
സിനിമാ സമരത്തെ വിമർശിച്ചതിന് പിന്നാലെ നിർമാതാവ് ആന്റണി പെരുമ്പാവൂരിനെതിരെ നിർമ്മാതാക്കളുടെ സംഘടന. സുരേഷ് കുമാർ പറഞ്ഞത് ഫെഫ്ക, ഫിയൊക്ക്, നിർമ്മാതാക്കളുടെ സംഘടന ഒന്നിച്ച് എടുത്ത തീരുമാനമാണ്. ആൻ്റണി പെരുമ്പാവൂർ യോഗത്തിൽ പോലും പങ്കെടുക്കാതെ ഫെസ് ബുക്ക് പോസ്റ്റ് ഇട്ടത് അംഗീകരിക്കാനാകില്ല. സംഘടന ഒന്നിച്ച് എടുത്ത തീരുമാനം പരസ്യമായി ആൻ്റണി ചോദ്യം ചെയ്തത് അനുചിതമാണ്. സംഘടനക്ക് എതിരായ ഏത് നീക്കവും പ്രതിരോധിക്കും എന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു.
താരങ്ങളുടെ അമിത ശമ്പളവും സിനിമകളുടെ കുറഞ്ഞ വിജയ ശതമാനവും മുൻനിർത്തി കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് നിർമാതാക്കൾ സമരാഹ്വനവുമായി മുന്നോട്ട് വന്നത്. നിർമാതാക്കൾ നേരിടുന്ന പ്രതിസന്ധിയിൽ പ്രതിഷേധിച്ച് ജൂൺ 1 മുതൽ സിനിമ നിർത്തിവെയ്ക്കുകയാണ് എന്നാണ് സംഘടനാ നേതൃത്വം വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. ഇതിനു പിന്നാലെ ആന്റണി പെരുമ്പാവൂർ ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയ പരാമർശത്തിനെതിരെയാണ് സംഘടന പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.
നിർമ്മാതാക്കളുടെ സംഘടന പുറത്തുവിട്ട പത്രക്കുറിപ്പിന്റെ പൂർണ്ണരൂപം
മലയാള സിനിമാവ്യവസായം നേരിടുന്ന താരങ്ങളുടെ ഉയർന്ന പ്രതിഫലം, വിനോദനികുതി എന്ന ഇരട്ട നികുതി വ്യാജപതിപ്പുകളുടെ വ്യാപക പ്രചരണം, പ്രദർശനശാലകൾ നേരിടുന്ന വിവിധ പ്രതിസന്ധികൾ എന്നീ വിഷയങ്ങൾ ചർച്ചചെയ്യാനായി സിനിമാ മേഖലയിലെ സംഘടനകളായ ഫിയോക്ക്, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ(കേരള), ഫെഫ്ക എന്നീ സംഘടനകളുടെ ഒരു സംയുക്തയോഗം 06.02.2025ൽ കൂടിയതനുസരിച്ച് 2025 ജൂൺ 1 മുതൽ സിനിമാമേഖല സംയുക്തമായി അനിശ്ചിതകാല സമരം നടത്താനും അതിനു മുന്നോടിയായി ഒരു ഏകദിന സൂചന പണിമുടക്ക് നടത്താനും തീരുമാനിച്ചിരുന്നു.
മലയാള സിനിമയുടെ നിർമ്മാണച്ചിലവ് അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ താരങ്ങളുടെ പ്രതിഫലം, അവരുമായി ബന്ധപ്പെട്ട മറ്റു ഇതര അനാവശ്യചിലവുകൾ എന്നിവ നിയന്ത്രിക്കുന്നതിനായി സഹായം അഭ്യർത്ഥിച്ചു കൊണ്ട് 2024 നവംബർ മാസത്തിൽ അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഒരു കത്ത് നൽകിയെങ്കിലും അവരുടെ ഭരണത്തിൻ്റെ ഉത്തരവാദിത്വം അഡ്‌ഹോക് കമ്മറ്റിക്ക് ആയതിനാൽ ജനറൽ ബോഡി കൂടാതെ അനുകൂലമറുപടി നൽകാൻ സാധിക്കില്ല എന്ന് അറിയിച്ചതിനാലാണ് അമ്മ സംഘടനയെ ഒഴിവാക്കി മേൽസൂചിപ്പിച്ച മറ്റ് സംഘടന കളുമായി ചേർന്ന് യോഗം കൂടുകയും സർക്കാരിൽ നിന്ന് ലഭിക്കേണ്ട കാര്യങ്ങൾ ക്കായി സമരം ചെയ്യാൻ തീരുമാനം കൈകൊള്ളുകയും ചെയ്തത്.
കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എന്ന സംഘടനയുടെ നിലവിലെ പ്രസിഡൻ്റ് ശ്രീ.ആൻ്റോ ജോസഫ് ആണ്. അദ്ദേഹം നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വിദേശരാജ്യങ്ങളിൽ ഉൾപ്പടെ നടക്കുന്നതിനാൽ സംഘടനയിൽ സജീവമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം അദ്ദേഹം അറിയിച്ചിരുന്നു. ഇക്കാരണത്താൽ സംഘടനയിൽനിന്നും താൽക്കാലികമായി ലീവിനുള്ള അപേക്ഷ രേഖാമൂലം അസോസിയേഷനിൽ നൽകിയിട്ടുണ്ട്. സംഘടനയുടെ നിയമാവലിപ്രകാരം പ്രസിഡൻ്റിൻ്റെ അഭാവത്തിൽ വൈസ് പ്രസിഡന്റ് ആണ് ചുമതല വഹിക്കേണ്ടത്. നിർമ്മാതാക്കളുടെ സംഘടനയുടെ നിലവിലെ വൈസ് പ്രസിഡൻ്റുമാർ ശ്രീ.ജി.സുരേഷ് കുമാർ, ശ്രീ. സിയാദ് കോക്കർ എന്നീ മുതിർന്ന നിർമ്മാതാക്കളാണ്, സംഘടനാകാര്യങ്ങൾ അവർ രണ്ടു പേരും പരസ്യമായി പറഞ്ഞത് സംഘടനയുടെ ഭരണസമിതിയെടുത്ത തീരുമാന പ്രകാരമാണ്.
എല്ലാ നിർമ്മാതാക്കളുടെയും ഗുണത്തിനുവേണ്ടി മാത്രം പ്രവർത്തിക്കുന്ന ഭരണസമിതി എടുത്ത തീരുമാനങ്ങൾ പത്രമാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് അറിയിക്കുക മാത്രം ചെയ്‌ത ശ്രീ.ജി.സുരേഷ്‌കുമാറിനെ തൻ്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വഴി ചോദ്യം ചെയ്‌ത ശ്രീ.ആൻ്റണി പെരുമ്പാവൂർ അന്ന് ചേർന്ന യോഗത്തിൽ ക്ഷണിക്കപ്പെട്ടിട്ടും പങ്കെടുക്കാതെ, ഇത്തരത്തിൽ ഒരു പരസ്യനിലപാട് സ്വീകരിത് അനുചിതമായിപ്പോയി എന്ന് സൂചിപ്പിക്കട്ടെ.
വർദ്ധിക്കുന്ന നിർമ്മാണചിലവ് കാരണം ഭീമമായ നഷ്ടം സംഭവിക്കുന്ന നിർമ്മാതാക്കൾക്കുവേണ്ടി നിലകൊള്ളുന്ന അസോസിയേഷൻ്റെ നിലപാടാണ് സംഘടനാവൈസ്പ്രസിഡന്റും മുതിർന്ന നിർമ്മാതാവുമായ ശ്രീ. ജി.സുരേഷ്‌കുമാർ വ്യക്തമാക്കിയത്. സംഘടനക്കെതിരായും വ്യക്തിപരവുമായും നടത്തുന്ന ഏത് നീക്കവും ഉത്തരവാദിത്വമുള്ള സംഘടന എന്ന നിലയിൽ പ്രതിരോധിക്കുമെന്ന് അറിയിക്കട്ടെ.