'വലിയ വലിയ സെറ്റുകൾ എന്നെ ഭയപ്പെടുത്തില്ലെന്ന് കരുതിയിടത്തേക്കാണ് ഒരു ഈച്ച വന്ന് എനിക്ക് പേടിസ്വപ്നമായത്'; കെ.കെ സെന്തിൽ കുമാർ

'വലിയ വലിയ സെറ്റുകൾ എന്നെ ഭയപ്പെടുത്തില്ലെന്ന് കരുതിയിടത്തേക്കാണ് ഒരു ഈച്ച വന്ന് എനിക്ക് പേടിസ്വപ്നമായത്'; കെ.കെ സെന്തിൽ കുമാർ

കരിയറിൽ ഷൂട്ട് ചെയ്യാൻ ഏറ്റവും കഷ്ടപ്പെട്ട ഹീറോ ഈ​ഗയിലെ ഈച്ചയാണെന്ന് ഛായാ​ഗ്രാഹകൻ കെ.കെ സെന്തിൽ കുമാർ. രാജമൗലി എന്നോട് പറ‍ഞ്ഞിരുന്നു ഈച്ച ഇങ്ങനെ നടക്കണം, ഇങ്ങനെ പറക്കണം എന്നൊക്കെ. എന്നാൽ ഈ ഈച്ച ​ഗ്രൗണ്ടിലേക്ക് നടന്നു വരുമ്പോൾ ഞാൻ എങ്ങനെ അത് ഷൂട്ട് ചെയ്യും എന്നുള്ളതായിരുന്നു തന്റെ പ്രശ്നം എന്ന് സെന്തിൽ കുമാർ പറയുന്നു. ക്യാമറയുടെ ലെൻസ് വലുതാണ്. ലെൻസ് വയ്ക്കുമ്പോൾ ലെൻസിന്റെ മധ്യത്തിൽ ഈച്ചയെ പ്ലേസ് ചെയ്യാൻ കഴിയില്ല. അങ്ങനെയാണ് താൻ ഈ​ഗ എന്ന ചിത്രത്തിന് വേണ്ടി പ്രോബ് ലെൻസ് ഉപയോ​ഗിക്കുന്നത് എന്ന് സെന്തിൽ പറയുന്നു. പ്രോബ് ലെൻസിന്റെ പ്രശ്നം എന്താണെന്നാൽ അതിന് വലിയ അളവിലുള്ള പ്രകാശം വേണമെന്നതായിരുന്നു എന്നും അതുകൊണ്ട് തന്നെ ഫുൾ ഫ്ലോർ ഇതിന് വേണ്ടി ലെെറ്റ് അപ് ചെയ്യേണ്ടി വന്നു എന്നും സിനിമയിലെ സുദീപിന്റെ വീട് മുഴുവൻ സ്റ്റുഡിയോ സെറ്റായിരുന്നു എന്നും ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ കെ.കെ സെന്തിൽ കുമാർ പറഞ്ഞു.

കെ.കെ സെന്തിൽ കുമാർ പറഞ്ഞത്:

രാജമൗലി എന്നോട് പറ‍ഞ്ഞിരുന്നു ഈച്ച ഇങ്ങനെ നടക്കണം, ഇങ്ങനെ പറക്കണം എന്നൊക്കെ. എന്റെ പ്രശ്നം എന്തായിരുന്നു എന്ന് വച്ചാൽ ഈ ഈച്ച ​ഗ്രൗണ്ടിലേക്ക് നടന്നു വരുമ്പോൾ ഞാൻ എങ്ങനെ അത് ഷൂട്ട് ചെയ്യും എന്നുള്ളതായിരുന്നു. എങ്ങനെ ഞാൻ ക്യാമറ വയ്ക്കും. കാരണം ഈച്ച വളരെ ചെറുതാണ്. ക്യാമറയുടെ ലെൻസ് വലുതാണ്. ലെൻസ് വയ്ക്കുമ്പോൾ ലെൻസിന്റെ മധ്യത്തിൽ ഈച്ചയെ പ്ലേസ് ചെയ്യാൻ കഴിയില്ല. അങ്ങനെയാണ് ഞാൻ പ്രോബ് ലെൻസ് ഉപയോ​ഗിക്കുന്നത്. പെരിസ്കോപ്പിക് ടെക്നോളജി ഉപയോ​ഗിക്കുന്ന ലെൻസ് ആണ് അത്. ആ ലെൻസ് വളരെ ചെറുതും ഒരു ട്യൂബിന്റെ അത്രമാത്രം നീളമുള്ളതുമായിരുന്നു. പക്ഷേ ആ ലെൻസിന്റെ പ്രശ്നം എന്താണെന്ന് വച്ചാൽ അതിന് വലിയ അളവിലുള്ള പ്രകാശം വേണമെന്നുള്ളതായിരുന്നു. ഡെപ്ത് ഓഫ് ഫീല്‌ഡ് എന്നത് വളരെ ചെറുതായിരുന്നു. നമ്മൾ ഷൂട്ട് ചെയ്യുമ്പോൾ ചെറിയൊരു പാർട്ട് മാത്രമായിരിക്കും ഫോക്കസിൽ ഉണ്ടായിരിക്കുക. പുറകിൽ എന്താണ് നടക്കുന്നത് എന്ന് നിങ്ങൾക്ക് മനസ്സിലാവില്ല. സിനിമയിൽ നിങ്ങൾക്ക് അങ്ങനെ ചെയ്യാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ എനിക്ക് ഫ്ലോർ ലെെറ്റ് അപ്പ് ചെയ്യേണ്ടി വന്നു. സിനിമയിൽ കാണുന്ന സുദീപിന്റെ വീട് മുഴുവൻ ഒരു സ്റ്റുഡിയോ സെറ്റാണ്. ഒരു ഫ്ലോർ മുഴുവൻ ലെെറ്റ് അപ്പ് ചെയ്യുക, അതും അത്രയും തീവ്രതയോടെ എന്നത് സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല. സാധാരണ ഷൂട്ട് ചെയ്യുന്നതിലും ഇരുപത് ഇരട്ടി തീവ്രതയോടെ ലെെറ്റിം​ഗ് ചെയ്യുമ്പോൾ ചുറ്റും മുഴുവൻ വെളിച്ചത്തിന്റെ വെള്ള നിറമായിരിക്കും മറ്റൊന്നും മനസ്സിലാക്കാൻ സാധിക്കില്ല. നമ്മുടെ ജഡ്ജ്മെന്റിനെക്കാൾ ലെെറ്റ് മീറ്ററിനെ അനുസരിക്കുക എന്നത് മാത്രമേ അപ്പോൾ നമുക്ക് സാധ്യമാവുകയുള്ളൂ. പിന്നെ ക്ലെെമാക്സിലെ മറ്റൊരു ചലഞ്ച് എന്തായിരുന്നുവെന്നാൽ രാജമൗലിക്ക് വേണ്ടിയിരുന്നത് എക്സ്ട്രീം സ്ലോ മോഷൻ ആയിരുന്നു എന്നതാണ്. എനിക്ക് ഓർമ്മയുണ്ട് ടൗവ്വൽ പുതുച്ചു കൊണ്ടാണ് സമന്ത സെറ്റിൽ വന്നിരുന്നത് കാരണം അത്ര ചൂടായിരുന്നു അവിടെ. വളരെ കഷ്ടപ്പെട്ടാണ് അത് ഷൂട്ട് ചെയ്ത് തീർത്തത്. ഞാൻ പറഞ്ഞതു പോലെ ഈച്ചയുടെ കാഴ്ച്ചപ്പാടിൽ സിനിമ പറയുക എന്നത് വലിയ വെല്ലുവിളിയായിരുന്നു എനിക്ക് ഈ ചിത്രത്തിൽ. അതിന് നന്ദി പറയേണ്ടത് രാജമൗലിയോടാണ്. അദ്ദേഹം ഞങ്ങൾക്ക് ഇതിനെക്കുറിച്ച് മനസ്സിലാക്കാനും പരീക്ഷണങ്ങൾ നടത്താനുമുള്ള സമയം തന്നു. ഷൂട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ ഞങ്ങൾ അത് ടെസ്റ്റ് ചെയ്തു. ഇമോഷണലിയും അത് വളരെ നല്ല സീക്വൻസായിരുന്നു. അടുത്തിടെ ആർആർആർ എന്ന ചിത്രം യുഎസിൽ സ്ക്രീൻ ചെയ്യുന്ന സമയത്ത് ഈ​ഗയും അവിടെ സ്ക്രീൻ ചെയ്തിരുന്നു. ആളുകൾ അന്ന് റിയാക്ട് ചെയ്തത് അവർ പുതിയ ഒരു സിനിമ കാണുന്നത് പോലെയായിരുന്നു അത്. അവർ സിനിമയുടെ ഇമോഷനുമായി വളരെയധികം കണക്ട് ആവുകയും ചെയ്തിരുന്നു. അത് കണ്ടപ്പോൾ ഈ സിനിമയിൽ ഒരു പാർട്ടായതിൽ വളരെയധികം അഭിമാനം തോന്നി. അതിന് മുൻപ് ഞാൻ മ​ഗധീര ചെയ്തു, യമദോം​ഗ തുടങ്ങിയ സിനിമകൾ ചെയ്തിരുന്നു. വലിയ ചിത്രങ്ങൾ വളരെ പാടുള്ളതാണ്. വലിയ സെറ്റുകൾ ഇനി എന്നെ ഭയപ്പെടുത്തില്ല എന്നാണ് ഞാൻ കരുതിയത്. എന്നാൽ പെട്ടെന്നാണ് ഒരു ചെറിയ ഈച്ച വന്നത്. ഇത് എങ്ങനെ ഷൂട്ട് ചെയ്യും എന്ന് ആലോചിക്കുന്നത് തന്നെ എനിക്കൊരു പേടി സ്വപ്നമായിരുന്നു.

രാജമൗലിയുടെ ബാഹുബലി, ആർ ആർ ആർ, മ​ഗധീര തുടങ്ങി നിരവധി ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചയാളാണ് കെ.കെ സെന്തിൽ കുമാർ. 2012ലാണ് ഈഗ എന്ന രാജമൗലി ചിത്രം റിലീസ് ചെയ്യുന്നത്. 40 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം 130 കോടിയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്. നാനിക്ക് പുറമെ സുദീപ്, സമാന്ത എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in