മുസ്ലിംകളെ ഏകപക്ഷീയമായി ചിത്രീകരിച്ചു, കശ്മീര്‍ ഫയല്‍സ് നിരോധിച്ച് സിംഗപ്പൂര്‍

മുസ്ലിംകളെ ഏകപക്ഷീയമായി ചിത്രീകരിച്ചു, കശ്മീര്‍ ഫയല്‍സ് നിരോധിച്ച് സിംഗപ്പൂര്‍

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീര്‍ ഫയല്‍സിന്റെ പ്രദര്‍ശനം നിരോധിച്ച് സിംഗപ്പൂര്‍. ചിത്രത്തില്‍ മുസ്ലീംകളെ ചിത്രീകരിച്ചിരിക്കുന്നത് ഏകപക്ഷീയമായ രീതിയിലാണെന്നും അത് നാട്ടിലെ മതസൗഹാര്‍ദത്തെ തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. സിംഗപ്പൂര്‍ വാര്‍ത്ത വിനിമയ മന്ത്രാലയത്തിന് കീഴിലുള്ള ഇന്‍ഫോകോം മീഡിയ ഡെവലപ്‌മെന്റ് അതോരിറ്റി (ഐ.എം.ഡി.എ)യാണ് വിലക്കേര്‍പ്പെടുത്തിയത്.

ആഭ്യന്തര, സാംസ്‌കാരിക-യുവജന മന്ത്രാലയങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് ഐ.എം.ഡി.എ അറിയിച്ചു. സിനിമയില്‍ കശ്മീരില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളില്‍ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് ചിത്രീകരിക്കുകയും മുസ്ലിംകളെ ഏകപക്ഷീയമായ രീതിയില്‍ അവതരിപ്പിക്കുകയും ചെയ്തതായി മന്ത്രാലയങ്ങള്‍ അഭിപ്രായപ്പെട്ടു. ഇത് ഫിലിം ക്ലാസിഫിക്കേഷന്‍ ചട്ടങ്ങളുടെ ലംഘനമാണെന്നും ഐ.എം.ഡി.എ പറയുന്നു.

സിംഗപ്പൂരിലെ ഏതെങ്കിലും മത, സാമൂഹികവിഭാഗങ്ങളെ വംശീയമായി അവഹേളിക്കുന്ന ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് ഫിലിം ക്ലാസിഫിക്കേഷന്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ പോന്നതാണ് ചിത്രം. സിംഗപ്പൂരിലെ ബഹുമത സമൂഹത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദവും സാമൂഹിക അഖണ്ഡതയും തകര്‍ക്കുന്നതാണിതെന്നും ഐ.എം.ഡി.എ സൂചിപ്പിക്കുന്നു.

റിലീസിന് ശേഷം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സിനിമയാണ് ദി കശ്മീര്‍ ഫയല്‍സ്. പാകിസ്താന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്താല്‍ കശ്മീരില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന ഹിന്ദു പണ്ഡിറ്റുകളുടെ കഥയെന്ന പേരിലാണ് ചിത്രം ആഘോഷിക്കപ്പെട്ടത്. അനുപം ഖേര്‍, മിഥുന്‍ ചക്രവര്‍ത്തി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in