
കെ ജി എഫ് ചാപ്റ്റർ 1 ,2 ഉൾപ്പെടെ നിരവധി കന്നഡ പടങ്ങൾക്ക് വേണ്ടി സംഗീത സംവിധാനം നിർവ്വഹിച്ച രവി ബസ്രുർ വീണ്ടും മലയാളത്തിൽ. ഉണ്ണി മുകുന്ദൻ ചിത്രം "മാര്‍ക്കൊ" ക്കു വേണ്ടി ഗാനങൾ ചിട്ടപ്പെടുത്തും. രവി ബസ്രുർ തന്നെയാണ് സോഷ്യൽ മീഡിയ പേജുകൾ വഴി ഈ വാർത്ത അറിയിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അഥേനി ഒരുക്കുന്ന പുതിയ ചിത്രമാണ് "മാർക്കൊ". ഉഗ്രം എന്ന ചിത്രത്തിലൂടെയാണ് രവി ബസ്രുർ അരങ്ങേറ്റം കുറിക്കുന്നത്.
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സും യുഎഫ്എം പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് നിർമ്മാണം. ഷരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
നിവിൻ പോളി നായകനും ഉണ്ണി മുകുന്ദൻ വില്ലനുമായെത്തിയ ചിത്രമായിരുന്നു 'മിഖായേൽ'. ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ എന്ന വില്ലനെ പ്രധാന കഥാപാത്രമാക്കിയുള്ള ചിത്രമാണ് 'മാർക്കോ' 'ബോസ് ആൻഡ് കോ' എന്ന നിവിൻ പോളി ചിത്രത്തിന് ശേഷം ഹനീഫ് അദേനിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് 'മാർക്കോ'.
30 കോടി ബജറ്റിൽ മാർക്കോ ജൂനിയർ എന്ന വില്ലനെ നായകനാക്കിയാണ് 'മാർക്കോ' എന്ന പേരിൽ സ്പിൻ ഓഫ്. ഗന്ധർവ ജൂനിയർ ആണ് ഉണ്ണി മുകുന്ദനെ നായകനാക്കി പ്രഖ്യാപിച്ച മറ്റൊരു ബിഗ് ബജറ്റ് ചിത്രം. അതിക്രൂരനായ വില്ലൻ കഥാപാത്രമെന്ന നിലയിൽ ചർച്ചയായ റോളായിരുന്നു മിഖായേൽ എന്ന സിനിമയിലെ മാർക്കോ ജൂനിയർ.
രോമാഞ്ചത്തിൽ ചെമ്പൻ വിനോദ് ജോസ് അവതരിപ്പിച്ച കഥാപാത്രത്തെ കേന്ദ്രീകരിച്ച് ആവേശം എന്ന പേരിൽ സ്പിൻ ഓഫ് റിലീസിനൊരുങ്ങുകയാണ്. രോമാഞ്ചത്തിൽ ചെമ്പൻ ചെയ്ത കഥാപാത്രത്തെ ആവേശത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിക്കും. ഇത് പോലെ തന്നെ ന്നാ താൻ കേസ് കൊട് എന്ന സിനിമയിലെ സുരേശൻ കാവുംതാഴെ എന്ന കഥാപാത്രത്തെ ആധാരമാക്കിയുള്ള സ്പിൻ ഓഫ് ചിത്രമാണ് സുരേഷിന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. രതീഷ് പൊതുവാളാണ് ചിത്രത്തിന്റെ സംവിധായകൻ.