
സംഭവ വിവരണം നാലര സംഘം മലയാളത്തിലെ ഏറ്റവും ചെലവേറിയ വെബ് സീരീസാണ് എന്ന് സംവിധായകൻ കൃഷാന്ത്. തനിക്ക് ഇതിലും കൂടുതൽ ബഡ്ജറ്റ് കിട്ടിയേനേ എന്നും അത് മനപ്പൂർവ്വം വേണ്ടെന്ന് വച്ചതാണ് എന്നും കൃഷാന്ത് ക്യു സ്റ്റുഡിയോയോട് പറയുന്നു. സഞ്ജു ശിവറാം കേന്ദ്ര കഥപാത്രമായെത്തി സോണി ലിവിലൂടെ പ്രദർശനം തുടരുന്ന കൃഷാന്ത് ആർ.കെ യുടെ ഏറ്റവും പുതിയ വെബ് സീരീസാണ് സംഭവ വിവരണം നാലര സംഘം.
കൃഷാന്തിന്റെ വാക്കുകൾ
മലയാളത്തിലെ ഏറ്റവും ചെലവേറിയ വെബ് സീരീസാണ് സംഭവ വിവരണം നാലര സംഘം. സത്യത്തിൽ ഇതല്ലായിരുന്നു, ഇതിലും കൂടുതലായിരുന്നു സീരീസിന്റെ ബഡ്ജറ്റ്. എനിക്ക് കുറച്ചുകൂടി ബഡ്ജറ്റ് വേണമായിരുന്നു. എന്നോട് പറഞ്ഞത്, നിങ്ങൾ ഇതിലേക്ക് മറ്റ് സ്റ്റാറുകളെ കൂടെ ഉൾക്കൊള്ളിക്കാൻ സാധിക്കുമെങ്കിൽ, ഇനിയും ബഡ്ജറ്റ് അനുവദിക്കാം എന്നായിരുന്നു. പക്ഷെ, ഞങ്ങൾക്ക് അത് സാധിക്കില്ലായിരുന്നു. കാരണം, ഈ പ്രോജക്റ്റ് നമ്മൾ കുറേ കാലമായി ഡിസ്കസ് ചെയ്തുകൊണ്ടിരുന്നതാണ്, നമ്മൾ എല്ലാവരും ഒരു ടീമാണ്. അതുകൊണ്ട്, മറ്റാരെയെങ്കിലും വച്ച് ചെയ്യാൻ എനിക്ക് താൽപര്യമില്ലായിരുന്നു. ഈ ബഡ്ജറ്റിന്റെ ഏറ്റവും വലിയ ഗുണം എന്തെന്നാൽ, എനിക്ക് പല കാര്യങ്ങളും ലൊക്കേഷനിൽ വെച്ച് ഇംപ്രൊവൈസ് ചെയ്യാനും അത് ഇംപ്ലിമെന്റ് ചെയ്യാനും സാധിച്ചിരുന്നു. അതായത്, ഉദാഹരണത്തിന്, സിനിമാറ്റോഗ്രഫിക്ക് ഇത്ര രൂപയാണ് ബഡ്ജറ്റിൽ മാറ്റിവച്ചിരിക്കുന്നത് എങ്കിൽ, അതിൽ കൂടുതൽ ചെലവാക്കേണ്ട സാഹചര്യം വന്നാൽ, സ്പോട്ടിൽ വേറെ എവിടെയെങ്കിലും കുറയ്ക്കാനുള്ള കോൾ എടുക്കും. എന്നിട്ട്, ഇത് പോസിബിളാക്കും. അങ്ങനെ പ്രോ ആക്ടീവായ തീരുമാനങ്ങൾ വളരെ പെട്ടന്ന് കൈക്കൊള്ളാൻ ഈ സെറ്റിൽ സ്വാതന്ത്ര്യമുണ്ടായിരുന്നു.