സിനിമകളെക്കുറിച്ച് മനഃപൂർവം മോശം റിവ്യു ഇടുന്നവർക്കെതിരെ എന്ത് നടപടി സ്വീകരിക്കാൻ കഴിയും?; പോലീസ് മേധാവിയോട് കേരള ഹെെക്കോടതി

സിനിമകളെക്കുറിച്ച് മനഃപൂർവം മോശം റിവ്യു ഇടുന്നവർക്കെതിരെ എന്ത് നടപടി സ്വീകരിക്കാൻ കഴിയും?; പോലീസ് മേധാവിയോട് കേരള ഹെെക്കോടതി

ഒരു സിനിമയെ അപകീർത്തിപ്പെടുത്തുന്നതിനും തകർക്കുന്നതിനുമായി ലക്ഷ്യമിട്ട് നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ സിനിമയുമായി ബന്ധപ്പെട്ട വ്യക്തികൾക്ക് എങ്ങനെ പരാതി നൽകാമെന്നതിനെക്കുറിച്ചും അന്വേണം നടത്തേണ്ടുന്ന വിധത്തെക്കുറിച്ചും സംസ്ഥാന പോലീസ് മേധാവിയോട് ആരാഞ്ഞ് കേരള ഹെെക്കോടതി. ശിക്ഷാ നിയമപ്രകാരവും സൈബർ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾക്കു കീഴിലും അതിലൂടെ ഉണ്ടാകുന്ന അനന്തരഫലങ്ങൾ അറിയാനും ബെഞ്ച് ശ്രമിച്ചു. ആരോമലിന്റെ ആദ്യത്തെ പ്രണയം എന്ന ചിത്രത്തിന്റെ സംവിധായകനായ മുബീൻ റൗഫാണ് അഡ്വ. സി.ആർ. രഖേഷ് ശർമവഴി ഓൺലൈനിലൂടെയുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

റിലീസ് ചെയ്ത ഉടൻ തന്നെ പുതിയ സിനിമകളെ കുറിച്ച് നടത്തുന്നത് റിവ്യൂ ബോംബിങ്ങാണെന്നും ഇത് നിയന്ത്രിക്കേണ്ടതുണ്ടെന്നും അമിക്കസ് ക്യൂറി ശ്യാംപത്മൻ ഹൈക്കോടതിയിൽ അറിയിച്ചു. നൂറുകണക്കിന് വരുന്ന കലാകാരന്മാരുടെ അധ്വാനവും ജീവിത സമർപ്പണവുമാണ് സിനിമയെന്ന വസ്തുത വിസ്മരിക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഇത്തരം കാര്യവുമായി ബന്ധപ്പെട്ട് സിനിമാക്കാരുടെ എന്തെങ്കിലും പരാതി ലഭിച്ചാല്‍ പൊലീസ് നടപടിയെടുക്കുമെന്നും പരാതിക്കാരുടെ വിവരങ്ങള്‍ രഹസ്യമായി വയ്ക്കുമെന്നും കോടതി അറിയിച്ചു. ഇതേത്തുടർന്ന് ഡിജിപിയെ കേസിൽ ഹൈക്കോടതി കക്ഷി ചേർത്തു.

ഇത്തരം നിഷേധാത്മകമായ ഓൺലൈൻ വിമർശനങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പുതുതായി റിലീസ് ചെയ്യുന്ന സിനിമകളിലും നിർമ്മാതാക്കളിലും ദോഷകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഹർജിക്കാരൻ വാദിച്ചു. തന്റെ സിനിമ ഇന്ന് റിലീസ് ചെയ്യാനിരിക്കെ, സിനിമയുടെ പ്രചരണത്തിനായി പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുന്നവരിൽ നിന്നും വ്ലോഗർമാരിൽ നിന്നും തനിക്ക് നിരവധി കോളുകൾ വരുന്നുണ്ടെന്നും പണം നൽകിയില്ലെങ്കിൽ മോശം കമന്റുകൾ വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹർജിക്കാരൻ പറഞ്ഞു. റിലീസ് ചെയ്യുന്ന ദിവസം തന്നെ സിനിമയെ കുറിച്ചുള്ള നെഗറ്റീവ് റിവ്യൂകൾ പ്രേക്ഷകർ സിനിമ കാണാതിരിക്കാൻ ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in