സിനിമയോടുള്ള എന്റെ മനോഭാവത്തെ മലയാള സിനിമ മാറ്റിമറിച്ചു, ഇന്നും അതിൽ എനിക്ക് നന്ദിയുണ്ട്: കമൽ ഹാസൻ

സിനിമയോടുള്ള എന്റെ മനോഭാവത്തെ മലയാള സിനിമ മാറ്റിമറിച്ചു, ഇന്നും അതിൽ എനിക്ക് നന്ദിയുണ്ട്: കമൽ ഹാസൻ
Published on

തന്റെ മനോഭാവങ്ങളെ മാറ്റിമറിച്ച ഇൻഡസ്ട്രിയാണ് മലയാള സിനിമ ഇൻഡസ്ട്രി എന്ന് കമൽ ഹാസൻ. തന്റെ ക്രാഫ്റ്റിനെ മികച്ചതാക്കാൻ വേണ്ടിയാണ് മലയാള സിനിമയിലേക്ക് താൻ അഭിനയിക്കാൻ പോയത് എന്നും മലയാള സിനിമയിൽ പ്രവർത്തിച്ച കാലത്തെ തന്റെ ജീവിതത്തിലെ പരിശീലന കാലം ആയാണ് താൻ കണക്കാക്കുന്നത് എന്നും കമൽ ഹാസൻ പറഞ്ഞു. മലയാള സിനിമയിലെ അഭിനേതാക്കൾക്കൊപ്പം അഭിനയിക്കാൻ‌ സാധിച്ചത് സിനിമയെക്കുറിച്ചുള്ള തന്റെ മനോഭാവത്തെ മാറ്റി മറിക്കാൻ കാരണമായിട്ടുണ്ടെന്നും ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ കമൽ ഹാസൻ പറഞ്ഞു.

കമൽഹാസൻ പറഞ്ഞത്:

ഞാൻ മലയാളം സിനിമയിലേക്ക് പോയത് എന്റെ ക്രാഫ്റ്റിനെ കുറച്ചു കൂടി മികച്ചതാക്കാൻ വേണ്ടിയാണ്. ഇവിടെ സിനിമ എന്നത് വാണിജ്യം മാത്രമാണ്. അതിൽ നിന്നും സിനിമ പുറത്തേക്ക് വരുന്നില്ല. നല്ല സം​ഗീതമുണ്ട് പക്ഷേ അതിപ്പോഴും അതേ ചര്യയിൽ തന്നെയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഒരു മെച്ചപ്പെടുത്തൽ നടക്കുന്നില്ല. ഞാൻ ​ഗ്രാമഫോൺ റെക്കോർഡ്സിൽ മാത്രം പാട്ടുകേൾക്കുന്ന ആളല്ല. ഞാൻ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് പോയ്ക്കൊണ്ടേയിരിക്കും. അതിൽ എനിക്കുള്ള ഏക ആശ്വാസം എം.കെ ബാലചന്ദറും മലയാളം സിനിമകളും മാത്രമായിരുന്നു. അതുകൊണ്ട് തന്നെ എന്റെ ഏതെങ്കിലും ലക്ഷ്യത്തിലേക്ക് എത്താനോ അല്ലെങ്കിൽ എന്റെ കഴിവിനെ പ്രദർ‌ശിപ്പിക്കാനോ വേണ്ടിയല്ല ഞാൻ മലയാള സിനിമയിലേക്ക് പോയത്. അവിടെ ഞാൻ പ്രവർത്തിച്ച കാലം എനിക്ക് ഇപ്പോഴും എന്റെ പരീശീലന കാലം പോലെയാണ്. അതുകൊണ്ട് തന്നെ ചെറിയ കാര്യങ്ങളിൽ എനിക്ക് പരാതികളുണ്ടായിരുന്നില്ല. അവിടെ നിന്നും ലഭിച്ച പരിജ്ഞാനത്തിൽ എനിക്കെന്നും നന്ദിയാണുള്ളത്. മാത്രമല്ല മലയാളത്തിലെ അഭിനേതാക്കളുമായിട്ട് പ്രവർത്തിക്കാൻ സാധിച്ചത് എന്റെ മനോഭാവത്തെ മാറ്റിമറിച്ചിട്ടുണ്ട്. ഞാന്‍ ഈ പറയുന്ന ആക്ടേഴ്‌സ് വമ്പന്‍ മുന്‍നിര താരങ്ങള്‍ പോലുമായിരുന്നില്ല എന്നോര്‍ക്കണം. അത്യപൂര്‍വമായല്ലേ ഒരാളൊക്കെ ഒന്നാം നിരയിലേക്ക് എത്തുക, സത്യന്‍ മാസ്റ്ററെ പോലെ ചിലര്‍ മാത്രം. അദ്ദേഹം അഭിനയത്തില്‍ പുതിയ വഴിവെട്ടിയ വ്യക്തിയാണ്, അതുകൊണ്ടാണ് അദ്ദേഹത്തെ ഇന്നും മാസ്റ്റര്‍ എന്ന് അഭിസംബോധന ചെയ്യുന്നത്. കൊട്ടാരക്കര ശ്രീധരന്‍, പി ജെ ആന്റണി തുടങ്ങിയവരൊക്കെ എന്റെ ഹീറോസ് ആയിരുന്നു.

മണിരത്നം സംവിധാനം ചെയ്ത ത​ഗ് ലൈഫ് ആണ് ഇനി തിയറ്ററുകളിൽ എത്താനിരിക്കുന്ന കമൽ ഹാസൻ ചിത്രം. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇതെന്ന പ്രത്യേകതയും ത​ഗ് ലൈഫിനുണ്ട്.ചിത്രത്തിൽ രം​ഗരായ ശക്തിവേൽ എന്ന കഥാപാത്രത്തെയാണ് കമൽ ഹാസൻ അവതരിപ്പിക്കുന്നത്. ഒരു ​ഗ്യങ്സ്റ്റർ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് കമൽഹാസൻ തന്നെയാണ്. സിലംബരസൻ, തൃഷ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം 2025 ജൂൺ 5 ന് തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in