നായകന് ശേഷം കെഎച്ച് 234; 35 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ പ്രഖ്യാപിച്ചു

നായകന് ശേഷം കെഎച്ച് 234; 35 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ പ്രഖ്യാപിച്ചു

മണിരത്നത്തിന്റെ സംവിധാനത്തിൽ കമൽ ഹാസൻ നായകനായെത്തുന്ന കെഎച്ച് 234 എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ വെളിപ്പെടുത്തി വീഡിയോ പങ്കുവച്ച് ചിത്രത്തിന്റെ നിർമാതാക്കളായ റെഡ് ജെയിന്റ് മൂവിസ്. കെഎച്ച് 234 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം കൾട്ട് ക്ലാസിക്ക് ചിത്രമായ നായകന് ശേഷം മണിരത്നവും കമൽഹാസനും ഒന്നിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത് എആർ റഹ്മാനാണ്. എഡിറ്റിം​ഗ് നിർവഹിക്കുന്നത് ശ്രീകർ പ്രസാദും ആണ്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, മണിരത്‌നം, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അതേ സമയം ഇരുവരുടെയും ഒരുമിച്ചുള്ള ഏക ചിത്രമായ നായകൻ കമൽ ഹാസന്റെ ജന്മദിനത്തോടനുബന്ധിച്ച് ഈ വർഷം നവംബർ മൂന്നിന് 4കെ യിൽ റീ റിലീസ് ചെയ്യും.

മുംബൈയിലെ അധോലോകനായകനായിരുന്ന വരദരാജ മുദലിയാരുടെ ജീവിതത്തെ ആസ്പദമാക്കി 1987യിൽ മണിരത്നം സംവിധാനം ചെയ്ത് കമൽഹാസൻ നായകൻ ആയ സിനിമയാണ് നായകൻ. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം മൂന്ന് ദേശീയപുരസ്കാരങ്ങളും സ്വന്തമാക്കിയിരുന്നു. മികച്ച വിദേശചിത്രത്തിനുള്ള ഓസ്കാറിന്‌ ഇന്ത്യയുടെ ഔദ്യോഗിക നാമനിർദ്ദേശമായിരുന്ന ഈ ചിത്രം. 2005-ൽ ടൈം മാസികയുടെ എക്കാലത്തെയും മികച്ച 100 ചലച്ചിത്രങ്ങളുടെ പട്ടികയിലും നായകൻ ഇടം നേടിയിരുന്നു. മണിരത്‌നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് KH234 ന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത് അൻപറിവ് മാസ്റ്റേഴ്സാണ്. പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയിയും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നത്.

അതേ സമയം നാ​ഗ് അശ്വിൻ സംവിധാനം ചെയ്ത് പ്രഭാസ്, അമിതാഭ് ബച്ചന്‍, ദീപിക പദുകോണ്‍, ദിഷ പട്ടാണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കല്‍കി 2898 എഡി, ശങ്കർ കമൽഹാസൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ഇന്ത്യൻ 2 എന്നിവയാണ് അണിയറയിലൊരുങ്ങുന്ന കമൽ ഹാസന്റെ മറ്റ് പ്രോജക്ടുകൾ.

Related Stories

No stories found.
logo
The Cue
www.thecue.in