നിരൂപണമല്ല, സിനിമ കണ്ട് ഇറങ്ങുന്ന പ്രേക്ഷകരോട് റിവ്യൂ ചോദിക്കുന്നതാണ് പ്രശ്‌നം : കെ.വിജയകുമാര്‍

നിരൂപണമല്ല, സിനിമ കണ്ട് ഇറങ്ങുന്ന പ്രേക്ഷകരോട് റിവ്യൂ ചോദിക്കുന്നതാണ് പ്രശ്‌നം : കെ.വിജയകുമാര്‍

സിനിമയെ കുറിച്ച് നിരൂപണം എഴുതുന്നതല്ല മറിച്ച് സിനിമ കണ്ട് ഇറങ്ങി വരുന്ന പ്രേക്ഷകരോട് റിവ്യൂ ചോദിക്കുന്നതാണ് പ്രശ്‌നമെന്ന് ഫിയോക്ക് പ്രസിഡന്റ് കെ.വിജയകുമാര്‍. ഫിയോക് ജനറല്‍ ബോഡി ചേര്‍ന്ന് ഡിസംബറില്‍ തിയേറ്ററിന് അകത്ത് നിന്നുള്ള റിവ്യു നിരോധിക്കാന്‍ തീരുമാനം എടുത്തിരുന്നുവെന്നും വിജയകുമാര്‍ ദ ക്യുവിനോട് പറഞ്ഞു.

വിജയകുമാര്‍ പറഞ്ഞത് :

2022 ഡിസംബര്‍ 7ന് ചേര്‍ന്ന ഫിയോക് ജനറല്‍ ബോഡി, തിയേറ്ററിന് അകത്തുനിന്നുള്ള റിവ്യൂ ഇനി പാടില്ലെന്ന തീരുമാനം എടുത്തിരുന്നു. കാരണം ഒരു ചിത്രത്തെ കുറിച്ച് മനപ്പൂര്‍വ്വം മോശം റിവ്യൂ കൊടുക്കാന്‍ ആര്‍ക്കും തന്നെ അധികാരമില്ല. രണ്ടമാത്തെ കാര്യം സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ നെഗറ്റീവ് റിവ്യു വരുകയാണ്. അതിന് അര്‍ത്ഥം മുന്‍ധാരണയോട് കൂടി ആരോ റിവ്യൂ ചെയ്യുന്നു എന്നതാണ്. അതുകൊണ്ട് ആ സംവിധാനം നിര്‍ത്തലാക്കാനായി കേരളത്തില്‍ തിയേറ്ററിനുള്ളില്‍ നിന്നുള്ള റിവ്യു അനുവദിക്കാന്‍ പാടില്ലെന്ന് ഫിയോക് അംഗങ്ങള്‍ക്ക് വളരെ കര്‍ശനമായി തന്നെ നിര്‍ദ്ദേശം കൊടുത്തിരുന്നു. എങ്കിലും അടുത്ത കാലത്തായ ചില തിയേറ്ററുകളില്‍ നിന്ന് റിവ്യൂകള്‍ പുറത്ത് വന്നിരുന്നു. അതേ തുടര്‍ന്നാണ് ഈ വിഷയത്തില്‍ നിര്‍മ്മാതാക്കളുടെ സംഘടനയും ചേര്‍മ്പറും ചേര്‍ന്ന് തീരുമാനം എടുക്കാന്‍ പോകുന്നത്.

'ഒരു സിനിമയെ കുറിച്ച് നിരൂപണം ആര്‍ക്കും എഴുതാം. അതിന് ഞങ്ങള്‍ എതിരല്ല. പക്ഷെ തിയേറ്ററിന് ഉള്ളില്‍ ക്യാമറയും കൊണ്ട് വന്ന് സിനിമ കണ്ട് ഇറങ്ങുന്ന പ്രേക്ഷകരോട് റിവ്യു ചോദിച്ച് കൊടുക്കുന്നതാണ് പ്രശ്‌നം. അത് കാണുമ്പോള്‍ ആ റിവ്യു എല്ലാം തന്നെ സത്യസന്ധമാണെന്ന് ജനം വിശ്വസിക്കും. ആ പ്രതികരണം സത്യമാകാം നുണയാകാം. കാരണം ഓരോ പ്രേക്ഷകനും അവരുടെ അഭിരുചിക്ക് അനുസരിച്ചാണ് സിനിമകള്‍ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും. എന്നാല്‍ സിനിമ മോശമാണെന്ന ഒരു നിഗമനത്തിലേക്ക് ആദ്യ ദിവസം തന്നെ എത്തുന്നത് തെറ്റാണ്. അതുകൊണ്ടാണ് തിയേറ്ററിന് ഉള്ളില്‍ നിന്നുള്ള റിവ്യൂ നിര്‍ത്തലാക്കാന്‍ തീരുമാനം എടുത്തത്', എന്നും വിജയകുമാര്‍ അഭിപ്രായപ്പെട്ടു.

സിനിമ റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ തിയേറ്ററില്‍ നിന്നും വരുന്ന പ്രേക്ഷക പ്രതികരണങ്ങള്‍ക്കെതിരെ സിനിമ സംഘടനകള്‍ വിമര്‍ശനം മുന്‍പും അറിയിച്ചിരുന്നു. നിലവില്‍ നിര്‍മ്മാതാക്കളുടെ സംഘടനയും ഈ വിഷയത്തെ കുറിച്ച് ചര്‍ച്ച നടത്തുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in