എന്റെ ജീവിതത്തിലെ വിഷമ ഘട്ടത്തില്‍ ലതാ ജീ എന്നെ വിളിച്ചു: കെ.എസ് ചിത്ര

എന്റെ ജീവിതത്തിലെ വിഷമ ഘട്ടത്തില്‍ ലതാ ജീ എന്നെ വിളിച്ചു: കെ.എസ് ചിത്ര

ഗായിക ലതാ മങ്കേഷ്‌കറിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി കെ.എസ് ചിത്ര. ഇന്ത്യയുടെ ശബ്ദമാണ് ലതാ മങ്കേഷ്‌കര്‍. സംഗീതം പഠിച്ച് തുടങ്ങുന്ന സമയത്ത് ലതാ ജീയുടെ പാട്ടുകള്‍ കേള്‍ക്കുകയും പഠിക്കുകയും ചെയ്തിരുന്നു എന്ന് കെ.സ് ചിത്ര പറയുന്നു. തന്റെ ജീവിതത്തിലെ വിഷമ ഘട്ടത്തില്‍ ലതാ മങ്കേഷ്‌കര്‍ വിളിച്ചതിനെ കുറിച്ചും ചിത്ര സംസാരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

കെ.എസ് ചിത്രയുടെ വാക്കുകള്‍:

ഈ വാര്‍ത്ത കേട്ടുകൊണ്ടാണ് നമ്മള്‍ എല്ലാവരും ഉണര്‍ന്നത്. ഇന്ത്യയുടെ ശബ്ദമാണ് ലതാ ജീ എന്നാണ് എനിക്ക് തോന്നുന്നത്. ഞാന്‍ ലതാ ജീയുടെ ഒരുപാട് പാട്ടുകള്‍ പഠിച്ചിട്ടുണ്ട്. നമ്മള്‍ സംഗീതം പഠിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പഠിക്കുകയും കേള്‍ക്കുകയും ചെയ്യുന്നത് ലതാ ജീയെ പോലെയുള്ള ഗായകരുടെ പാട്ടുകള്‍ തന്നെയാണ്. ലതാ ജീയുടെ മീരാ ഭജന്‍സ് എല്ലാം എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. എനിക്ക് ആ ശബ്ദത്തില്‍ തന്നെ ഒരു ഭക്തി എപ്പോഴും തോന്നാറുണ്ട്. അടുത്ത് ഇടപഴകാനായി വളരെ കുറച്ച് അവസരം മാത്രമെ എനിക്ക് ഉണ്ടായിട്ടുള്ളു. ലതാ ജീയുടെ 75ാമത്തെ പിറന്നാളിന് മുംബൈയില്‍ ലതാ ജീയുടെ മുമ്പില്‍ ഒരു കോണ്‍സേര്‍ട്ട് പാടാന്‍ എനിക്ക് ഭാഗ്യമുണ്ടായി.

ലതാ ജീയുടെ 'രസിക് ബല്‍മാ', 'രുലാകെ ഗയാ' എന്നീ രണ്ട് പാട്ടാണ് അന്ന് ഞാന്‍ പാടിയത്. പിന്നെ ലതാ ജീയുടെ 80ാം പിറന്നാളിന് ട്രിബ്യൂട്ടായി ഒരു ആല്‍ബം ചെയ്തിരുന്നു. അത് കേട്ടിട്ട് എന്നെ ഫോണില്‍ വിളിച്ച് പറഞ്ഞു, 'എനിക്ക് എഴുതാന്‍ ബുദ്ധിമുട്ടാണ് അതുകൊണ്ടാണ് ഞാന്‍ വിളിക്കുന്നത്' എന്ന് പറഞ്ഞു. അതുപോലെ ലതാ ജീയുടെ പേരിലുള്ള ഒരു പുരസ്‌കാരം ഹൈദരാബാദില്‍ പ്രഖ്യാപിച്ച സമയത്ത് ഞാന്‍ എന്റെ ജീവിതത്തില്‍ ഏറ്റവും വിഷമം നിറഞ്ഞ ഒരു അവസരമായിരുന്നു. അതുകൊണ്ട് ഞാന്‍ എങ്ങും പോകുന്നില്ലെന്ന് തീരുമാനിച്ചു. പക്ഷെ അന്ന് ലതാ ജീ എന്നെ വിളിച്ച് ആ പരിപാടിക്ക് നിര്‍ബന്ധമായി പോകണമെന്ന് പറഞ്ഞിരുന്നു. അതാണ് ഞാന്‍ അവസാനം സംസാരിച്ചത്. പിന്നെ ഞാന്‍ സംസാരിച്ചിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in