40 കോടി വേണ്ടെന്ന് വച്ച് മമ്മൂട്ടി 'കുറുപ്പ്' തിയേറ്ററില്‍ എത്തിച്ചെന്ന് ഫിയോക് പ്രസിഡന്റ്

40 കോടി വേണ്ടെന്ന് വച്ച് മമ്മൂട്ടി 'കുറുപ്പ്' തിയേറ്ററില്‍ എത്തിച്ചെന്ന് ഫിയോക് പ്രസിഡന്റ്

കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം പ്രേക്ഷകരും തിയേറ്റര്‍ ഉടമകളും ഏറെ പ്രതീക്ഷകളോടെയാണ് ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പിന്റെ റിലീസിനായി കാത്തിരിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ് 40 കോടിയാണ് കുറുപ്പിന് നല്‍കിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഇടപെടല്‍ കൊണ്ടാണ് കുറുപ്പ് തിയേറ്ററിലെത്തുന്നത്. കേരളത്തിലെ തീയേറ്ററുകള്‍ക്ക് വേണ്ടി ഒരു നടനെന്ന നിലയില്‍ കുറുപ്പ് തിയേറ്ററിലെത്തിക്കാന്‍ മമ്മൂട്ടി താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു എന്ന് ഫിയോക്ക് പ്രസിഡന്റ് വിജയ്കുമാര്‍ ദ ക്യുവിനോട് പറഞ്ഞു.

ഒക്ടോബര്‍ 25ന് സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറന്നതിന് പിന്നാലെ തന്നെ കുറുപ്പ് തിയേറ്റര്‍ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു. തിയേറ്റര്‍ റിലീസിനായി കുറുപ്പിന്റെ നിര്‍മ്മാതാക്കള്‍ ഒരു നിബന്ധനകളും മുന്നോട്ട് വെച്ചിരുന്നില്ല. അതിനാല്‍ തിയേറ്റര്‍ ഉടമകള്‍ ചിത്രത്തിന് വേണ്ടി പരമാവധി സഹായം ചെയ്ത് കൊടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു എന്നും വിജയകുമാര്‍ വ്യക്തമാക്കി.

'തിയേറ്റര്‍ തുറന്ന സാഹചര്യത്തില്‍ കുറുപ്പ് തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാനാണ് മമ്മൂട്ടിയും ദുല്‍ഖറും താത്പര്യപ്പെട്ടത്. അതുകൊണ്ട് അവര്‍ ഒന്നും ആവശ്യപ്പെടാതെ തന്നെ തിയേറ്റര്‍ ഉടമകള്‍ ചിത്രത്തിന് വേണ്ടി പരമാവധി സഹായം ചെയ്ത് കൊടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. അതിനാല്‍ തിയേറ്റര്‍ ഉടമകള്‍ ഒന്നടങ്കം കുറുപ്പിന്റെ വിജയത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക കൂടിയാണ് എന്ന് പറയാം. തിയേറ്റര്‍ റിലീസുമായി ബന്ധപ്പെട്ട് കർശനമായ തീരുമാനമൊന്നും മമ്മൂട്ടി എടുത്തിരുന്നില്ല. കേരളത്തിലെ തീയേറ്ററുകള്‍ക്ക് വേണ്ടി ഒരു നടനെന്ന നിലയില്‍ കുറുപ്പ് തിയേറ്ററിലെത്തിക്കാന്‍ മമ്മൂട്ടി സ്‌നേഹപൂര്‍വ്വമായ ഇടപെടലാണ് നടത്തിയത്. അത് സിനിമയുടെ നിര്‍മ്മാതാക്കള്‍ സ്വീകരിക്കുകയും ചെയ്തു. പിന്നീട് കുറുപ്പിന്റെ നിര്‍മ്മാതാക്കള്‍ തിയേറ്റര്‍ റിലീസിനായി ഞങ്ങളെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു.' - വിജയകുമാര്‍

നവംബര്‍ 12നാണ് കുറുപ്പ് തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറ് മാസത്തോളമാണ് കുറുപ്പിന്റെ ചിത്രീകരണം നീണ്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in