അന്ന് പ്രളയ സ്റ്റാര്‍ എന്ന് കളിയാക്കി, 2018 'ടൊവിനോയ്ക്ക് കാലം കാത്തു വച്ച കാവ്യനീതി'യെന്ന് ജൂഡ് ആന്തണി ജോസഫ്

അന്ന് പ്രളയ സ്റ്റാര്‍ എന്ന് കളിയാക്കി, 2018  'ടൊവിനോയ്ക്ക് കാലം കാത്തു വച്ച കാവ്യനീതി'യെന്ന് ജൂഡ് ആന്തണി ജോസഫ്

2018 ലെ പ്രളയ കാലഘട്ടത്തില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെട്ടയാളായിരുന്നു നടന്‍ ടൊവിനോ തോമസ്. ആശംസകള്‍ക്കൊപ്പം ആക്ഷേപങ്ങളും ടൊവിനോയ്ക്ക് അക്കാലത്ത് നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്ന് 2018 എന്ന സിനിമ വലിയ രീതിയില്‍ വിജയം കൈവരിക്കുമ്പോള്‍ അന്ന് ടൊവിനോ തോമസ് എന്ന മനുഷ്യനെ വിമര്‍ശിച്ചവര്‍ക്കുള്ള കാലത്തിന്റെ കാവ്യ നീതിയാണ് ഈ സിനിമ എന്ന് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് ദ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

2018 എന്ന സിനിമ ആദ്യം കമ്മിറ്റ് ചെയ്യുന്നത് ടൊവിനോയാണ്. സിനിമയുടെ ഡബ്ബിങ്ങ് കഴിഞ്ഞപ്പോള്‍ സിനിമ കണ്ട് ടൊവിനോ കരഞ്ഞിരുന്നു. ഈ പടം കഴിയുമ്പോഴെങ്കിലും ഞാന്‍ ആത്മാര്‍ത്ഥതയോട് കൂടിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് ആളുകള്‍ മനസ്സിലാക്കുമായിരിക്കും അല്ലേയെന്ന് ടൊവിനോ ചോദിച്ചിരുന്നു എന്ന് ജൂഡ് ആന്തണി പറയുന്നു.

ഡബ്ബിങ്ങ് കഴിഞ്ഞപ്പോള്‍ ടൊവിനോ കരഞ്ഞു, പടം കണ്ടതിന് ശേഷം അവന്‍ എന്നോട് പറഞ്ഞു, ചേട്ടാ എനിക്ക് ഭയങ്കര വിഷമമുണ്ട്. കാരണം, പ്രളയ സമയത്ത് എല്ലാ പരിപാടിക്കും ഞാന്‍ ഇറങ്ങിയിട്ടുണ്ട് എന്നിട്ട് പോലും ആളുകള്‍ എന്നെ പ്രളയ സ്റ്റാര്‍ എന്ന് വിളിച്ച് കളിയാക്കിയിട്ടുണ്ട്. ഈ പടം കഴിയുമ്പോഴെങ്കിലും ഞാന്‍ ആത്മാര്‍ത്ഥതയോട് കൂടിയാണ് അത് ചെയ്തത് എന്ന് ആളുകള്‍ മനസ്സിലാക്കുമായിരിക്കും അല്ലേയെന്നാണ്. ഇത് കാലത്തിന്റെ കാവ്യ നീതി എന്നൊക്കെ പറയില്ലേ അതാണ്. ടൊവിനോ ആയിരുന്നു ശരിക്കും ഈ പടത്തില്‍ വരേണ്ട ആളെന്ന് മുകളില്‍ നിന്നൊരാള്‍ പ്ലാന്‍ ചെയ്ത പോലെ എനിക്ക് തോന്നിയിട്ടുണ്ട്.

ജൂഡ് ആന്തണി ജോസഫ്

ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും നേരിട്ടെത്തി സാധനങ്ങളും മറ്റും ഇറക്കാന്‍ സഹായിക്കുന്ന ടൊവിനോ തോമസിന്റെ ചിത്രങ്ങളൊക്കെ പ്രളയ കാലത്ത് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായിരുന്നു. പ്രളയ സ്റ്റാര്‍ എന്നും അടുത്ത സിനിമയ്ക്ക് ആളെക്കൂട്ടാനുള്ള തന്ത്രമാണെന്നും ഒക്കെയുള്ള തരത്തില്‍ ആക്ഷേപങ്ങളും അപമാനങ്ങളും അക്കാലത്ത് ടൊവിനോ തോമസിനെ തേടിയെത്തിയിരുന്നു. 2018 ല്‍ കേരളത്തില്‍ സംഭവിച്ച പ്രളയകാലത്തെ ആസ്പദമാക്കി എത്തിയിരിക്കുന്ന 2018 എവരിവണ്‍ ഈസ് എ ഹീറോ എന്ന ചിത്രം തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് നേടുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in