'വെറുപ്പുളവാക്കുന്ന ഒരു തരം മനുഷ്യൻ'; മന്‍സൂര്‍ അലിഖാന്റെ സ്ത്രീ വിരുദ്ധ പരമാർശത്തിൽ കാർത്തിക്ക് സുബ്ബരാജ്

'വെറുപ്പുളവാക്കുന്ന ഒരു തരം മനുഷ്യൻ'; മന്‍സൂര്‍ അലിഖാന്റെ സ്ത്രീ വിരുദ്ധ പരമാർശത്തിൽ കാർത്തിക്ക് സുബ്ബരാജ്

നടി തൃഷയ്ക്കെതിരെ മന്‍സൂര്‍ അലിഖാൻ നടത്തിയ സ്ത്രീ വിരുദ്ധ പരമാർശങ്ങളിൽ പ്രതികരിച്ച് സംവിധായകൻ കാർത്തിക് സുബ്ബരാജ്. വെറുപ്പുളവാക്കുന്ന ഒരു തരം മനുഷ്യനാണ് അയാൾ എന്നാണ് കാർത്തിക് സുബ്ബരാജ് മന്‍സൂര്‍ അലിഖാനെക്കുറിച്ച് ട്വിറ്ററിൽ കുറിച്ചത്. ലോകേഷ് കനകരാജിന്റെ ലിയോ എന്ന ചിത്രത്തിന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിലാണ് മൻസൂർ അലിഖാൻ നടി തൃഷയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. ഇതിനെതിരെ തൃഷ തന്നെ രം​ഗത്ത് വന്നിരുന്നു. അയാളെപ്പോലെ മോശമായ ഒരാളുമായി സ്‌ക്രീൻ സ്‌പെയ്‌സ് പങ്കിടാത്തതിൽ സന്തോഷമുണ്ടെന്നും, തന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അത് ഒരിക്കലും സംഭവിക്കില്ലെന്ന് ഉറപ്പാക്കുമെന്നുമാണ് ട്വീറ്ററിലൂടെ തൃഷ പറഞ്ഞത്. തൃഷയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തു കൊണ്ടാണ് കാർത്തിക്ക് സുബ്ബരാജിന്റെ പ്രതികരണം.

വെറുപ്പുളവാക്കുന്ന ഒരു തരം മനുഷ്യനാണ് അയാൾ, ലജ്ജിക്കുന്നു മൻസൂർ അലിഖാൻ എന്നാണ് കാർത്തിക്ക് ട്വീറ്റ് ചെയ്തിരിക്കുന്നത്. തൃഷയുടെ ട്വീറ്റിന് പുറകേ സംവിധായകൻ ലോകേഷ് കനകരാജും മന്‍സൂര്‍ അലിഖാനെതിരെ രം​ഗത്ത് വന്നിരുന്നു. മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ കേട്ട് നിരാശയും രോഷവും തോന്നിയെന്നും സ്ത്രീകൾ, സഹ കലാകാരന്മാർ, പ്രൊഫഷണലുകൾ എന്നിവരോടുള്ള ബഹുമാനം എല്ലാ വ്യവസായത്തിലും വിലമതിക്കാനാവാത്ത ഒന്നായിരിക്കണം എന്നും പറഞ്ഞ ലോകേഷ് മൻസൂർ അലിഖാന്റെ ഈ പെരുമാറ്റത്തെ തികച്ചും അപലപിക്കുന്നുവെന്ന് പറഞ്ഞു. തൃഷയ്ക്ക് പിന്തുണയുമായി നടി മാളവിക മോഹനും രം​ഗത്ത് എത്തിയിരുന്നു. മന്‍സൂര്‍ അലിഖാൻ നടത്തിയ പ്രസ്താവന വെറുപ്പുളവാക്കുന്നതാണെന്നും അയാളോട് ലജ്ജ തോന്നുന്നുവെന്നും ഇത് അപമാനകരമാണെന്നും മാളവിക ട്വിറ്ററിൽ കുറിച്ചു.

മുൻപൊരു സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ ലിയോയിൽ തൃഷയെ ഇടാൻ പറ്റിയില്ലെന്നും ലിയോ സിനിമയിൽ റേപ്പ് സീനുകളൊന്നുമില്ലെന്നും തൃഷയോടൊപ്പം ഉറപ്പായും ഒരു ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചെന്നുമായിരുന്നു അഭിമുഖത്തിൽ മന്‍സൂര്‍ അലിഖാന്റെ പരാമർശം.

Related Stories

No stories found.
logo
The Cue
www.thecue.in