പ്രൊജക്ട് കെ അല്ല ഇനി 'കല്‍കി 2898 എഡി'; വിഷ്വൽ എക്സ്പീരിയൻസ് ഉറപ്പ് നൽകി നാഗ് അശ്വിൻ ചിത്രം

പ്രൊജക്ട് കെ അല്ല ഇനി 'കല്‍കി 2898 എഡി'; വിഷ്വൽ എക്സ്പീരിയൻസ് ഉറപ്പ് നൽകി നാഗ് അശ്വിൻ ചിത്രം

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന മിത്തോ-സയന്‍സ് ഫിക്ഷന്‍ ചിത്രം പ്രൊജക്റ്റ് കെ എന്ന് താല്‍ക്കാലികമായി പേരിട്ടിരുന്ന ചിത്രത്തിന്റെ ടൈറ്റിലും ഗ്ലിമ്പ്‌സും പുറത്തുവിട്ട് അണിയറപ്രവർത്തകർ. 'കല്‍കി 2898 എഡി' എന്നാണ് ചിത്രത്തിന്റെ പുതിയ പേര്. സാന്‍ ഡിയേഗോ കോമിക് കോണില്‍ നടന്ന ചടങ്ങിലാണ് ചിത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത് വിട്ടത്. 600 കോടി ബഡ്ജറ്റില്‍ ഇന്ത്യയിലെ ഏറ്റവും ചിലവേറിയ സിനിമയായി ഒരുങ്ങുന്ന ചിത്രത്തില്‍ പ്രഭാസ്, കമല്‍ ഹാസന്‍, അമിതാഭ് ബച്ചന്‍, ദീപിക പദുകോണ്‍, ദിഷ പട്ടാണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാന്‍ ഡിയാഗോയില്‍ നടക്കുന്ന കോമിക് -കോണില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണ് 'കല്‍കി 2898 എഡി'.

ഡിസിയും മാര്‍വെലും അടക്കം ലോകത്തിലെ വന്‍ പ്രൊഡക്ഷന്‍ കമ്പനികള്‍ തങ്ങളുടെ ഭാവി പ്രൊജക്ടുകള്‍ പ്രഖ്യാപിക്കുന്ന വേദിയാണ് സാന്‍ ഡീഗോ കോമിക്-കോണ്‍. വെള്ളിയാഴ്ച രാവിലെയാണ് ചിത്രത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഹിന്ദു പുരാണം അനുസരിച്ച് വിഷ്ണുവിന്റെ പത്താമത്തെ അവതാരമാണ് കല്‍കി. കല്‍കിയുടെ അവതാരത്തെ ഒരു ഫ്യൂച്ചറിസ്റ്റിക് രീതിയില്‍ സമീപിച്ചിരിക്കുകയാണ് ചിത്രത്തില്‍ എന്നാണ് ഗ്ലിമ്പ്സ് സൂചന. ബുധനാഴ്ച ചിത്രത്തിലെ പ്രഭാസിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വന്നിരുന്നു. സയന്‍സ് ഫിക്ഷന്‍ മിത്തോളജിക്കല്‍ ചിത്രമായ 'കല്‍കി 2898 എഡി' നിര്‍മിക്കുന്നത് വിജയശാന്തി മൂവീസിന്റെ ബാനറില്‍ അശ്വനി ദത്ത് ആണ്.

തെലുങ്കിലും ഹിന്ദിയിലും ഒരേസമയം ഒരുങ്ങുന്ന ചിത്രം തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലേക്ക് ഡബ്ബ് ചെയ്യും. സന്തോഷ് നാരായണന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജോര്‍ഡ്ജെ സ്റ്റോജില്‍കോവിക്കാണ്. കോട്ടഗിരി വെങ്കടേശ്വര റാവു ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ചിത്രം 2024 ജനുവരി 12ന് റിലീസ് ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in