ജോജുവിന്റെ പ്രകടനം കണ്ടപ്പോൾ അസൂയ തോന്നി, ​ഗംഭീര നടനാണ്; ത​ഗ് ലൈഫ് വേദിയിൽ കമൽഹാസൻ

ജോജുവിന്റെ പ്രകടനം കണ്ടപ്പോൾ അസൂയ തോന്നി, ​ഗംഭീര നടനാണ്; ത​ഗ് ലൈഫ് വേദിയിൽ കമൽഹാസൻ
Published on

മണിരത്നം സംവിധാനം ചെയ്ത ത​ഗ് ലൈഫ് സിനിമയുടെ ഓഡിയോ ലോഞ്ചിൽ നടൻ ജോജു ജോർജിനെ പ്രശംസിച്ച് കമൽഹാസൻ.ജോജുവിന്റെ ഇരട്ട എന്ന സിനിമയിലെ ഡബിൾ റോളും പ്രകടനവും കണ്ട് അസൂയ തോന്നിയെന്ന് കമൽഹാസൻ. ഏ ആർ റഹ്മാന‍്,മണിരത്നം, സുഹാസിനി, ശിവരാജ്കുമാർ എന്നിവരുൾപ്പെട്ട വേദിയിലാണ് കമൽഹാസന്റെ പ്രശംസ.

കമല‍്ഹാസൻ ജോജുവിനെക്കുറിച്ച് പറഞ്ഞത്

എനിക്ക് ആദ്യം ജോജു എന്ന നടനെക്കുറിച്ച് അറിയില്ലായിരുന്നു. ആദ്യമായാണ് കേൾക്കുന്നത്. ഞാൻ അദ്ദേഹത്തിന്റെ പല സിനിമകളും എടുത്തു കണ്ടു. ഇരട്ട എന്നൊരു സിനിമയുണ്ട്. ഞാൻ കരിയറിൽ ഏതാണ്ട് 30 നടുത്ത് സിനിമകളിൽ ഡബിൾ റോൾ ചെയ്തയാളാണ്. മൂക്കിലോ കാതിലോ വ്യത്യസ്ഥത വരുത്തുന്ന ​ഗെറ്റപ്പിലായിരിക്കും രണ്ട് കഥാപാത്രങ്ങൾ വേറിട്ട് നിൽക്കുക. മൈക്കൾ മദന കാമരാജനിലാണ് മൂന്നും മൂന്ന് ​ഗെറ്റപ്പിലുള്ളത്. അത് മാത്രമേ അത്ര പെരുമയോടെ എനിക്ക് പറയാനാകൂ. ജോജു തന്റെ കരിയറിന്റെ തുടക്കകാലത്തിൽ തന്നെ ഡബിൾ റോളിൽ അസൂയപ്പെടുത്തി.

ഒരു പൊലീസ് സ്റ്റേഷനകത്ത് ഏതാണ്ട് ഒരേ ഗെറ്റപ്പിൽ വന്നിട്ട് പോലും രണ്ട് കഥാപാത്രങ്ങളെയും വേറിട്ട് മനസിലാക്കാൻ സാധിച്ചു. ജോജു നിങ്ങൾ വലിയ നടനാണ്. സിനിമയിൽ അഭിനയിക്കാൻ ആ​ഗ്രഹിക്കുന്നവരോട് പോലും മത്സരിക്കുന്നയാളാണ് ഞാൻ. പക്ഷേ ജോജുവിനെ വരവേല‍്ക്കേണ്ടത് എന്റെ കടമയാണ്.

ഇതെനിക്ക് ലഭിച്ച ഓസ്കാർ ; ജോജു ജോർജ്ജ്

നന്ദി, കമൽ സാർ. ഇത് എന്റെ സ്വപ്നസാഫല്യമാണ്, വലിയ അവാർഡുകൾ ലഭിക്കണമെന്നുള്ളതായിരുന്നു എന്റെ സ്വപ്നം, എന്നാൽ എന്റെ അഭിനയത്തെ കുറിച്ച് നിങ്ങൾ പറഞ്ഞ വാക്കുകളും പ്രശംസയും, എനിക്ക് ഓസ്കാർ ലഭിച്ചതുപോലെ അനുഭവപ്പെടുന്നു. നിങ്ങൾ ഒരു മഹാനായ സൂപ്പർസ്റ്റാറാണ്, ഞങ്ങളുടെ ആ​ഗോള മാതൃകയും. ഞാൻ നിങ്ങളുടെ വലിയൊരു ആരാധകനും, അത്രമേൽ ശിഷ്യനുമാണ്. നിങ്ങളുടെ അഭിനയത്തിലെ ഓരോ സൂക്ഷ്മാംശങ്ങളും ഞാൻ നിരീക്ഷിക്കാറും പഠിക്കാൻ ശ്രമിക്കാറുമുണ്ട്. അതിനാൽ തന്നെ, നിങ്ങളിൽ നിന്ന് ലഭിച്ച ഈ പ്രശംസ എന്റേതായ യഥാർത്ഥ ഓസ്കാറാണ്. എന്റെ കഥാപാത്രങ്ങൾ പൂർണത വരാനാണ് ഞാൻ ഓരോ ഘട്ടത്തിലും പ്രയത്നിക്കാറുള്ളത്.

എന്റെ ചിത്രങ്ങളിൽ ഞാൻ എങ്ങനെ അഭിനയിച്ചുവെന്നു ചോദിച്ച് ഇൻഡസ്ട്രിയിലെ ആളുകളിൽ നിന്ന്, പ്രത്യേകിച്ച് സഹപ്രവർത്തകരിൽ നിന്ന്, പ്രശംസ കേൾക്കുമെന്നായിരുന്നു എന്റെ പ്രതീക്ഷ. എന്നാൽ പലപ്പോഴും അതൊന്നും സംഭവിച്ചില്ല. എന്റെ സിനിമാ പോസ്റ്ററുകൾ പ്രശസ്തരുമായി പങ്കുവെക്കാൻ ശ്രമിക്കുമ്പോൾ പോലും, പലരും എന്റെ ലക്ഷ്യങ്ങൾ മനസ്സിലാക്കാതെ എന്നെ തെറ്റായി ഉൾക്കൊണ്ടു. ചില മാധ്യമപ്രവർത്തകരും സഹപ്രവർത്തകരും എന്നെ സാരമായി വേദനിപ്പിക്കുക പോലും ചെയ്തു.

എന്നാൽ ഇന്ന്, കമൽ സാറിൽ നിന്ന് ലഭിച്ച ഈ വലിയ പ്രശംസ എന്റെ ഹൃദയം നിറച്ചു. ജോസഫ് എന്ന സിനിമയോട് സന്തോഷവാനായ ആളാണ് ഞാന‍്‍. അതിന് ശേഷം ലഭിച്ചതെല്ലാം എനിക്ക് ബോണസാണ്.

Related Stories

No stories found.
logo
The Cue
www.thecue.in