മലയാള സിനിമ ഇന്ത്യന്‍ സിനിമയ്ക്ക് മുന്നില്‍ വെയ്ക്കുന്ന മത്സരം ഇനിയും കടുക്കും : സജീവ് പാഴൂര്‍

മലയാള സിനിമ ഇന്ത്യന്‍ സിനിമയ്ക്ക് മുന്നില്‍ വെയ്ക്കുന്ന മത്സരം ഇനിയും കടുക്കും : സജീവ് പാഴൂര്‍

മലയാള സിനിമ ഇന്ത്യന്‍ സിനിമയ്ക്ക് മുന്നില്‍ വെയ്ക്കുന്ന വരും വര്‍ഷങ്ങളിലെ മത്സരം ഇനിയും കടുക്കാനാണ് സാധ്യതയെന്ന് ദേശീയ പുരസ്‌കാര ജൂറി അംഗവും തിരക്കഥാകൃത്തുമായ സജീവ് പാഴൂര്‍. പുരസ്‌കാരത്തില്‍ ഓരോ വിഭാഗത്തിലും മലയാളത്തില്‍ നിന്ന് കൃത്യമായ മത്സരം നടന്നിട്ടുണ്ട്. അത് വരും വര്‍ഷങ്ങളില്‍ കൂടുതലായിരിക്കുമെന്നും സജീവ് പാഴൂര്‍ ദ ക്യുവിനോട് പറഞ്ഞു.

സജീവ് പാഴൂര്‍ പറഞ്ഞത് :

എല്ലാ തരത്തിലുള്ള പരീക്ഷണങ്ങള്‍ക്കും സ്‌പേസ് ഉണ്ടാവണം. കാരണം ഒരു എക്‌സ്പിരിമെന്റിന്റെ ഇടം കൂടിയാണല്ലോ സിനിമ. ആ എക്‌സ്പിരിമെന്റുകള്‍ പരിഗണിക്കാതെ പോവരുത് എന്ന കൃത്യമായിട്ടുള്ള തീരുമാനം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ടെക്‌നിക്കല്‍, പ്രെസന്റേഷന്‍, പെര്‍ഫോമന്‍സ് എന്നീ നിലയില്‍ ക്വളിറ്റിയുള്ള എല്ലാ സിനിമകളും പരിഗണിക്കണമെന്ന തീരുമാനം ആദ്യം തന്നെ ഉണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വളരെ കൃത്യമായി സ്‌ക്രൂട്ടിനൈസ് ചെയ്തിട്ടാണ് ഞങ്ങള്‍ ഫൈനല്‍ ലിസ്റ്റിലെത്തിയത്. പിന്നെ ഞങ്ങള്‍ സെലക്ട് ചെയ്ത രീതി കൃത്യമായിരുന്നു എന്ന് തോന്നിപ്പിക്കുന്നതാണ് ഇന്നത്തെ പുരസ്‌കാര പ്രഖ്യാപനം. അതില്‍ വളരെ സന്തോഷമുണ്ട്.

ഇനി വരാന്‍ പോകുന്ന വര്‍ഷങ്ങളില്‍ മലയാള സിനിമ ഇന്ത്യന്‍ സിനിമയ്ക്ക് മുന്നില്‍ വെയ്ക്കാന്‍ പോകുന്ന മത്സരം കടുക്കാനാണ് സാധ്യത. ഇപ്പോള്‍ തന്നെ മലയാളത്തില്‍ നിന്ന് നമ്മുടെ ഒരു നടി മത്സരിക്കാതെ ഇരുന്നിട്ടുണ്ടാവില്ല. നമ്മുടെ അഭിനേത്രിയാണെങ്കില്‍ തമിഴ് സിനിമയ്ക്കാണ് അപര്‍ണ്ണയ്ക്ക് പുരസ്‌കാരം ലഭിച്ചത്. എങ്കില്‍ പോലും അവിടെ മലയാളത്തിന് മത്സരം കൊടുത്തിട്ടുണ്ടാവും. അതുപോലെ ഓരോ വിഭാഗത്തിലും മലയാളം കൃത്യമായ മത്സരം കൊടുത്തിട്ടുണ്ട്. അത് ഇനി വരുന്ന വര്‍ഷങ്ങളില്‍ കൂടാനെ സാധ്യതയുള്ളു. പിന്നെ കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമകള്‍ നടന്നിട്ടുള്ളത്. അപ്പോള്‍ അതിന്റെ കുറച്ച് പരിമിധികള്‍ ഒരുപക്ഷെ പ്രൊഡക്ഷനില്‍ സംഭവിച്ചിട്ടുണ്ടാവാം.

വേറൊരു കാര്യം, ഇപ്പോള്‍ തിങ്കളാഴ്ച്ച നിശ്ചയം പോലൊരു സിനിമ കേരളത്തിന് തന്നെ പരിചിതമല്ലാത്ത സ്ഥലത്താണ് ആ സിനിമ നടക്കുന്നത്. കാസര്‍കോട് പോലൊരു ഉള്‍സ്ഥലത്ത്. ഈ കഥയെ നമ്മള്‍ ഇന്ത്യയില്‍ പ്ലേസ് ചെയ്യുമ്പോള്‍ അത് നമുക്ക് മറ്റുള്ളവരുടെ മുന്നില്‍ പ്രസന്റ് ചെയ്യേണ്ടി വരുമായിരിക്കും. ചില സിനിമകള്‍ക്ക് വേണ്ടി നമുക്ക് സംസാരിക്കേണ്ടി വരും. അത് പുതിയതായി സിനിമ ചെയ്യുന്നവര്‍ക്ക് കൊടുക്കുന്ന വേറൊരു തരം ഊര്‍ജം ഉണ്ടാകും. ആ ഊര്‍ജം ഉണ്ടകണം എന്ന് നമുക്ക് നിര്‍ബന്ധമുണ്ടായിരുന്നു. കാരണം അത്തരം ഊര്‍ജങ്ങളാണ് നമ്മുടെ ജീവന്‍.

അതുപോലെ തന്നെ എല്ലാ വിഭാഗങ്ങളും പരിഗണിക്കപ്പെട്ടിട്ടുണ്ട്. എക്‌സ്പിരിമെന്റല്‍, പാരലല്‍ സിനിമകള്‍എങ്ങിനെയാണ് പ്രെസന്റ് ചെയ്തിരിക്കുന്നത് എന്ന അടിസ്ഥാനത്തിലാണ് പരിഗണിക്കപ്പെട്ടിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in