പ്രകടിപ്പിച്ച നിലപാടുകളെയും അഭിപ്രായങ്ങളെയും വിപരീത തരത്തിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നു; മലയാളിയുടെ 'കുന്നായ്മത്തരത്തിനെതിരെ' കനി

പ്രകടിപ്പിച്ച നിലപാടുകളെയും അഭിപ്രായങ്ങളെയും വിപരീത തരത്തിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നു; മലയാളിയുടെ 'കുന്നായ്മത്തരത്തിനെതിരെ' കനി

കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിലെ തന്റെ പാലസ്തീൻ ഐക്യദാർഢ്യത്തിൻ്റെ പാശ്ചാത്തലത്തിൽ ബിരിയാണി എന്ന തന്റെ ചിത്രത്തെക്കുറിച്ച് ഓൺലെെൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭിപ്രായങ്ങൾ എഡിറ്റ് ചെയ്തവയാണ് എന്ന് കനി കുസൃതി. ബിരിയാണി എന്ന ചിത്രത്തെക്കുറിച്ച് മറ്റു മാധ്യമങ്ങളിൽ പരസ്യമായി പ്രകടിപ്പിച്ച നിലപാടുകളെയും അഭിപ്രായങ്ങളെയും താൻ പറ‍ഞ്ഞ അർത്ഥത്തിൽ നിന്നും അർത്ഥത്തിൽ നിന്നും തികച്ചും വിപരീതമായ തരത്തിലേക്ക് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണ് എന്നും ഇത് തന്റെ അറിവോടെ സംഭവിക്കുന്നതല്ല എന്ന കാരണത്താൽ തന്നെ പ്രസ്തുത ഉള്ളടക്കങ്ങളിലെ ആരോപണങ്ങൾക്കും അഭിപ്രായങ്ങൾക്കും താൻ ഒരു തരത്തിലും ഉത്തരവാദിയല്ല എന്നും ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ കനി കുസൃതി പറഞ്ഞു.

കനി കുസൃതിയുടെ പോസ്റ്റ്:

പായൽ കപാഡിയയുടെ All we imagine as light എന്ന ഞാൻ കൂടി ഭാഗമായ ചിത്രം കാൻ ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ടപ്പോൾ, ഫെസ്റ്റിവൽ വേദിയിലെ എൻ്റെ പാലസ്തീൻ ഐക്യദാർഢ്യത്തിൻ്റെ പാശ്ചാത്തലത്തിൽ, മലയാളത്തിൽ സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രത്തിൽ ഞാൻ അഭിനയിച്ചതിനെച്ചൊല്ലി ധാരാളം ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഞാൻ നൽകാത്ത അഭിമുഖങ്ങളും എൻ്റേതല്ലാത്ത അഭിപ്രായങ്ങളും നിലപാടുകളും ചില ഓൺലൈൻ മാധ്യമങ്ങളിൽ കാണുകയുണ്ടായി. ഞാൻ മറ്റു മാധ്യമങ്ങളിൽ പരസ്യമായി പ്രകടിപ്പിച്ച നിലപാടുകളെയും അഭിപ്രായങ്ങളെയും ഞാൻ പറഞ്ഞ അർത്ഥത്തിൽ നിന്നും തികച്ചും വിപരീതമായി അവർ ഉദ്ദേശിക്കുന്ന തരത്തിലേക്ക് എഡിറ്റ് ചെയ്താണ് ഇക്കൂട്ടർ ഇന്റർവ്യൂ വീഡിയോയും മറ്റ് ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നത്. ഇത് എൻ്റെ അറിവോടെ സംഭവിക്കുന്നതല്ല എന്ന കാരണത്താൽ തന്നെ പ്രസ്തുത ഉള്ളടക്കങ്ങളിലെ ആരോപണങ്ങൾക്കും അഭിപ്രായങ്ങൾക്കും ഞാൻ ഒരു തരത്തിലും ഉത്തരവാദിയല്ല എന്നു പറയട്ടെ..

PS : ഇത് മലയാളത്തിൽ മാത്രമേ എഴുതേണ്ടി വന്നു എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കുമല്ലോ

ബിരിയാണി എന്ന സിനിമയുടെ രാഷ്ട്രീയവുമായി തനിക്ക് യോജിപ്പില്ല എന്ന് മുമ്പ് പല അഭിമുഖങ്ങളിലായി കനി കുസൃതി വ്യക്തമാക്കിയിട്ടുള്ളതാണ്. ആ സമയത്തെ സാമ്പത്തിക ബു​ദ്ധിമുട്ടാണ് സിനിമ ചെയ്യാൻ പ്രേരിപ്പിച്ചത് എന്നും കനി പറഞ്ഞിരുന്നു. അതേ സമയം കാൻ ചലച്ചിത്രമേളയിലെ ഇന്ത്യൻ സിനിമയായ ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ നേട്ടത്തെ ഇകഴ്ത്തിക്കാണിക്കാൻ താൻ സംവിധാനം ചെയ്ത ബിരിയാണി എന്ന സിനിമയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട ചർച്ച ഉപയോഗിക്കരുത് എന്ന് കഴിഞ്ഞ ദിവസം സംവിധായകൻ സജിൻ ബാബുവും പറഞ്ഞിരുന്നു.

കാന്‍ ചലച്ചിത്രമേളയില്‍ ഗ്രാന്‍ഡ് പ്രീ പുരസ്ക്കാരം നേടി ചരിത്രം സൃഷ്ട്ടിച്ച് സിനിമയാണ് പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ ചിത്രത്തിന് കാനില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം ലഭിക്കുന്നത്. ചിത്രത്തിലെ പ്രഭ, അനു എന്നീ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മലയാളി താരങ്ങളായ ദിവ്യ പ്രഭയും കനി കുസൃതിയുമാണ്. പലസ്തീന്‍ ജനതയ്ക്ക് പിന്തുണയുമായി പാതിമുറിച്ച തണ്ണിമത്തന്റെ ആകൃതിയിലുള്ള വാനിറ്റി ബാഗുമായി കനി കുസൃതി കാന്‍സ് വേദിയുടെ റെഡ് കാര്‍പ്പെറ്റില്‍ എത്തിയത് വലിയ ചർച്ചയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in