
ഇന്ധന വില വര്‍ദ്ധനവിന്റെ വഴിതടയല്‍ സമരത്തില്‍ കോണ്‍ഗ്രസും നടന്‍ ജോജു ജോര്‍ജും തമ്മിലുണ്ടായ വിവാദത്തില്‍ താരസംഘടനയായ അമ്മ പ്രതികരിക്കാത്തതില്‍ വിമര്‍ശനവുമായി എംഎല്‍എയും നടനുമായ കെ ബി ഗണേഷ് കുമാര്‍. അമ്മയുടെ സെക്രട്ടറി ആരെ പേടിച്ചിട്ടാണ് ഒളിച്ചിരിക്കുന്നതെന്നാണ് ഗണേഷ് കുമാര്‍ ചോദിക്കുന്നത്.
'ജോജുവിനെ തെരുവില്‍ ആക്രമിച്ചിട്ടും അമ്മ പ്രതികരിച്ചില്ല. അമ്മയുടെ സെക്രട്ടറി ആരെ പേടിച്ചിട്ടാണ് ഒളിച്ചിരിക്കുന്നത്. അമ്മയുടെ ഈ സമീപനം മാറ്റണം. ഇതിനെതിരെ അമ്മയുടെ മീറ്റിങ്ങില്‍ പ്രതിഷേധം അറിയിക്കും'- എന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞത്. വിഷയത്തില്‍ കോണ്‍ഗ്രസിനെയും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. സ്ത്രീകളെ ഉപയോഗിച്ച് തന്നെ കുടുക്കാന്‍ മുമ്പ് കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു എന്നാണ് ഗണേഷ് പറയുന്നത്.
അതേസമയം ജോജു ജോര്‍ജും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷം ഒത്തുതീര്‍പ്പാക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. കേസുകള്‍ പിന്‍വലിക്കുന്ന കാര്യം പരസ്പരം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
ഷിയാസ് മുഹമ്മദ് പറഞ്ഞത്: 'പെട്ടെന്നുണ്ടായ മാനസികാവസ്ഥയില്‍ ജോജുവിനും തിരിച്ചുണ്ടായ പ്രതികരണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പിഴവുണ്ടായി. പരസ്പരം സംസാരിച്ച് തീര്‍ക്കാവുന്ന വിഷയമായാണ് കോണ്‍ഗ്രസ് ഇതിനെ കാണുന്നത്. ഇക്കാര്യം അദ്ദേഹത്തെ അറിയിക്കും. പ്രശ്നം രമ്യമായി പരിഹരിക്കും. മനുഷ്യസഹജമായ സംഭവങ്ങള്‍ മാത്രമാണുണ്ടായത്. അതിനെ ശത്രുതാപരമായോ പര്‍വ്വതീകരിച്ചോ കാണേണ്ട കാര്യമില്ല. ഉള്ളുതുറന്ന സമീപത്തോടെ രമ്യമായി പ്രശ്നം പരിഹരിക്കാനുള്ള മാനസികാവസ്ഥ കോണ്‍ഗ്രസിനുണ്ട്.'
ഇന്ധനവിലയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൊച്ചിയില്‍ സംഘടിപ്പിച്ച വഴിതടയല്‍ സമരത്തില്‍ ജോജു പ്രതിഷേധമറിയിച്ചിതിന് പിന്നാലെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വൈറ്റില മുതല്‍ ഇടപ്പള്ളി വരെയുള്ള ഗതാഗതം തടഞ്ഞായിരുന്നു കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ സമരം. അതുവഴി യാത്ര ചെയ്യവെയാണ് ജോജു ജോര്‍ജ് സമരത്തിനെതിരെ പ്രതിഷേധം അറിയിച്ചത്. മണിക്കൂറുകളോളം സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ വാഹനങ്ങള്‍ തടഞ്ഞതിനെതിരെ ജോജു വിമര്‍ശനം അറിയിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ കാര്‍ തല്ലി തകര്‍ത്തു. താരം മദ്യപിച്ചിട്ടുണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജോജുവിന്റെ വൈദ്യപരിശോധനയില്‍ താരം മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി. പിന്നീട് പൊലീസ് ജോജുവിന്റെ പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. മുന്‍ കൊച്ചി മേയര്‍ ടോണി ചെമ്മണിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ കാര്‍ തല്ലി തകര്‍ത്തത്.