

മലയാളത്തിലെ ആദ്യമ്യൂസിക്കൽ ഹൊറർ കോമഡി ചിത്രമായ 'കറക്കം' ട്രെയ്‌ലർ മമ്മൂട്ടി കമ്പനി ലോഞ്ച് ചെയ്തു. കൊച്ചിയിലെ പി.വി.ആർ. ഫോറം മാളിൽനടന്ന ചടങ്ങിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെയും താരങ്ങളുടെയും സാന്നിധ്യത്തിൽ ട്രെയ്‌ലർ സ്‌ക്രീനിങ് നടന്നു. തുടർന്ന് മമ്മൂട്ടി കമ്പനിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി റിലീസ് ചെയ്തു. മുൻപ് ചിത്രത്തിന്റെ ടീസർ നടൻ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ വഴി റിലീസ് ചെയ്തിരുന്നു.
പുതുമയുള്ള ദൃശ്യാവിഷ്‌കാരങ്ങളും ത്രസിപ്പിക്കുന്ന സംഗീതവും ചേർത്ത് ഒരുക്കിയ ട്രെയ്‌ലർ, പതിവ് ഹൊറർ ചിത്രങ്ങളുടെ ചട്ടക്കൂടുകൾക്കപ്പുറം സഞ്ചരിക്കുന്ന വ്യത്യസ്തമായ എന്റർടെയ്‌നറിന്റെ സൂചന നൽകുന്നു. അമാനുഷിക സംഭവങ്ങൾ കഥയെ മുന്നോട്ട് നയിക്കുമ്പോൾ കഥാപാത്രങ്ങൾ നേരിടുന്ന അപ്രതീക്ഷിത സംഭവങ്ങളും നർമനിമിഷങ്ങളും ട്രെയ്‌ലറിനെ കൂടുതൽ ആകർഷകമാക്കുന്നു. ഒരു കൂട്ടം യുവാക്കളുടെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന റെട്രോ ആത്മാക്കളും തുടർന്നുണ്ടാകുന്ന വിചിത്രവും രസകരവുമായ സംഭവങ്ങളുമാണ് കഥയുടെ പശ്ചാത്തലം.
ശ്രീനാഥ് ഭാസി, ഫെമിന ജോർജ്, ഷൗൺ റോമി, സിദ്ധാർഥ് ഭരതൻ, അഭിരാം രാധാകൃഷ്ണൻ, പ്രവീൺ ടി.ജെ. എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം മലയാള സിനിമ ലോകത്തെ പുതുപുത്തൻ ദൃശ്യാനുഭവമാണ് പ്രേക്ഷകർക്കായി ഒരുക്കുന്നത്. ബ്ലാക്ക് ടർട്ടിൽ പ്രൊഡക്ഷൻസിന്റെയും ക്രൗൺസ്റ്റാർസ് എന്റർടെയ്ൻമെന്റ്‌സിന്റേയും ബാനറിൽ അങ്കുഷ് സിങ്, കിംബർളി ട്രിനിഡാഡ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചാൾസ് എന്റർപ്രൈസസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുഭാഷ് ലളിത സുബ്രഹ്‌മണ്യനാണ് സംവിധാനം. ധനുഷ് വർഗീസിന്റെ കഥയെ ആസ്പദമാക്കി നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്‌മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് സാം സി.എസ്. ആണ്. ബബ്ലു അജു ഛായാഗ്രഹണവും നിതിൻ രാജ് അറോൾ എഡിറ്റിങ്ങും നിർവഹിക്കുന്നു. അൻവർ അലി, വിനായക് ശശികുമാർ, മുഹ്‌സിൻ പരാരി, ഹരീഷ് മോഹനൻ, സു എന്നിവർ ഗാനരചനയും രാജേഷ് പി. വേലായുധൻ കലാസംവിധാനവും അരവിന്ദ് മേനോൻ സൗണ്ട് മിക്‌സിങ്ങും സിങ്ക് സിനിമ സൗണ്ട് ഡിസൈനും നിർവഹിക്കുന്നു. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രനാണ് ചിത്രത്തിന്റെ മാർക്കറ്റിങ്ങും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത്.