സംഗീതം- ദീപക് ദേവ്, എഡിറ്റർ- അഖിലേഷ് മോഹൻ, കലാസംവിധാനം- മോഹൻദാസ്, ആക്ഷൻ- സ്റ്റണ്ട് സിൽവ, ക്രിയേറ്റിവ് ഡയറക്ടർ - നിർമൽ സഹദേവ്
എമ്പുരാൻ്റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം ഗോപാലൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ്. തമിഴ്നാട് ഉടനീളം ശ്രീ ഗോകുലം മൂവീസിൻ്റെ ഡിസ്ട്രിബ്യൂഷൻ ശൃംഖലയിലൂടെ ചിത്രം വമ്പൻ റിലീസായെത്തും. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ഈ ചിത്രം ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.