'കൊള്ള'യില്‍ മോഷണം അവതരിപ്പിക്കുന്നത് അതിശയോക്തിയില്ലാതെ ; ത്രില്ലര്‍ ചിത്രത്തെക്കുറിച്ച് വിനയ് ഫോര്‍ട്ട്

'കൊള്ള'യില്‍ മോഷണം അവതരിപ്പിക്കുന്നത് അതിശയോക്തിയില്ലാതെ ; ത്രില്ലര്‍ ചിത്രത്തെക്കുറിച്ച് വിനയ് ഫോര്‍ട്ട്

നവാഗതനായ സൂരജ് വര്‍മ്മ സംവിധാനം ചെയ്ത് രജിഷ വിജയന്‍, പ്രിയ വാര്യര്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് 'കൊള്ള'. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഒരു ബാങ്ക് മോഷണമാണ് ചിത്രത്തിന്റെ പ്രമേയമെന്ന് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നുണ്ട്. ത്രില്ലര്‍ ഴോണറിലുള്ള ചിത്രമാണ് 'കൊള്ള'യെങ്കിലും അതിശയോക്തിയോടെയല്ല ചിത്രം അവതരിപ്പിക്കുന്നതെന്ന് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിക്കുന്ന നടന്‍ വിനയ് ഫോര്‍ട്ട് പറഞ്ഞു. കോട്ടയം-ഏറ്റുമാനൂര്‍ പോലൊരു സ്ഥലത്ത് നടക്കുന്ന ഒരു മോഷണവും, അതുമായി ബന്ധപ്പെട്ട അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്നും ചിത്രത്തില്‍ രജിഷ വിജയനും, പ്രിയ പ്രകാശ് വാര്യര്‍ക്കും എതിര്‍വശത്ത് വരുന്ന കഥാപാത്രമാണ് താന്‍ അവതരിപ്പിക്കുന്നതെന്നും വിനയ് ഫോര്‍ട്ട് ദ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വിനയ് ഫോര്‍ട്ട് പറഞ്ഞത്;

രജിഷയും പ്രിയയും അവതരിപ്പിക്കുന്ന പ്രധാനകഥാപാത്രങ്ങള്‍ക്ക് എതിര്‍ഭാഗത്ത് നില്‍ക്കുന്നയാളാണ് എന്റെ കഥാപാത്രം. ത്രില്ലര്‍ ഴോണറിലുള്ള ചിത്രമാണ്. പക്ഷെ നമ്മുടെ ചുറ്റുപാടും നടക്കുന്ന ഒരു കഥയാണ്. കോട്ടയം-ഏറ്റുമാനൂര്‍ ഒക്കെ പോലുള്ള ഒരു സ്ഥലത്ത് നടക്കുന്ന മോഷണവും, അതുമായി ബന്ധപ്പെട്ട അന്വേഷണവുമാണ് ചിത്രം. എനിക്കീ തിരക്കഥയില്‍ ഇന്ററസ്റ്റിംഗ് ആയി തോന്നിയ ഒരു കാര്യം ഇതൊട്ടും തന്നെ അതിശയോക്തിയോട് കൂടിയല്ല അവതരിപ്പിച്ചിരിക്കുന്നതാണ്. നമുക്ക് പെട്ടന്ന് കഥാപാത്രങ്ങളുമായി റിലേറ്റ് ചെയ്യാന്‍ കഴിയും.

ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ കഥക്ക് തിരക്കഥയെഴുതിയിരിക്കുന്നത് ഡോക്ടര്‍മാരായ ജാസിം ജലാലും നെല്‍സന്‍ ജോസഫും ചേര്‍ന്നാണ്. രജീഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെവി രജീഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ലച്ചു രജീഷ് സഹനിര്‍മാതാവാണ്. സംഗീത സംവിധാനം ഷാന്‍ റഹ്‌മാന്‍. രാജാവേല്‍ മോഹനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

അലന്‍സിയര്‍, പ്രശാന്ത് അലക്സാണ്ടര്‍, ജിയോ ബേബി , ഷെബിന്‍ ബെന്‍സന്‍, പ്രേം പ്രകാശ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം ജൂണ്‍ 9 ന് തിയേറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in