കങ്കണ-കരൺ ജോഹർ വഴക്ക് ബോളിവുഡിന് പുതിയ കാഴ്ചയല്ല. 'കോഫി വിത്ത് കരൺ' എന്ന ഷോയിൽ നെപ്പോട്ടിസത്തിന് കൊടി പിടിക്കുന്നയാൾ എന്നും മൂവി മാഫിയ എന്നും കരൺ ജോഹറിനെ പരസ്യമായി വിശേഷിപ്പിച്ചതിന് പിന്നാലെ അതിനെ ചൊല്ലിയുള്ള കങ്കണയുടെയും കരൺ ജോഹറിന്റെയും തുറന്ന തർക്കങ്ങൾക്ക് ബി ടൗൺ സാക്ഷ്യം വഹിച്ചിട്ടുണ്ട്. പല അഭിമുഖങ്ങളിലും കരൺ ജോഹറിനെ പരസ്യമായി തന്നെ ഇപ്പോഴും കങ്കണ വിമർശിക്കാറുമുണ്ട്. ഇതിനിടെ ഒരു കരൺ ജോഹർ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചാൽ പോകുമോയെന്ന ചോദ്യത്തിന് കങ്കണ ഇപ്പോൾ മറുപടി പറഞ്ഞിരിക്കുകയാണ്. എമർജൻസി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഐഡൽ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കവേയാണ് കങ്കണ ഈ ചോദ്യത്തിന് മറുപടി പറഞ്ഞത്.
താങ്കളും കരൺ ജോഹറും തമ്മിലുള്ള പ്രശ്നം എല്ലാവർക്കും അറിയാം എന്നാൽ എപ്പോഴെങ്കിലും അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ ഒരു അവസരം വരികയാണെങ്കിൽ തങ്കൾ അത് സ്വീകരിക്കുമോ എന്നാണ് കങ്കണയോട് അവതാരക ചോദിച്ചത്. ഞാൻ അദ്ദേഹത്തിന്റെ സിനിമയിലല്ല, അദ്ദേഹം എന്റെ സിനിമയിൽ അഭിനയിക്കണം എന്നാണ് എനിക്ക് തോന്നുന്നതെന്ന് കങ്കണ മറുപടി പറഞ്ഞു. അദ്ദേഹത്തിന് താൻ നല്ലൊരു കഥാപാത്രത്തെ തന്നെ തന്റെ സിനിമയിൽ കൊടുക്കുമെന്നും അതൊരിക്കലും ഒരു അമ്മായിയമ്മ-മരുമകൾ പരദൂഷണ സിനിമയായിരിക്കില്ലെന്നും കങ്കണ കൂട്ടിച്ചേർത്തു.
കങ്കണ റണോത്ത് പറഞ്ഞത്:
എനിക്ക് ഇത് പറയുന്നതിൽ വിഷമമുണ്ട്, പക്ഷേ അദ്ദേഹം എന്റെ കൂടെ ഒരു സിനിമ ചെയ്യണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ അദ്ദേഹത്തിന് വളരെ നല്ലൊരു റോൾ കൊടുക്കും. മാത്രമല്ല വളരെ നല്ലൊരു സിനിമയായിരിക്കും ഞാൻ ചെയ്യുന്നത്. അതൊരിക്കലും അമ്മായിയമ്മയും മരുമകളും ഒരുമിച്ചിരുന്ന് പരദൂഷണം പറയുന്നൊരു സിനിമയായിരിക്കില്ല. അതൊരിക്കലും പി.ആറിന് വേണ്ടിയുമാകില്ല ഞാൻ ചെയ്യുന്നത്. അതൊരു ശരിയായ സിനിമയായിരിക്കും മാത്രമല്ല അതിൽ അദ്ദേഹത്തിന് കൃത്യമായ ഒരു കഥാപാത്രത്തെയും ഞാൻ നൽകിയിരിക്കും.
1975 ലെ അടിയന്തരാവസ്ഥ ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് എമര്‍ജന്‍സി. ചിത്രം ജനുവരി പതിനേഴിന് തിയറ്ററുകളിലെത്തും. ചിത്രത്തിൽ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ കഥാപാത്രത്തെയാണ് കങ്കണ റണോത്ത് അവതരിപ്പിക്കുന്നത്. മണികര്‍ണ്ണികയ്ക്ക് ശേഷം കങ്കണ റണോത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് എമര്‍ജന്‍സി. കങ്കണയുടെ തന്നെ നിര്‍മ്മാണ കമ്പനിയായ മണികര്‍ണ്ണിക ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥയും കങ്കണയുടേതാണ്. റിതേഷ് ഷായാണ് എമർജൻസിയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.