'മാമന്നനിലെ ഒരു ഫ്‌ളാഷ്ബാക്ക് സീന്‍ കണ്ടിരുന്നു'; വടിവേലുവിന്റെ തിരിച്ച് വരവായിരിക്കും ചിത്രമെന്ന് കീര്‍ത്തി സുരേഷ്

'മാമന്നനിലെ ഒരു ഫ്‌ളാഷ്ബാക്ക്
 സീന്‍ കണ്ടിരുന്നു'; വടിവേലുവിന്റെ തിരിച്ച് വരവായിരിക്കും ചിത്രമെന്ന് കീര്‍ത്തി സുരേഷ്

മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന മാമന്നന്‍ എന്ന ചിത്രത്തില്‍ വടിവേലു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഒരു ഫ്‌ലാഷ്ബാക്ക് രംഗം താന്‍ കണ്ടെന്നും അത് വളരെ ഗംഭീരം ആയിരുന്നുവെന്നും നടി കീര്‍ത്തി സുരേഷ്. വളരെ സീരിയസ് സോണിനുള്ള മെയിന്‍ കഥാപാത്രമാണ് വടിവേലു സാര്‍ മാമന്നനില്‍ ചെയ്യുന്നത്. അദ്ദേഹം ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമാണ് അദ്ദേഹത്തിന്റേത്. തീര്‍ച്ചയായും വടിവേലു സാറിന്റെ തിരിച്ചുവരവ് ആയിരിക്കും 'മാമന്നന്‍' എന്നും കീര്‍ത്തി സുരേഷ് ദ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

വടിവേലു സാറുമായി വര്‍ക്ക് ചെയ്യുമ്പോള്‍ ഓരോ സെക്കന്‍ഡും നമ്മള്‍ ചിരിച്ചുകൊണ്ടിരിക്കും. അദ്ദേഹവുമായി അഭിനയിക്കുമെന്നൊക്കെ താന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും കീര്‍ത്തി സുരേഷ് പറഞ്ഞു. താന്‍ വളരെ ആസ്വദിച്ചു ചെയ്ത പ്രൊജക്റ്റാണ് മാമന്നന്‍ എന്നും കീര്‍ത്തി കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്നലെ പുറത്തിറങ്ങിയിരുന്നു. മാരി സെല്‍വരാജിന്റെ മുന്‍ ചിത്രങ്ങളെ പോലെ തന്നെ ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രമായിരിക്കും 'മാമന്നന്‍' എന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്.

'വിക്രം' എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ഫഹദ് വില്ലനായാണ് എത്തുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ മുന്‍പുതന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫഹദിന്റെ ശക്തമായ വേഷമാണ് ചിത്രത്തിലെന്ന് ട്രെയ്ലര്‍ സൂചിപ്പിക്കുന്നു. ഒപ്പം ജാതി രാഷ്ട്രീയം പരിയേറും പെരുമാള്‍ പോലെ തന്നെ വിളിച്ചു പറയുമെന്നും ട്രെയ്ലറിലുണ്ട്. ചിത്രം ജൂണ്‍ 29 ന് തിയറ്ററുകളിലെത്തും.

ചിത്രം സംസാരിക്കുന്നത് മാരി സെല്‍വരാജിന്റെ രാഷ്ട്രീയം മാത്രമല്ല, തന്റേയും കൂടിയാണെന്ന് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ കമല്‍ഹാസനും പറഞ്ഞിരുന്നു.

എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് തേനി ഈശ്വര്‍ ആണ്. മാരി സെല്‍വരാജിന്റെ 'പരിയേറും പെരുമാളും', 'കര്‍ണ്ണനും' എഡിറ്റ് ചെയ്തിട്ടുള്ള സെല്‍വയാണ് 'മാമന്നന്റെ'യും എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. കലാസംവിധാനം ദിലീപ് സുബ്ബരയ്യയും കൈകാര്യം ചെയ്യുന്നു. എച്ച് ആര്‍ പിക്ചേഴ്സ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്

Related Stories

No stories found.
logo
The Cue
www.thecue.in