സേനാപതി വീണ്ടുമെത്തുമ്പോൾ നായകൻ സംതൃപ്തൻ ; ഇന്ത്യൻ 2 രം​ഗങ്ങൾ കണ്ട് ശങ്കറിനെ അഭിനന്ദിച്ച് കമൽഹാസൻ

സേനാപതി വീണ്ടുമെത്തുമ്പോൾ നായകൻ സംതൃപ്തൻ ; ഇന്ത്യൻ 2 രം​ഗങ്ങൾ കണ്ട് ശങ്കറിനെ അഭിനന്ദിച്ച് കമൽഹാസൻ

1996 ൽ ശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രമായിരുന്നു ഇന്ത്യൻ. കമൽഹാസൻ ഇരട്ടവേഷത്തിലെത്തിയ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. 22 വർഷങ്ങൾക്ക് ശേഷം ഇരുവരും ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിന് വേണ്ടി വീണ്ടും ഒന്നിക്കുകയാണ്. കമലിന്റെ ആരാധകർ ഏറ്റവും അധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ 2വിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ 2 വിലെ ചിത്രീകരിച്ച രം​ഗങ്ങൾ കണ്ട് സംവിധായകൻ ശങ്കറിനെ അഭിനന്ദിച്ച് കമൽഹാസൻ വാച്ച് സമ്മാനമായി നൽകി. എട്ട് ലക്ഷത്തോളം വില വരുന്ന പനേരായ് ലൂമിനോർ എന്ന കമ്പനിയുടെ വാച്ചാണ് കമൽഹാസൻ നൽകിയത്. ഒരു കലാകാരൻ എന്ന നിലയിൽ ഏറ്റവും ഉയർച്ചയിലാണ് ശങ്കർ ഇപ്പോൾ ഉള്ളതെന്നും ഇനിയും വലിയ ഉയരങ്ങളിലേക്ക് അദ്ദേഹം എത്തിച്ചേരണമെന്നും കമൽഹാസൻ തന്റെ ട്വിറ്ററിലൂടെ കുറിച്ചു.

കമൽഹാസന്റെ ട്വീറ്റിന്റെ പൂർണ്ണ രൂപം :

ഇന്ന് ഇന്ത്യൻ 2 എന്ന സിനിമയുടെ പ്രധാന രംഗങ്ങൾ കണ്ടു. സംവിധായകൻ ശങ്കറിന് എന്റെ എല്ലാ വിധ ഭാവുകങ്ങളും. ഇത് നിങ്ങളുടെ പീക് ആയി മാറാൻ പാടില്ല എന്നാണ് എന്റെ ഉപദേശം. ഈ വിജയത്തിൽ ഒരിക്കലും അഹങ്കരിക്കരുത്. കാരണം നിങ്ങളുടെ കലാജീവിതത്തിലെ ഏറ്റവും ഉയർന്ന ഘട്ടമാണ് ഇത്. ഇനിയും വലിയ ഉയരങ്ങളിലേക്ക് എത്തണം.

ഒരിക്കലും താൻ ഏറ്റവും മികച്ചത് നൽകുന്നത് നിർത്തില്ലെന്നും തന്റെ ഹൃദയം നന്ദിയും സന്തോഷവും കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നും കമൽ ഹാസന് മറുപടിയായി ശങ്കർ ട്വിറ്ററിൽ കുറിച്ചു. താങ്കളുടെ പ്രകടനവും സാന്നിധ്യവും സിനിമയ്ക്ക് ഒരു ഉയർവാണ് നൽകിയത്. ഈ പ്രത്യേക നിമിഷത്തെ അനുസ്മരിക്കാനുള്ള ടോക്കണിന് നന്ദിയുണ്ടെന്നും ഈ നിമിഷത്തെ ഒരിക്കലും മറക്കില്ലെന്നും ശങ്കർ കൂട്ടിച്ചേർത്തു.

ചിത്രത്തിൽ സേനാപതി എന്ന സ്വാതന്ത്ര്യ സമര സേനാനിയായി കമല്‍ വീണ്ടും സ്‌ക്രീനിലെത്തും. കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത്, ബോബി സിംഹ, സിദ്ധാര്‍ത്ഥ്, ഗുരു സോമസുന്ദരം, സമുദ്രക്കനി, എസ് ജെ സൂര്യ, കാളിദാസ് ജയറാം, പ്രിയ ഭവാനി ശങ്കർ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നവർ. ആർ. രത്നവേലു, രവിവർമൻ എന്നിവരാണ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധാണ്. 'വിക്രം' എന്ന ചിത്രത്തിന് ശേഷം അനിരുദ്ധ് രവിചന്ദറും കമൽ ഹാസനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇന്ത്യൻ 2.

റെഡ് ജയന്റ് മൂവീസും ലൈക്ക പ്രൊഡക്ഷന്സും ചേർന്നാണ് ഇന്ത്യൻ 2 നിർമിക്കുന്നത്. ചിത്രത്തിന്റെ അവസാനത്തെ ഇരുപത് ദിവസത്തെ ഷൂട്ടാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 2024 ഏപ്രിലിൽ ഇന്ത്യൻ 2 തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in