ഹേ റാമിൽ കാണിക്കുന്ന കുരങ്ങിന്റെ തലയോട്ടികൾ ​ഗുണാ കേവിൽ നിന്ന്, ​'കൺമണി' എന്ന ​ഗാനം താനും ഇളയരാജയും തമ്മിലുള്ള പ്രണയലേഖനം - കമൽ ഹാസൻ

ഹേ റാമിൽ കാണിക്കുന്ന കുരങ്ങിന്റെ തലയോട്ടികൾ ​ഗുണാ കേവിൽ നിന്ന്, ​'കൺമണി' എന്ന ​ഗാനം താനും ഇളയരാജയും തമ്മിലുള്ള പ്രണയലേഖനം - കമൽ ഹാസൻ

ടീം മഞ്ഞുമ്മൽ ബോയ്സിനൊപ്പം ​​ഗുണാ സിനിമയുടെ ചിത്രീകരണ ഓർമ്മകൾ പങ്കുവയ്ക്കുന്ന കമൽ ഹാസന്റെ വീഡിയോ പുറത്തു വിട്ട് പ്രൊഡക്ഷൻ കമ്പനിയായ രാജ് കമൽ ഫിലിംസ് ഇന്റർനാഷ്ണൽ. ഹേയ് റാം എന്ന സിനിമയിൽ കാണിക്കുന്ന ചെറിയ തലയോട്ടികൾ തനിക്ക് ​ഗുണ കേവിൽ നിന്ന് ലഭിച്ചതാണെന്ന് കമൽ ഹാസൻ പറയുന്നു. ​ഗുണ കേവിലുള്ള പാറ ഉണ്ടായിട്ട് വളരെ വർഷങ്ങളൊന്നുമായിട്ടില്ല. ഒരു യങ് ഫോർമേഷനാണത്. അതിലൊരു അപകടമുണ്ട്. റോക്ക് ക്ലൈമ്പിങ്ങിന് പറ്റിയതല്ല. കുരങ്ങുകൾ ഇതിനുള്ളിലേക്ക് അപകടം മനസിലാക്കാതെ വീണിട്ട് കയറാൻപറ്റാതെ ചത്തുപോകും. ഹേ റാം എന്ന ചിത്രത്തിൽ ഒരു രം​ഗത്തിൽ ഉപയോ​ഗിച്ചിരിക്കുന്ന മൂന്ന് കുരങ്ങിന്റെ തലയോട്ടികൾ അത്തരത്തിൽ തനിക്ക് ​ഗുണ കേവിൽ നിന്നും ലഭിച്ചതാണെന്ന് കമൽ ഹാസൻ പറഞ്ഞു. ആദ്യമായി ​ഗുണ കേവിൽ പോയപ്പോൾ തനിക്ക് ഒരു കുരങ്ങന്റെ തലയോട്ടി ലഭിച്ചിരുന്നു എന്നും സിനിമയിൽ മഞ്ഞുമ്മൽ ബോയ്സ് ​ഗുണ കേവിൽ ഇറങ്ങുമ്പോൾ ആദ്യം കാണിക്കുന്ന ആ തലയോട്ടി അങ്ങനെ വന്നതുമാണ് എന്ന് സംവിധായകൻ ചിദംബരം മുമ്പ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

​ഗുണാ കേവ് പോലെ ഒരുപാട് സ്ഥലങ്ങളുണ്ട് തമിഴ്നാട്ടിൽ. യഥാർഥത്തിൽ മതികെട്ടാൻ ഷോലൈ എന്നായിരുന്നു ​ഗുണ സിനിമയ്ക്ക് ആദ്യം നിശ്ചയിച്ചിരുന്ന പേര്. എന്നാൽ യൂണിറ്റിലെ എല്ലാവരും അന്നതിനെ ഒരുപോലെ എതിർത്തു. ​ഗുണാ കേവിന് ഡെവിൾസ് കിച്ചൺ എന്ന് പേരുവരാൻ കാരണമായ ആ പ്രതിഭാസം ഞങ്ങൾ കണ്ടെങ്കിലും അത് ചിത്രീകരിക്കാനായില്ല. വല്ലപ്പോഴുമേ അത് സംഭവിക്കൂ. ​ഗുണാ കേവിലേക്ക് പോകാനുള്ള നിശ്ചിത വഴിതന്നെ ഞങ്ങളുണ്ടാക്കിയതാണ്. കമൽ ഹാസൻ പറഞ്ഞു. സത്യത്തിൽ‌ ​ഗുണയിലെ കൺമണി അൻപോട് എന്ന ​ഗാനം കമൽ ഹാസനും ഇളയരാജയും തമ്മിലുള്ള പ്രണയലേഖനമാണ് എന്നും തമാശ രൂപേണ അദ്ദേഹം കൂട്ടിച്ചേർത്തു.

തമിഴ്നാട്ടിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ് ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്സ്. 2006 ൽ കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് അഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പറവ ഫിലിംസിന്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in