നിങ്ങൾ സിനിമ കണ്ടു നോക്കൂ, ചിലപ്പോൾ‌ ഇഷ്ടപ്പെടും; എമർജൻസി കാണാൻ പ്രിയങ്ക ​ഗാന്ധിയെ ക്ഷണിച്ചുവെന്ന് കങ്കണ റണൗട്ട്

നിങ്ങൾ സിനിമ കണ്ടു നോക്കൂ, ചിലപ്പോൾ‌ ഇഷ്ടപ്പെടും; എമർജൻസി കാണാൻ പ്രിയങ്ക ​ഗാന്ധിയെ ക്ഷണിച്ചുവെന്ന് കങ്കണ റണൗട്ട്
Published on

അടിയന്തരാവസ്ഥ പ്രമേയമാക്കി നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് എമര്‍ജന്‍സി. ജനുവരി ഏഴിനാണ് ചിത്രം തിയറ്ററുകളിലെത്തുക. ചിത്രത്തിൽ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ കഥാപാത്രത്തെയാണ് കങ്കണ റണൗട്ട് അവതരിപ്പിക്കുന്നത്. എമർജൻസി കാണുവാനായി താൻ പ്രിയങ്ക ​ഗാന്ധിയെ ക്ഷണിച്ചുവെന്ന് പറയുകയാണ് ഇപ്പോൾ കങ്കണ റണൗട്ട്. പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കങ്കണ ഈ കാര്യം പറഞ്ഞത്.

കങ്കണ റണൗട്ട് പറഞ്ഞത്:

ഞാൻ പാർലമെൻ്റിൽ വച്ച് ശ്രീമതി പ്രിയങ്ക ഗാന്ധിയെ കണ്ടു. എൻ്റെ ജോലിയെയും മുടിയെയും കുറിച്ച് അവർ എന്നെ അഭിനന്ദിച്ചു. നിങ്ങൾക്ക് അറിയാമോ ഞാൻ എമർജൻസി എന്നൊരു സിനിമ ചെയ്തിട്ടുണ്ട്. നിങ്ങൾ അത് തീർച്ചയായും കാണണം ചിലപ്പോൾ നിങ്ങൾക്ക് അത് ഇഷ്ടപ്പെടും എന്നു ഞാൻ പറഞ്ഞു. ചിലപ്പോൾ ഇഷ്ടപ്പെട്ടാക്കാം എന്ന് അവർ എന്നോട് മറുപടിയും പറഞ്ഞു. അവർക്ക് അത് ഇഷ്ടപ്പെടുമെന്നാണ് ഞാൻ കരുതുന്നത്.

1975ലെ അടിയന്തരാവസ്ഥ ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് എമര്‍ജന്‍സി. മണികര്‍ണ്ണികയ്ക്ക് ശേഷം കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് എമര്‍ജന്‍സി. കങ്കണയുടെ തന്നെ നിര്‍മ്മാണ കമ്പനിയായ മണികര്‍ണ്ണിക ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥയും കങ്കണയുടേതാണ്. റിതേഷ് ഷായാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

എമർജൻസി നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് മുമ്പ് പഞ്ചാബില്‍ പ്രക്ഷോഭം നടന്നിരുന്നു. സിനിമ സിഖ് വിരുദ്ധമാണെന്നും സിഖുകാരെ മോശമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം ഉയർന്നത്. കൊല്ലപ്പെട്ട സിഖ് തീവ്രവാദി ജര്‍നൈല്‍ സിംഗ് ഭിന്ദ്രന്‍വാലെ, പ്രത്യേക സിഖ് സംസ്ഥാനത്തിന് പകരം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വോട്ട് നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് ഇന്ദിരാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നത് ട്രെയിലറില്‍ കാണിച്ചിരുന്നു. ഇതാണ് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയത്. സിഖ് നേതാവ് സരബ്ജിത് സിംഗ് ഖല്‍സയാണ് ട്രെയിലര്‍ പുറത്തിറങ്ങിയതിന് ശേഷം ചിത്രത്തിനെതിരെ ആദ്യം എതിര്‍പ്പുമായി മുന്നോട്ടു വന്നത്. പിന്നീട് പഞ്ചാബിലെ മുന്‍ ഭരണകക്ഷിയായ ശിരോമണി അകാലിദള്‍ (എസ്എഡി) ചിത്രത്തിന്റെ റിലീസിനെ എതിര്‍ത്തുകൊണ്ട് മുന്നോട്ട് വന്നു. ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി മാന്‍ ഭഗവന്തിനോട് ഭരണകക്ഷി ആവശ്യപ്പെടുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 6 ന് പ്രദർശനം നിശ്ചയിച്ച ചിത്രം സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് റിലീസ് മാറ്റിയത്. ചിത്രം ജനുവരി 17 ന് തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in