കൊച്ചി ആര്‍.ഐ.എഫ്.എഫ്.കെ; ഡെലിഗേറ്റ് രജിസ്‌ട്രേഷന് മികച്ച പ്രതികരണം

കൊച്ചി ആര്‍.ഐ.എഫ്.എഫ്.കെ; ഡെലിഗേറ്റ് രജിസ്‌ട്രേഷന് മികച്ച പ്രതികരണം

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന റീജണല്‍ അന്താരാഷ്ട്ര ചലച്ചിത്രമേള (ആര്‍.ഐ.എഫ്.എഫ്.കെ)യുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചു വരെ എറണാകുളം സരിത, സവിത, കവിത തിയേറ്ററുകളിലാണ് മേള നടക്കുന്നത്.

26ാമത് ഐ.എഫ്.എഫ്.കെയില്‍ ശ്രദ്ധേയമായ 70 ഓളം ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. സുവര്‍ണചകോരം ലഭിച്ച 'ക്‌ളാരാ സോള', പ്രേക്ഷകപ്രീതി ഉള്‍പ്പെടെ മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ച 'കൂഴങ്കല്‍', മികച്ച സംവിധായകനുള്ള രജത ചകോരം നേടിയ 'കമീല കംസ് ഔട്ട് റ്റുനൈറ്റ്, ഫിപ്രസ്‌കി, നെറ്റ്പാക് പുരസ്‌കാരങ്ങള്‍ നേടിയ 'ആവാസവ്യൂഹം', 'നിഷിദ്ധോ', 'കുമ്മാട്ടി'യുടെ റെസ്റ്ററേഷന്‍ ചെയ്ത പതിപ്പ് തുടങ്ങി 26ാമത് ഐ.എഫ്.എഫ്.കെയിലെ പ്രധാനപ്പെട്ട എല്ലാ ചിത്രങ്ങളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മേളയുടെ ഭാഗമായി, ആദ്യകാല പ്രസ് ഫോട്ടോഗ്രാഫറും 'ചെമ്മീനി'ന്റെ നിശ്ചല ഛായാഗ്രാഹകനുമായ ശിവന്റെ ചലച്ചിത്രസംബന്ധിയായ ഫോട്ടോകളുടെ പ്രദര്‍ശനം, മലയാള സിനിമയുടെ ടൈറ്റില്‍ ഡിസൈനിന്റെ ചരിത്രം പറയുന്ന അനൂപ് രാമകൃഷ്ണന്റെ ഫെലോഷിപ്പ് പ്രബന്ധത്തിലെ പേജുകളുടെ ഡിജിറ്റല്‍ പ്രദര്‍ശനം എന്നീ എക്‌സിബിഷനുകളും ഒരുക്കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥി വിഭാഗത്തിന് 250 രൂപയും പൊതുവിഭാഗത്തിന് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. സിനിമാ രംഗത്ത് അസിസ്റ്റന്റും അസോസിയേറ്റുമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദ്യാര്‍ത്ഥികളുടെ അതേ നിരക്കില്‍ ഡെലിഗേറ്റ് ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. https://registration.iffk.in/ എന്ന വെബ്‌സൈറ്റില്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. മേളയോടനുബന്ധിച്ച് ഓപണ്‍ ഫോറം, സെമിനാറുകള്‍, സിംപോസിയം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in