മണിരത്നം - കമൽ ഹാസൻ ചിത്രം തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ച് മാറ്റിവച്ചു. രാജ്യത്തിന്റെ അതിര്‍ത്തിയിൽ നടക്കുന്ന സംഭവവികാസങ്ങളും നിലവിലെ ജാഗ്രതയും കണക്കിലെടുത്താണ് തീരുമാനം എന്ന് കമൽ ഹാസൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു. 35 വർഷങ്ങൾക്കിപ്പുറം കമൽ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. നമ്മുടെ സൈനികർ നമ്മുടെ മാതൃരാജ്യത്തിന്റെ പ്രതിരോധത്തിൽ അചഞ്ചലമായ ധൈര്യത്തോടെ മുൻനിരയിൽ ഉറച്ചുനിൽക്കുന്നതിനാൽ, ഇത് ആഘോഷിക്കാനുള്ള സമയമല്ല, നിശബ്ദ ഐക്യദാർഢ്യത്തിനുള്ള സമയമാണെന്ന് ഞാൻ വിശ്വസിക്കുന്നു. പുതിയ തീയതി പിന്നീട്, കൂടുതൽ ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു. മെയ് 16 ന് ആയിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് തീരുമാനിച്ചിരുന്നത്. ജൂൺ 5 ന് ആണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുക.
നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിനായി ജാഗ്രതയോടെ നിലകൊള്ളുന്ന നമ്മുടെ സായുധ സേനയിലെ ധീരരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും ചിന്തകൾക്കൊപ്പമാണ് ഈ സമയത്ത് നാം നിലനിൽക്കേണ്ടത്. പൗരന്മാരെന്ന നിലയിൽ, സംയമനത്തോടെയും ഐക്യദാർഢ്യത്തോടെയും പ്രതികരിക്കേണ്ടത് നമ്മുടെ കടമയാണ്. ആഘോഷം പ്രതിഫലനത്തിന് വഴിയൊരുക്കണം എന്നും കമൽ ഹാസൻ പറഞ്ഞു. നായകൻ എന്ന ചിത്രത്തിന് തഗ് ലൈഫിലൂടെ മണിരത്നവും കമൽ ഹാസനും വലിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുകയാണ്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, മണിരത്‌നം, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സിലംബരശൻ, തൃഷ, നാസർ, ജോജു ജോർജ്, അലി ഫസൽ, അശോക് സെൽവൻ, നാസർ, വയ്യാപൂരി, ഐശ്വര്യ ലക്ഷ്മി, അഭിരാമി, സാനിയ മൽഹോത്ര എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രാഹകൻ- രവി കെ ചന്ദ്രൻ, സംഗീത സംവിധായകൻ എ ആർ റഹ്മാൻ, എഡിറ്റർ ശ്രീകർ പ്രസാദ്, ആക്ഷൻ സംവിധായകരായ അൻബരിവ് എന്നിവർ തഗ് ലൈഫിൻ്റെ സാങ്കേതിക സംഘത്തിലുണ്ട്. പി ആർ ഓ പ്രതീഷ് ശേഖർ.