
സിനിമയിലേക്ക് എത്തുന്നതിന് മുന്നേ കൂടിപ്പോയാൽ പതിനഞ്ച് സിനിമകൾ മാത്രമേ കണ്ടിട്ടുണ്ടാകൂ എന്ന് നടൻ കതിർ. സ്ക്രിപ്റ്റ് വായിക്കാറില്ലെന്നും ആരെങ്കിലും വായിച്ചുതരലാണ് പതിവെന്നും കതിർ പറഞ്ഞു. പക്ഷെ, ഒരിക്കൽ കേട്ടാൽ താനത് മറക്കില്ലെന്നും അതാണ് തന്റെ തയ്യാറെടുപ്പെന്നും ക്യു സ്റ്റുഡിയോയോട് കതിർ പറഞ്ഞു.
കതിരിന്റെ വാക്കുകൾ
പണ്ടുമുതലേ വായിക്കാൻ ഇഷ്ടമല്ലാത്ത ഒരാളാണ് ഞാൻ. പക്ഷെ, നന്നായി ശ്രദ്ധിച്ച് കേൾക്കും. ഇന്ന് സിനിമ ചെയ്യുമ്പോൾ ഉള്ള സ്ക്രിപ്റ്റുകൾ മാത്രമല്ല, പഠിക്കുന്ന കാലം മുതലേ എനിക്ക് വായന ശീലമില്ല. പരീക്ഷയ്ക്ക് ആണെങ്കിലും സിനിമയ്ക്ക് ആണെങ്കിലും ആരെങ്കിലും എനിക്ക് സ്ക്രിപ്റ്റ് വായിച്ചു തരികയാണ് പതിവ്. പക്ഷെ, ഒരുതവണ കേട്ടാൽ അത് എന്റെ മനസിൽ നിന്നും പോകില്ല. അതാണ് എല്ലാ കഥാപാത്രങ്ങൾക്കും ഞാൻ എടുക്കുന്ന പ്രിപ്പറേഷൻ. അത് പരീക്ഷയിലും സിനിമയിലും എന്നെ വല്ലാതെ സഹായിച്ചിട്ടുണ്ട്. കൂടിപ്പോയാൽ ഒരു സ്ക്രിപ്റ്റിന്റെ 20 ശതമാനമേ വായിക്കുകയുള്ളൂ എങ്കിലും, 10 വർഷം മുമ്പ് കേട്ട കഥ പോലും, ചോദിച്ചാൽ എനിക്ക് പറയാൻ പറ്റും. അത് എങ്ങനെ സംഭവിക്കുന്നു എന്നുചോദിച്ചാൽ അറിയില്ല. കുട്ടിക്കാലം മുതലേ ഞാൻ ഹോസ്റ്റലിലാണ് പഠിച്ച് വളർന്നത്. അതുകൊണ്ടുതന്നെ എനിക്ക് പുറത്തെ കാര്യങ്ങൾ കൂടുതൽ അറിയില്ല. സിനിമയിലേക്ക് വരുന്നതിന് മുമ്പ്, ജീവിതത്തിൽ കൂടിപ്പോയാൽ ഒരു 15 സിനിമകൾ മാത്രമേ കണ്ടിട്ടുണ്ടാവുകയുള്ളൂ. സിനിമയെക്കുറിച്ചും വലിയ ജ്ഞാനം ഉണ്ടായിരുന്നില്ല. വിക്രം വേദ ചെയ്യുന്നതിന് മുമ്പ് പുഷ്കർ-ഗായത്രി എന്നിവർ സംവിധായകരാണ് എന്നുപോലും എനിക്ക് അറിയില്ലായിരുന്നു. സിനിമയ്ക്ക് മുമ്പ് അവരെ പരിചയമുണ്ടായിരുന്നെങ്കിലും അങ്ങോട്ട് പോയി അവരോട് നിങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചിട്ടേ ഇല്ലായിരുന്നു. പക്ഷെ, തുടക്കം തന്നെ എനിക്ക് നല്ല മൈലേജാണ് തന്നത്.