തന്റെ കരിയറിലെ ഏറ്റവും നല്ല ഫൈറ്റ് കോറിയോഗ്രഫി ആണ് 'ഓഫീസർ ഓൺ ഡ്യൂട്ടി'യിലേത് എന്ന് ആളുകൾ പറയുന്നതിൽ സന്തോഷമുണ്ടെന്ന് നടൻ കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോ ബോബൻ പോലീസ് വേഷത്തിലെത്തിയ ചിത്രമാണ് 'ഓഫീസർ ഓൺ ഡ്യൂട്ടി'. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ നായക പ്രതിനായക കഥാപാത്രങ്ങളിൽ ആരാണ് പൂർണ്ണമായും ശരി അല്ലെങ്കിൽ ആരാണ് പൂർണ്ണമായും തെറ്റ് എന്ന് നമുക്ക് പറയാൻ സാധിക്കില്ലെന്നും അത്തരത്തിലുള്ള കഥാപാത്രസൃഷ്ടിയാണ് ചിത്രത്തിലേത് എന്നും 'ഓഫീസർ ഓൺ ഡ്യൂട്ടി'യുടെ പ്രസ്സ്മീറ്റിൽ പങ്കെടുത്ത് സംസാരിക്കവേ കുഞ്ചാക്കോ ബോബൻ പറഞ്ഞു.
കുഞ്ചാക്കോ ബോബൻ പറഞ്ഞത്:
ഞാൻ ഇതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല ഫൈറ്റ് കോറിയോഗ്രഫി ആണ് 'ഓഫീസർ ഓൺ ഡ്യൂട്ടി'യിലേത് എന്ന് പറയുന്നത് കേൾക്കുമ്പോൾ എനിക്ക് വലിയ സന്തോഷമുണ്ട്. അതിനൊരു ഇമോഷണൽ ബാക്കിംഗും കൂടി ഉള്ളത് കൊണ്ടാണ് ക്ലൈമാക്സിലെ ഫൈറ്റുകളടക്കം അത്രയും ഇംപാക്ട്ഫുൾ ആയത്. ശരിക്കും ഈ സിനിമയിൽ നായകന്റെയും വില്ലന്റെയും വശത്ത് നിന്ന് നോക്കുകയാണെങ്കിൽ ഇവരിൽ ആരുടെ ഭാഗത്താണ് 100 ശതമാനം ശരി അല്ലെങ്കിൽ 100 ശതമാനം തെറ്റ് എന്ന് നമുക്ക് എടുത്ത് പറയാൻ സാധിക്കില്ല. ചില സമയത്ത് ഹരിശങ്കർ ചെയ്യുന്നത് തെറ്റല്ലേ എന്ന് നമുക്ക് തോന്നിപ്പോകാം. ചില സമയത്ത് ഇതിലെ വില്ലൻ കഥാപാത്രങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ എവിടെയോ ഒരു ന്യായീകരണമില്ലേ എന്നും നമുക്ക് സംശയം തോന്നാം. അത് മാനുഷികമാണ്. എല്ലാവരും 100 ശതമാനം ക്ലീൻ ആയിട്ടുള്ള ആളുകളല്ല. അതുപോലെ തെറ്റും അല്ല. അങ്ങനെ ഒരു രീതിയിൽ തന്നെയാണ് ഈ സിനിമയിലെ കഥാപാത്രങ്ങളെല്ലാം. പോലീസ് ചെയ്യുന്ന കാര്യങ്ങളെല്ലം നൂറ് ശതമാനം നിയമാനുസൃതമാണോ എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരവും ഈ സിനിമ കാണുമ്പോൾ നമുക്ക് ലഭിക്കും. അത് തന്നെയാണ് ഈ സിനിമയെ പ്രേക്ഷകർക്ക് ഇടയിലേക്ക് കൊണ്ടു വരാൻ സഹായിച്ചിട്ടുള്ളതും. ഒരു സാധാരണക്കാരന് സംഭവിക്കാവുന്ന കാര്യങ്ങളാണ് ഈ സിനിമയിൽ.
മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര്‍ ചേർന്നാണ് 'ഓഫീസർ ഓൺ ഡ്യൂട്ടി' നിർമിച്ചിരിക്കുന്നത്. 'ജോസഫ്', 'നായാട്ട്' സിനിമകളുടെ തിരക്കഥാകൃത്തും 'ഇലവീഴപൂഞ്ചിറ'യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കിയത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്. 'കണ്ണൂർ സ്‌ക്വാഡി'ന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ചമൻ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിൽ ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിലെത്തുന്നു. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണെക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് ചാക്കോ, നിദാദ് കെ.എൻ, പ്രൊഡക്‌ഷൻ ഡിസൈൻ: ദിലീപ് നാഥ്, ആർട്ട് ഡിറക്ടർ: രാജേഷ് മേനോൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ക്രിയേറ്റീവ് ഡിറക്ടർ: ജിനീഷ് ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡിറക്ടർ: ദിനിൽ ബാബു & റെനിത് രാജ്, അസോസിയേറ്റ് ഡിറക്ടർ: സക്കീർ ഹുസൈൻ, അസിസ്റ്റന്‍റ് ഡിറക്ടർ: ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോജി, സെക്കൻഡ് യൂണിറ്റ് ഡിഒപി: അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ & സുഹൈൽ, പബ്ലിസിറ്റി ഡിസൈൻസ് ഓൾഡ് മോങ്ക്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്, പി ആർ ഓ പ്രതീഷ് ശേഖർ.