
പരിയേറും പെരുമാൾ എന്ന ഒരൊറ്റ സിനിമ മതി, മലയാളി പ്രേക്ഷകർക്ക് കതിർ എന്ന നടനെ മനസിലാകാൻ. അത്ര വലിയ സ്വാധീനം മലയാളികൾക്കിടയിൽ ചെലുത്തിയ ചിത്രമാണ് പരിയേറും പെരുമാൾ. നിരവധി വലിയ സിനിമകളുടെ ഭാഗമായതിന് ശേഷം കതിർ മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. എംസി ജോസഫ് സംവിധാനം ചെയ്യുന്ന മീശ എന്ന സിനിമയിലൂടെയാണ് കതിരിന്റെ മലയാളം അരങ്ങേറ്റം. മലയാളം പഠിച്ചത് വളരെ കഷ്ടപ്പെട്ടാണെന്നും ബോർഡ് എക്സാമിന് പോലും ഇത്ര ബുദ്ധിമുട്ടിയിട്ടില്ല എന്നും ക്യു സ്റ്റുഡിയോയോട് പറയുകയാണ് കതിർ
കതിറിന്റെ വാക്കുകൾ
പെർഫോം ചെയ്യുമ്പോൾ നമുക്ക് ഇന്ററസ്റ്റിങ്ങായി തോന്നുന്ന എന്തെങ്കിലും അതിലുണ്ടോ എന്ന് നോക്കിയാണ് ഓരോ സിനിമയും തിരഞ്ഞെടുക്കുന്നത്. സിനിമകൾ ചിലപ്പോൾ നന്നായി വർക്ക് ആകുമായിരിക്കാം അല്ലായിരിക്കാം. പക്ഷെ, ഓരോ സിനിമ ചെയ്യുമ്പോഴും ഇത് തിയറ്ററിൽ വലിയ വിജയമായിരിക്കും എന്ന് ഉറപ്പിച്ച്, ആഗ്രഹിച്ച് തന്നെയാണ് വർക്ക് ചെയ്യുന്നത്. മീശ എന്ന ഈ സിനിമയിലേക്ക് വരുമ്പോൾ, ഒരു ട്രസ്റ്റാണ് ഫീൽ ചെയ്തത്. അതായത്, ഇത്തരത്തിലുള്ള ഒരു കഥാപാത്രത്തെ പുതിയൊരു ഭാഷയിൽ എങ്ങനെ പെർഫോം ചെയ്യാൻ സാധിക്കും എന്നുള്ളതായിരുന്നു എന്നെ ഇതിലേക്ക് എത്തിച്ച പോയിന്റ്. ആ ട്രസ്റ്റ് എനിക്ക് ഉണ്ടായിരുന്നില്ല, പക്ഷെ സംവിധായകന് ഉണ്ടായിരുന്നു.
എനിക്ക് പഠിക്കാൻ വേണ്ടി സ്ക്രിപ്റ്റ് മംഗ്ലീഷിൽ ടൈപ്പ് ചെയ്ത് തന്നിരുന്നു. അത് ഞാൻ ഒരാളെക്കൊണ്ട് വായിപ്പിച്ചിരുന്നു. എന്നിട്ടും പല വാക്കുകളുടെയും അർത്ഥം മനസിലാകുന്നുണ്ടായിരുന്നില്ല. അത് മനസിലാക്കിയാൽ മാത്രമല്ലേ നമുക്ക് പെർഫോം ചെയ്യാൻ സാധിക്കുകയുള്ളൂ. ഷൂട്ടിന് ഒരു 20 ദിവസങ്ങൾക്ക് മുമ്പ് ഞാൻ സംവിധായകനെ വിളിച്ചിരുന്നു. എന്നിട്ട് പറഞ്ഞു, മൂന്ന് നാല് ദിവസം കഷ്ടപ്പെട്ട് ഇത് ഇരുന്ന് വായിച്ചു, ഒന്നും മനസിലാകുന്നില്ല എന്ന്. ഞാൻ നെർവസായി. എംസി ജോസഫ് പറഞ്ഞു, ഇനിയും 20 ദിവസം ഷൂട്ടുനുണ്ട്. പേടിക്കേണ്ട, 60 ശതമാനം ലിപ് സിങ്ക് ഉണ്ടെങ്കിൽ തന്നെ ധാരാളമാണ് എന്ന്. പിന്നീട് ഷൂട്ട് തുടങ്ങി ലാങ്ക്വേജ് ട്രെയിനിങ്ങെല്ലാം എടുത്താണ് മലയാളം ശരിയാക്കിയത്. പബ്ലിക് എക്സാമിന് പോലും ഇത്ര കഷ്ടപ്പെട്ട് ഞാൻ പഠിച്ചിട്ടില്ല. കതിർ പറയുന്നു.