'സംഗീതത്തില്‍ ജതിസ്വരം മാത്രമെയുള്ളു 'ജാതിസ്വര'മില്ല': യേശുദാസ്

'സംഗീതത്തില്‍ ജതിസ്വരം മാത്രമെയുള്ളു 'ജാതിസ്വര'മില്ല': യേശുദാസ്

സംഗീതത്തില്‍ ജതിസ്വരം മാത്രമെയുള്ളു 'ജാതിസ്വര'മില്ലെന്ന് മുതിര്‍ന്ന പിന്നണി ഗായകന്‍ കെ ജെ യേശുദാസ്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ജാതിഭേദം മതദ്വേഷമെന്ന് കാലങ്ങളായി പാടുന്നതിനെ കുറിച്ച് പരാമര്‍ശിച്ചത്. ഗാനരചയ്താവ് ആര്‍ കെ ദാമോദരനുമായുള്ള അഭിമുഖത്തിലാണ് യേശുദാസ് സംസാരിച്ചത്.

ഗുരുദേവന്‍, ഗാന്ധിജി, മാതൃദൈവം എന്നിവരൊക്കെ തന്റെ സംഗീത സൗഭാഗ്യങ്ങളായിരുന്നു. അവരുടെ അഭാവത്തില്‍ സമൂഹത്തില്‍ ജാതി, മതം, രാഷ്ട്രീയം സ്വാര്‍ത്ഥം, അത്യാര്‍ത്തി എന്നിവയെല്ലാം അമിതമായി കണ്ടുവരുന്നു. സംഗീതത്തില്‍ ജാതിസ്വരം മാത്രമെയുള്ളു 'ജാതിസ്വര'മില്ല. മനസ്സിന്റെ ശ്രുതി ചേരലാണ് മനുഷ്യത്വം എന്നാണ് യേശുദാസ് പറഞ്ഞത്.

യേശുദാസിന്റെ വാക്കുകള്‍:

'ഒരിക്കലും ജാതിഭേദം മതദ്വേഷമെന്ന് കാലങ്ങളായി പാടുന്നതില്‍ വിരസത തോന്നിയിട്ടില്ല. ഗുരുദേവന്‍ അരുവിപ്പുറത്ത് എഴുതിവെച്ചത് നമ്മള്‍ അകത്തേക്ക് എഴുന്നള്ളിച്ച് ആരാധിച്ചില്ലേ. പുറത്തുവെച്ച് ആചരിച്ചില്ലേ. എന്റെ ജീവിതത്തില്‍ പല സംഗീത സൗഭാഗ്യങ്ങളും സംഭവിച്ചിട്ടുണ്ട്. ആദ്യമായി, അതായത് എട്ടാം വയസില്‍ ഞാന്‍ കൊച്ചിന്‍ നേവല്‍ ബേസിലെ സംഗീത മത്സരത്തില്‍ പാടി ഒന്നാം സമ്മാനം നേടിയത് 'വന്ദേമാതരം വാഴ്ത്തിയ മുനിയെ, പാരില്‍ വന്‍ പുകഴ്‌കൊണ്ട മഹാനിധിയേ' എന്ന അപ്പച്ചന്‍ പഠിപ്പിച്ച ഗാന്ധികീര്‍ത്തനവുമായാണ്. പുറത്തിറങ്ങിയ പ്രഥമചലച്ചിത്ര ഗാനമാവട്ടെ 'വേദവാക്യമതൊന്നേ മാതൃവാക്യം താനേ' (ശ്രീകോവില്‍ - അഭവയദേവ് - വി.ദക്ഷിണാമൂര്‍ത്തി 1962) എന്നതുമാണ്.

പറഞ്ഞുവരുന്നത് ഗുരുദേവന്‍, ഗാന്ധിജി, മാതൃദൈവം ഒക്കെ എന്റെ സംഗീതസൗഭാഗ്യങ്ങളായി അവതരിക്കുന്നത് ഞാന്‍ അനുഭവിച്ചിട്ടുണ്ട്, അത്ഭുതപ്പെട്ടിട്ടുണ്ട്. ഇന്ന് ഇവിടെ അവയുടെ അപര്യാപ്തതയോ അഭാവമോ ഒക്കെത്തന്നെയുണ്ട്. ജാതി, മതം, രാഷ്ട്രീയം സ്വാര്‍ത്ഥം, അത്യാര്‍ത്തി, പ്രണയാഭാസം, ഗുരുഭക്തിയില്ലായ്മ, സ്‌നേഹരാഹിത്യം ഒക്കെ അമിതമായി കണ്ടുവരുന്നു. സംഗീതത്തില്‍ ജതിസ്വരം മാത്രമെയുള്ളു 'ജാതിസ്വര'മില്ല. മനസ്സിന്റെ ശ്രുതി ചേരലാണ് മനുഷ്യത്വം. മാതൃകാസ്ഥാനമാണിത് എന്ന് പാടിയതില്‍ ഇന്ന് സന്ദേഹം തോന്നുന്നു. അങ്ങനെ തോന്നിത്തുടങ്ങിയപ്പോള്‍ വയലാറിന്റെ, ദേവരാജന്‍ മാസ്റ്ററുടെ - 'മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു'- എന്ന മണ്ണും മനസ്സും പങ്കുവെച്ച 'കലികാലകല്പന' എന്നെക്കൊണ്ടുതന്നെ പാടിച്ചു. നിയോഗം അല്ലാതെ എന്തുപറയും.'

Related Stories

No stories found.
logo
The Cue
www.thecue.in