ആ​ഗോള ബിസിനസ്സിൽ നൂറ് കോടി; നേട്ടവുമായി മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ്

ആ​ഗോള ബിസിനസ്സിൽ നൂറ് കോടി; നേട്ടവുമായി മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ്

ആ​ഗോള ബിസിനസ്സിൽ നൂറ് കോടി നേടി മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ്. ഛായാ​ഗ്രാഹകൻ റോബി വർ​ഗീസ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. ചിത്രം നൂറ് കോടി കടന്നു എന്ന വാർത്ത നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ലോക വ്യാപകമായി സെപ്റ്റംബർ 28 ന് റിലീസ് ചെയ്ത ചിത്രം തിയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് പ്രതികളെ അന്വേഷിച്ച് പോകുന്ന പൊലീസുകാരുടെ കഥയാണ് ചിത്രം പറയുന്നത്.

ആ​ഗോള ബിസിനസ്സിൽ കണ്ണൂർ സ്ക്വാഡ് 100 കോടി എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നുവെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നാണ് വാർത്ത പങ്കുവച്ചു കൊണ്ട് മമ്മൂട്ടി കമ്പനി എഴുതിയത്. ഈ വിജയത്തിന് പിന്നിലെ പ്രേരകശക്തിയായ പ്രേക്ഷകരുടെ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും മമ്മൂട്ടി കമ്പനി അറിയിച്ചു. എ എസ് ഐ ജോർജ് മാർട്ടിൻ എന്ന പോലീസുകാരനെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മമ്മൂട്ടിക്കൊപ്പം റോണി ഡേവിഡ്, അസീസ് നെടുമങ്ങാട്, ശബരീഷ്, എന്നിവരാണ് സ്ക്വാഡ് മെമ്പേഴ്സായി എത്തുന്നത്. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് 'കണ്ണൂര്‍ സ്‌ക്വാഡ്'. മമ്മൂട്ടി ചിത്രങ്ങളായ 'ദി ഗ്രേറ്റ് ഫാദര്‍', 'പുതിയ നിയമം' തുടങ്ങിയവയുടെ ഛായാഗ്രാഹകനായിരുന്നു റോബി വര്‍ഗീസ് രാജ്. റോബിയുടെ സഹോദരനും നടനുമായ റോണി ഡേവിഡും മുഹമ്മദ് ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

സണ്ണി വെയ്ൻ , വിജയരാഘവൻ, കിഷോർ തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട വേഷങ്ങളിലെത്തുന്നുണ്ട്. മുഹമ്മദ് റാഹിലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീണ്‍ പ്രഭാകര്‍. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തര്‍പ്രദേശ്, മംഗളൂരു, ബെല്‍ഗം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in