ഹിന്ദി ദേശീയ ഭാഷയല്ലെന്ന് കിച്ച സുദീപ്; പിന്നെന്തിനാണ് സിനിമകള്‍ ഹിന്ദിയില്‍ ഡബ്ബ് ചെയ്യുന്നതെന്ന് അജയ് ദേവ്ഗണ്‍

ഹിന്ദി ദേശീയ ഭാഷയല്ലെന്ന് കിച്ച സുദീപ്; പിന്നെന്തിനാണ് സിനിമകള്‍ ഹിന്ദിയില്‍ ഡബ്ബ് ചെയ്യുന്നതെന്ന് അജയ് ദേവ്ഗണ്‍

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിരോധം ഉയരുമ്പോള്‍ ഹിന്ദി ഭാഷയുടെ പേരില്‍ കന്നഡ നടന്‍ കിച്ച സുദീപും ബോളിവുഡ് നടന്‍ അജയ് ദേവ്ഗണും തമ്മില്‍ തര്‍ക്കം. ഇപ്പോഴത്തെ പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ പരിഗണിക്കുമ്പോള്‍ ഹിന്ദിയെ ദേശീയ ഭാഷയായി കാണാനാകില്ല എന്ന കിച്ച സുദീപിന്റെ പരാമര്‍ശമാണ് അജയ് ദേവ്ഗണിനെ ചൊടിപ്പിച്ചത്.

ഹിന്ദി ദേശിയ ഭാഷയല്ലെങ്കില്‍ പിന്നെന്തിനാണ് സിനിമകള്‍ ഡബ്ബ് ചെയ്ത് ഹിന്ദിയില്‍ റിലീസ് ചെയ്യുന്നതെന്നായിരുന്നു അജയ് ദേവ്ഗണ്‍ ചോദിച്ചത്. 'ആര്‍' : ദ ഡെഡ്ലിയസ്റ്റ് ഗ്യാങ്സ്റ്റര്‍ എന്ന സിനിമയുടെ ലോഞ്ചിങ് പരിപാടിക്കിടെ കിച്ച സുദീപ് നടത്തിയ പരാമര്‍ശമായിരുന്നു വാക്‌പോരിന് കാരണമായത്.

തിയേറ്ററില്‍ വലിയ വിജയമായി മുന്നേറുന്ന കെജിഎഫ്: ചാപ്റ്റര്‍ 2 ഉത്തരേന്ത്യയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനെ കുറിച്ച് പറയുന്നതിനിടയിലുള്ള കിച്ച സുദീപിന്റെ പ്രതികരണമാണ് വിവാദത്തിലായത്. 'ഒരു കന്നഡ സിനിമ പാന്‍ ഇന്ത്യ തലത്തിലാണ് നിര്‍മ്മിച്ചതെന്ന് എല്ലാവരും പറയുന്നു, പക്ഷേ അതില്‍ ചെറിയ തിരുത്തുണ്ട് ഹിന്ദി ഇനി ഒരു ദേശീയ ഭാഷയല്ല' എന്ന് സുദീപ് അഭിപ്രായപ്പെട്ടു. ബോളിവുഡ് ഇന്ന് പാന്‍-ഇന്ത്യ സിനിമകള്‍ ചെയ്യുന്നുണ്ടെങ്കിലും, തെലുങ്കിലും തമിഴിലും ഡബ്ബ് ചെയ്തുകൊണ്ട് വിജയം കണ്ടെത്താന്‍ പാടുപെടുകയാണെന്നും, എന്നാല്‍ കന്നഡ സിനിമ എല്ലാ ഭാഷകളിലും വിജയം കൈവരിക്കുന്നുണ്ടെന്നും സുദീപ് പറഞ്ഞു.

കിച്ച സുദീപിന്റെ ഈ പരാമര്‍ശത്തിന് മറുപടിയായി അജയ് ദേവ്ഗണ്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്യുകയായിരുന്നു, 'എന്റെ സഹോദരാ, നിങ്ങളുടെ അഭിപ്രായത്തില്‍ ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലെങ്കില്‍ പിന്നെ എന്തിനാണ് നിങ്ങളുടെ മാതൃഭാഷാ സിനിമകള്‍ ഹിന്ദിയില്‍ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്നത്? ഹിന്ദി അന്നും ഇന്നും എന്നും നമ്മുടെ മാതൃഭാഷയും ദേശീയ ഭാഷയുമായിരിക്കും. ജന്‍ ഗന്‍ മന്‍.'

വിവാദം കടുത്തതോടെ തന്റെ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടെന്നും എന്തുകൊണ്ടാണ് താന്‍ അത്തരമൊരു പരാമര്‍ശം നടത്തിയത് എന്നതിന്റെ സന്ദര്‍ഭം നിങ്ങളിലേക്ക് എത്തിയത് തെറ്റായ രീതിയിലാണെന്നും സുദീപ് പറഞ്ഞു.

'നിങ്ങള്‍ ഹിന്ദിയില്‍ അയച്ച ടെക്സ്റ്റ് എനിക്ക് മനസിലായി. നമ്മളെല്ലാവരും ഹിന്ദിയെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും പഠിക്കുകയും ചെയ്തതിനാല്‍ മാത്രമാണത്. വിരോധമില്ല സര്‍, പക്ഷേ എന്റെ പ്രതികരണം കന്നഡയില്‍ ടൈപ്പ് ചെയ്താല്‍ എന്തായിരിക്കും അവസ്ഥ എന്നാണ് ആശ്ചര്യം. ഞങ്ങളും ഇന്ത്യക്കാരല്ലേ സര്‍,' എന്നും സുദീപ് തന്റെ മറുപടിയില്‍ കൂട്ടി ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in