ഈ മനുഷ്യന്റെ മാജിക് കണ്ടാണ് ഞാന്‍ വളര്‍ന്നത്, കമൽ ഹാസനൊപ്പമുള്ള ഫാൻബോയ് മൊമന്റ് പങ്കിട്ട് ജൂഡ് ആന്തണി ജോസഫ്

ഈ മനുഷ്യന്റെ മാജിക് കണ്ടാണ് ഞാന്‍ വളര്‍ന്നത്, കമൽ ഹാസനൊപ്പമുള്ള ഫാൻബോയ് മൊമന്റ് പങ്കിട്ട് ജൂഡ് ആന്തണി ജോസഫ്

കമൽ ഹാസനുമായി കൂടിക്കാഴ്ച നടത്താനായതിന്റെ സന്തോഷം പങ്കുവച്ച് സംവിധായകന്‍ ജുഡ് ആന്തണി ജോസഫ്. അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന തമിഴ് ചിത്രത്തെക്കുറിച്ച് ലൈക്ക പ്രൊഡക്ഷന്‍ ഹൗസുമായി ചര്‍ച്ച ചെയ്യാന്‍ ചെന്നെയിലെത്തിയതായിരുന്നു ജൂഡ് ആന്തണി. തന്നെ ഒരു സിനിമാ സംവിധായകനെന്നോ അഭിനേതാവെന്നോ സിനിമാ പ്രേമിയെന്നോ വിളിക്കാന്‍ കഴിയുമെങ്കില്‍ അത് ഈ മള്‍ട്ടി ടാലന്റഡ് ജീനിയസ് കാരണമാണെന്ന് കമൽ ഹാസനോടൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് ജുഡ് ആന്തണി കുറിച്ചു.

ജൂഡ് ആന്തണി ജോസഫ് പറയുന്നു

സ്‌ക്രീനിന് അകത്തും പുറത്തും ഈ മനുഷ്യന്റെ മാജിക് കണ്ടാണ് ഞാന്‍ വളര്‍ന്നത്. ഈ ഫിലിം എന്‍സൈക്ലോപീഡിയയെ കണ്ടുമുട്ടാന്‍ കഴിഞ്ഞത് ഇന്നുവരെ എനിക്ക് ജീവിതത്തിൽ സംഭവിച്ചതില്‍ ഏറ്റവും നല്ല കാര്യങ്ങളിലൊന്നാണ്. ശരിക്കും എന്റെ ഫാന്‍ബോയ് മൊമന്റ്. അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തെ മുന്നില്‍ കണ്ടപ്പോള്‍ ഞാന്‍ വിറയ്ക്കുകയായിരുന്നു. എന്തൊരു പ്രഭാവലയം. ലവ് യു സാര്‍. എന്റെ ബക്കറ്റ് ലിസ്റ്റില്‍ മറ്റൊരു ടിക്ക് ആണിത്.

കഴിഞ്ഞ ദിവസമാണ് മുൻനിര തമിഴ് നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സിനോടൊപ്പം ജൂഡ് ആന്തണി പുതിയ സിനിമ ചെയ്യുന്ന വിവരം പ്രൊഡക്ഷൻ കമ്പനി പ്രഖ്യാപിച്ചത്. 'പുതിയ പ്രോജെക്ടിനായി ജൂഡ് ആന്തണി ജോസഫുമായി ഒന്നിക്കുന്നതില്‍ ഞങ്ങള്‍ ആവേശത്തിലാണ്' എന്ന ക്യാപ്ഷനോടെയാണ് ലൈക്ക ട്വിറ്ററില്‍ ചിത്രത്തെക്കുറിച്ചു പോസ്റ്റ് ചെയ്തത്. മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായ 2018ന് ശേഷം ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൈക്കയുടെ പ്രൊഡക്ഷനിലുള്ളത്.

2018 200 കോടി ക്ലബിൽ പ്രവേശിച്ചതായി പ്രഖ്യാപിച്ച് നിർമ്മാതാവ് വേണു കുന്നപ്പിള്ളി ജൂൺ എട്ടിന് പ്രഖ്യാപിച്ചിരുന്നു.. വേൾഡ് വൈഡ് കളക്ഷനും സിനിമയുടെ ഒടിടി, ഓവർസീസ്, സാറ്റലൈറ്റ് ഉൾപ്പെടെ ടോട്ടൽ ബിസിനസും ചേർത്താണ് സിനിമ 200 കോടി കടന്നത്. മലയാളത്തിൽ 200 കോടി നേടുന്ന ആദ്യ ചിത്രവുമാണ് 2018. തിയറ്ററിൽ നിന്ന് മാത്രമായി 170 കോടിക്ക് മുകളിൽ ചിത്രം കളക്ട് ചെയ്തിരുന്നു. 34 ദിവസം കൊണ്ടാണ് ചിത്രം 200 കോടി നേടിയിരിക്കുന്നത്. മെയ് 5 ന് പുറത്തിറങ്ങിയ ചിത്രം ഏറ്റവും വേഗത്തില്‍ 100 കോടി നേടിയ മലയാള ചിത്രമാവുകയും പുലിമുരുകന്‍ ഏഴ് വര്‍ഷം മുന്‍പ് ബോക്‌സ് ഓഫീസില്‍ തീര്‍ത്ത റെക്കോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. സോണി ലിവ് ജൂൺ 7മുതൽ 2018 സ്ട്രീം ചെയ്ത് തുടങ്ങിയിട്ടുണ്ട്.

തന്റെ അടുത്ത ചിത്രത്തില്‍ നിവിന്‍ പോളി ആണ് നായകനെന്നും നിവിന്‍ പോളിയുമൊത്തുള്ള ഫോട്ടോ തന്റെ സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചുകൊണ്ട് ജൂഡ് മുന്‍പ് പ്രഖ്യാപിച്ചിരുന്നു. നിവിന്‍ പോളിയുമായി ഒന്നിക്കുന്ന ചിത്രം അടിയും തമാശയും ഒക്കെയുള്ള ഒരു മാസ്സ് എന്റെര്‍റ്റൈനെര്‍ ആയിരിക്കുമെന്നും, വിജയ് സേതുപതിയെ ആ സിനിമയില്‍ കൊണ്ടു വരണമെന്ന് ആഗ്രഹമുണ്ടെന്നും ജൂഡ് നേരത്തെ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ലൈക്ക ചിത്രം പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ തന്നെ നിവിനും സേതുപതിയും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇതെന്ന് കമന്റുകൾ വന്നിരുന്നു. എന്നാൽ ലൈക്കയുടെ നിർമ്മാണത്തിലുള്ള തമിഴ് പ്രൊജക്ടിലെ കാസ്റ്റിം​ഗിനെക്കുറിച്ചോ മറ്റ് വിവരങ്ങളോ ജൂഡ് ഈ ഘട്ടത്തിൽ പുറത്തുവിട്ടിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in