'കലയിലൂടെ ചർച്ചകൾ സൃഷ്ടിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്'; പാ രഞ്ജിത് എപ്പോഴും സമൂഹത്തെ പറ്റിയാണ് ചിന്തിക്കുന്നതെന്ന് കലൈയരസൻ

'കലയിലൂടെ ചർച്ചകൾ സൃഷ്ടിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്'; പാ രഞ്ജിത് എപ്പോഴും സമൂഹത്തെ പറ്റിയാണ് ചിന്തിക്കുന്നതെന്ന് കലൈയരസൻ

ലോകത്ത് എവിടെയെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ പാ രഞ്ജിത് അസ്വസ്ഥനാകുമെന്നും, തന്റെ കലയിലൂടെ ചർച്ചകൾ സൃഷ്ടിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത് എന്നും നടൻ കലൈയരസൻ. എല്ലാ മനുഷ്യരിലും നന്മയും തിന്മയും ഉണ്ടെന്നും, എല്ലാവരും മനുഷ്യരാണ് എന്നും അതുകൊണ്ട് തന്നെ എല്ലാവരും ബഹുമാനിക്കപ്പെടേണ്ടവരാണെന്നുമാണ് അദ്ദേഹം തന്റെ കലയിലൂടെ പറഞ്ഞു വയ്ക്കാൻ ഉദ്ദേശിക്കുന്നത് എന്നും കലൈയരസൻ ദ ക്യു സ്റ്റുഡിയോയ്ക്ക് തന്ന അഭിമുഖത്തിൽ പറഞ്ഞു. അദ്ദേഹം എപ്പോഴും മനുഷ്യരെയും, സമൂഹത്തെയും പറ്റിയാണ് ചിന്തിക്കുന്നതെന്നും കലൈയരസൻ പറയുന്നു.

കലൈയരസൻ പറഞ്ഞത്;

രഞ്ജിത് സർ എപ്പോഴും സമൂഹത്തെ പറ്റി തന്നെയാണ് ചിന്തിക്കുന്നത്. എപ്പോഴും മനുഷ്യരെ കുറിച്ച് ചിന്തിക്കുന്നയാളാണ്. രാജ്യത്തോ, ലോകത്തോ എവിടെയെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ അദ്ദേഹം അസ്വസ്ഥനാകും. എന്തുകൊണ്ടാണ് ഇപ്പോഴും ഇത് സംഭവിക്കുന്നത്, എന്തുകൊണ്ടാണ് ആളുകൾ ഇപ്പോഴും തിരിച്ചറിയാത്തത് എന്നൊക്കെയാണ് ചോദിക്കുക. അദ്ദേഹം പാട്ടുകളിലൂടെയും, സിനിമയിലൂടെയും, നാടകങ്ങളിലൂടെയും തന്റെ ഹൃദയം കൊണ്ടാണ് തനിക്കറിയാവുന്നത് പറയുന്നത്. കലയിലൂടെ ചർച്ചകൾ ഉണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ചില സിനിമകളിൽ നായകനും, വില്ലനുമെല്ലാം നല്ലതും മോശവും എന്ന രീതിയിലായിരിക്കും എടുത്തു വച്ചിരിക്കുന്നത്. എന്നാൽ അദ്ദേഹം പറയുന്നത് എല്ലാവരിലും ഇത് രണ്ടും ഉണ്ടെന്നാണ്. എല്ലാവരും മനുഷ്യരാണ് എന്നാണ്. എല്ലാവർക്കും സ്വന്തമായി ഒരു സംസ്കാരമുണ്ട്, കലയുണ്ട്, എല്ലാവരും ബഹുമാനിക്കപ്പെടേണ്ടവരാണ്. അതാണ് അദ്ദേഹം പറയുന്നത്.

കലൈയരസൻ മലയാളത്തിൽ വീണ്ടുമെത്തുന്ന ചിത്രമാണ് ചാൾസ്‌ എന്റർപ്രൈസസ്. കലൈയരസനെ കൂടാതെ ഉർവശി, ബാലു വർഗീസ്, അഭിജ ശിവകല, ഗുരു സോമസുന്ദരം തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യനാണ്.

സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി, സുധീര്‍ പറവൂര്‍, മണികണ്ഠന്‍ ആചാരി, വിനീത് തട്ടില്‍, മാസ്റ്റര്‍ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ ചിത്രസംയോജനം അച്ചു വിജയനാണ് കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി, സുഭാഷ് ലളിതസുബ്രഹ്മണ്യന്‍ എന്നിവരുടെ വരികള്‍ക്ക് സുബ്രഹ്മണ്യന്‍ കെ.വിയാണ് സംഗീതം പകരുന്നത്. അശോക് പൊന്നപ്പന്റെതാണ് പശ്ചാത്തല സംഗീതം.

logo
The Cue
www.thecue.in