'സംസ്ഥാന പുരസ്കാരത്തിന് മുമ്പ് പലപ്പോഴും കൃത്യമായ പ്രതിഫലം പോലും ലഭിച്ചിരുന്നില്ല'; അഭിനേതാക്കൾക്ക് മിനിമം വേതനം ലഭിക്കേണ്ടതാണെന്ന് കനി

'സംസ്ഥാന പുരസ്കാരത്തിന് മുമ്പ് പലപ്പോഴും കൃത്യമായ പ്രതിഫലം പോലും ലഭിച്ചിരുന്നില്ല'; അഭിനേതാക്കൾക്ക് മിനിമം വേതനം ലഭിക്കേണ്ടതാണെന്ന് കനി

സംസ്ഥാന പുരസ്കാരം ലഭിക്കുന്നതിന് മുമ്പ് മലയാളത്തിൽ അഭിനയിക്കാൻ പോകുന്ന സമയത്ത് പ്രതിഫലത്തെക്കുറിച്ച് പറയുമ്പോൾ ബഹുമാനം കിട്ടാറുണ്ടായിരുന്നില്ല എന്നും പലപ്പോഴും കൃത്യമായി പ്രതിഫലം ലഭിക്കാത്ത സഹചര്യം ഉണ്ടായിട്ടുണ്ട് എന്നും നടി കനി കുസൃതി. അവാർഡ് ലഭിച്ചതിന് ശേഷമല്ല ഇത്തരത്തിലുള്ള പരി​ഗണനകൾ ഒരാൾക്ക് നൽകേണ്ടത് എന്നും എല്ലാ അഭിനേതാക്കൾക്കും മിനിമം വേതനം ലഭിക്കേണ്ട ഒരു സിസ്റ്റം ഇവിടെയുണ്ടാകേണ്ടതാണെന്ന് നോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ കനി കുസൃതി പറഞ്ഞു.

കനി കുസൃതി പറഞ്ഞത്:

സംസ്ഥാന പുരസ്കാരം ലഭിക്കുന്നതിനു മുൻപ് മലയാളത്തിൽ ഏതെങ്കിലും കഥാപാത്രം അഭിനയിക്കാൻ പോകുന്ന സമയത്ത്, പ്രതിഫലത്തെക്കുറിച്ചു പറയുമ്പോൾ അതിനൊരു ബഹുമാനം കിട്ടാറില്ല. പലപ്പോലും കൃത്യമായ പ്രതിഫലം പോലും ലഭിക്കാറില്ല. സംസ്ഥാന പുരസ്കാരം കിട്ടിയതിനു ശേഷം ആളുകളിൽ നിന്ന് കിട്ടേണ്ട പരിഗണന കിട്ടുന്നുണ്ട്. ഇതൊന്നും അവാർഡ് കിട്ടിയിട്ടല്ല ഒരാൾക്കു നൽകേണ്ടത്. എല്ലാ അഭിനേതാക്കൾക്കും മിനിമം വേതനം കിട്ടേണ്ടതാണ്. പക്ഷേ, ഇവിടെ അങ്ങനെ ഒരു സിസ്റ്റം ഇല്ലല്ലോ. ഇത്ര അനുഭവപരിചയമുള്ളവർക്ക് ഇത്ര വേതനം എന്നൊരു രീതിയൊന്നുമില്ല. അതൊക്കെ ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി നന്നായിരുന്നു എന്നു തോന്നും. നമ്മൾ ഓരോന്നിനായി ഇങ്ങനെ വില പേശേണ്ടി വരില്ലായിരുന്നു.

കാന്‍ ചലച്ചിത്രമേളയില്‍ ഗ്രാന്‍ഡ് പ്രീ പുരസ്ക്കാരം നേടി ചരിത്രം സൃഷ്ട്ടിച്ച് സിനിമയാണ് പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ ചിത്രത്തിന് കാനില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം ലഭിക്കുന്നത്. ചിത്രത്തിലെ പ്രഭ, അനു എന്നീ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മലയാളി താരങ്ങളായ ദിവ്യ പ്രഭയും കനി കുസൃതിയുമാണ്. പലസ്തീന്‍ ജനതയ്ക്ക് പിന്തുണയുമായി പാതിമുറിച്ച തണ്ണിമത്തന്റെ ആകൃതിയിലുള്ള വാനിറ്റി ബാഗുമായി കനി കുസൃതി കാന്‍സ് വേദിയുടെ റെഡ് കാര്‍പ്പെറ്റില്‍ എത്തിയത് വലിയ ചർച്ചയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in