'2018 അത്ഭുതകരമായ വർക്ക്'; പോയി ഓസ്കാർ കൊണ്ട് വാ എന്ന് ജൂഡ് ആന്തണിയോട് രജിനികാന്ത്

'2018 അത്ഭുതകരമായ വർക്ക്'; പോയി ഓസ്കാർ കൊണ്ട് വാ എന്ന് ജൂഡ് ആന്തണിയോട് രജിനികാന്ത്

നടൻ രജിനികാന്തിനെ നേരിട്ട് കണ്ട് അനു​ഗ്രഹം വാങ്ങി സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. തലൈവർ 170 എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി തിരുവനന്തപുരത്ത് എത്തിയ രജനികാന്തിനെ സന്ദർശിക്കാനാണ് ജൂഡ് ആന്തണി എത്തിയത്. 2018 എന്ന സിനിമ എന്തൊരു സിനിമയാണെന്നും എങ്ങനെ നിങ്ങൾ അത് ഷൂട്ട് ചെയ്തുവെന്നും രജിനികാന്ത് ചോദിച്ചതായി ജൂഡ് ആന്തണി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. 2018 എന്ന സിനിമയ്ക്ക് ഓസ്കർ ലഭിക്കാൻ എന്റെ അനു​ഗ്രഹവും പ്രാർത്ഥനയും ഉണ്ടാകുമെന്നും രജിനികാന്ത് ആശംസിച്ചു എന്നും ജൂഡ് പറയുന്നു.

''തലൈവർ പറഞ്ഞു, “എന്തൊരു സിനിമ ജൂഡ്, നിങ്ങൾ എങ്ങനെ ഷൂട്ട് ചെയ്തു? അത്ഭുതകരമായ വർക്ക്". കൂടാതെ ഞങ്ങൾ ഓസ്കാർ യാത്രയ്ക്കായി അദ്ദേഹത്തിന്റെ അനുഗ്രഹം തേടി. തലൈവർ പറഞ്ഞു "പോയി ഓസ്കാർ കൊണ്ട് വാ, എന്റെ അനുഗ്രഹങ്ങളും പ്രാർത്ഥനകളും". ഈ അവിസ്മരണീയമായ അവസരത്തിന് ദൈവത്തിന് നന്ദി. ഇത് സാധ്യമാക്കിയതിന് എന്റെ പ്രിയ സുഹൃത്ത് സൗന്ദര്യയ്ക്കും നന്ദി'' - ജൂഡ് ആന്തണി ഇസ്റ്റ​ഗ്രാമിൽ കുറിച്ചു.

ജൂഡ് ആന്തണിയോടൊപ്പം 2018 സിനിമയുടെ നിർമാതാക്കളായ വേണു കുന്നപ്പള്ളിയും ആന്റോ ജോസഫും രജിനികാന്തിനെ കാണാൻ എത്തിയിരുന്നു.

ടി ജെ ജ്ഞാനവേലിന്റെ സംവിധാനം ചെയ്യുന്ന ചിത്രമാണ് തലെെവർ 170. ചിത്രത്തിന് വേണ്ടി 10 ദിവസമാണ് രജനികാന്ത് കേരളത്തില്‍ ഉണ്ടാകുക. മഞ്‍ജു വാര്യരും ഫഹദും രജനികാന്ത് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ ഉണ്ട്. 32 വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചൻ രജനികാന്തുമായി വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. 2018 ലെ കേരളത്തിലെ പ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്ത ചിത്രമായിരുന്നു '2018 എവരിവണ്‍ ഈസ് എ ഹീറോ'. ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഒപ്പം ഈ വർഷത്തെ ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോ​ഗിക എൻട്രി കൂടിയാണ് '2018 എവരിവണ്‍ ഈസ് എ ഹീറോ'.

Related Stories

No stories found.
logo
The Cue
www.thecue.in