ബിജെപി പറഞ്ഞാല്‍ തെരഞ്ഞെടുപ്പിലേക്കും റെഡിയാണ്, ഹിമാചലില്‍ മത്സരിക്കാന്‍ തയ്യാറെന്ന് കങ്കണ റണാവത്

ബിജെപി പറഞ്ഞാല്‍ തെരഞ്ഞെടുപ്പിലേക്കും റെഡിയാണ്, ഹിമാചലില്‍ മത്സരിക്കാന്‍ തയ്യാറെന്ന് കങ്കണ റണാവത്

ബിജെപി പറഞ്ഞാല്‍ ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ഞാന്‍ അവിടെ മത്സരിക്കണം എന്നുണ്ടെങ്കില്‍ എനിക്കതില്‍ അഭിമാനമാണ്. അതുകൊണ്ട് തന്നെ അത് തന്റെ ഭാഗ്യമായിരിക്കുമെന്ന് കങ്കണ പറഞ്ഞു. അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഷിംലയില്‍ നടന്ന പഞ്ചായത്ത് ആജ് തക് കോണ്‍ക്ലേവില്‍ രാഷ്ട്രീയപ്രവേശത്തെ കുറിച്ചുണ്ടായ ചോദ്യത്തിനാണ് കങ്കണയുടെ മറുപടി.

സാഹചര്യം എന്തായിരുന്നാലും, സര്‍ക്കാരിന് എന്റെ പങ്കാളിത്തം ആവശ്യമെങ്കില്‍ എല്ലാത്തരം പങ്കാളിത്തത്തിനും ഞാന്‍ തയ്യാറായിരിക്കും. ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ഞാന്‍ അവിടെ മത്സരിക്കണം എന്നുണ്ടെങ്കില്‍ എനിക്കതില്‍ അഭിമാനമാണ്. എനിക്കതില്‍ ഒരു പ്രശ്‌നവുമില്ല, അതുകൊണ്ടുതന്നെ അതെന്റെ ഏറ്റവും വലിയ ഭാഗ്യമായിരിക്കും

കങ്കണ റണാവത്

കങ്കണയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ ടിക്കറ്റ് നല്‍കുന്ന കാര്യത്തില്‍ അന്തിമതീരുമാനം പാര്‍ട്ടി നേതൃത്വം അന്തിമ തീരുമാനമെടുക്കുമെന്നും കങ്കണയോടൊപ്പം വേദിയിലുണ്ടായിരുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നന്ദ പ്രതികരിച്ചത്. അടുത്ത മാസം 12 നാണ് ഹിമാചലില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ഡിസംബര്‍ 8 ന് വോട്ടെണ്ണും.

സര്‍വേശ് മേവാര സംവിധാനം ചെയ്യുന്ന തേജസാണ് കങ്കണയുടെ അടുത്തതായി റിലീസിനെത്തുന്ന സിനിമ. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി കങ്കണ തന്നെ സംവിധാനം ചെയ്യുന്ന എമെര്‍ജന്‍സിയും നിര്‍മ്മാണത്തിലാണ്. രസ്‌നീഷ് ഘായ് സംവിധാനം ചെയ്ത ധാക്കഡാണ് കങ്കണ റണാവത്തിന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Related Stories

No stories found.
logo
The Cue
www.thecue.in