എന്റെ സിനിമയില്‍ ആ ഡയലോഗ് വന്നപ്പോള്‍ അത് സെന്‍സര്‍ ചെയ്തില്ല, ഭാരത സര്‍ക്കസിലെ പാട്ടിനെതിരെ ജോസ് തോമസ്

എന്റെ സിനിമയില്‍ ആ ഡയലോഗ് വന്നപ്പോള്‍ അത് സെന്‍സര്‍ ചെയ്തില്ല, ഭാരത സര്‍ക്കസിലെ പാട്ടിനെതിരെ ജോസ് തോമസ്

സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ഭാരത സര്‍ക്കസ് എന്ന സിനിമയില്‍ 'പുലയാടി മക്കള്‍ക്ക് പുലയാണ് പോലും' എന്ന കവിത ഉള്‍പ്പെടുത്തിയതിനെ ചൊല്ലി പുതിയ വിവാദം. കച്ചവട മനസോടെ വിവാദം ലക്ഷ്യമാക്കിയാണോ ഈ കവിത സിനിമയില്‍ ഉപയോഗിച്ചതെന്ന് സംവിധായകന്‍ ജോസ് തോമസ്. നേരത്തെ സ്വന്തം സിനിമയില്‍ പുലയാടി മക്കള്‍ എന്ന വാക്ക് ഉപയോഗിച്ചപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് അത് നീക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും ജോസ് തോമസ്.

ഇടതുസഹയാത്രികനായ സോഹന്‍സീനുലാല്‍ നവോത്ഥാനം ഉദ്ദേശിച്ചാണോ, അതോ സിനിമ വിജയിപ്പിക്കാനുള്ള തന്ത്രമായാണോ കവിത ഉള്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കണമെന്ന് സ്വന്തം യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോയില്‍ ജോസ് തോമസ്. കേരളത്തില്‍ തെരി സംസാരഭാഷ ആകുന്ന എന്ന തലക്കെട്ടിലാണ് വീഡിയോ. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചുരുളി എന്ന സിനിമക്ക് ശേഷമാണ് തെറികളെ ഇങ്ങനെ ഉപയോഗപ്പെടുത്തുന്നതെന്നും ജോസ് തോമസ്. കേരളത്തില്‍ ആരും ജാതി തിരിച്ച് സംസാരിക്കാറില്ലെന്നും പിന്നെ എന്തിനാണ് ഈ കവിത ഉപയോഗിച്ചതെന്നും സോഹന്‍ സീനുലാലിനോട് ചോദിക്കുന്ന വോയ്‌സ ക്ലിപ്പും ജോസ് തോമസ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സോഹന്‍ സീനുലാലിന്റെ വിശദീകരണം

ഈ സിനിമയുടെ ഇതിവൃത്തവുമായി ബന്ധമുള്ളതിനാലാണ് ആ കവിത ഉപയോഗിച്ചത്. ഇതിന് പിന്നില്‍ കച്ചവട തന്ത്രമാണെന്ന് പറയുന്നത് അപലപനീയമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന നിലക്കാണ് ആ കവിത സിനിമയില്‍ വരുന്നത്. ബാക്കി സിനിമ കണ്ടവര്‍ തീരുമാനിക്കട്ടെ.

'പുലയാടി മക്കള്‍ക്ക് പുലയാണ് പോലും' എന്ന് ആരംഭിക്കുന്ന ഗാനത്തിന്റെ രചയിതാവിനെ സംവിധായകനും നടനുമായ സോഹന് സീനുലാല്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.പത്തനംതിട്ട പ്രമാടം സ്വദേശി പിഎന്‍ആര്‍ കുറുപ്പാണ് ഗാനത്തിന്റെ രചയിതാവ്. ഭാരത സര്‍ക്കസ് എന്ന പേരില്‍ സോഹന്‍ സംവിധാനം ചെയ്ത സിനിമയില്‍ ഈ ഗാനം ഉള്‍പ്പെടുത്തിയിരുന്നു. ഈ വെള്ളിയാഴ്ചയാണ് ഭാരത സര്‍ക്കസ് റിലീസാവുന്നത്. കവിത എല്ലാവരും ഏറ്റെടുത്തു എന്നതില്‍ സന്തോഷമുണ്ടെന്നും ഇത് കവി അയ്യപ്പന്‍ എഴുതിയതല്ല, തന്റെ ആണെന്ന് ജനം തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പിഎന്‍ആര്‍ കുറുപ്പ് പറഞ്ഞു.

മലയാളത്തിലെ ആധുനിക കവികളില്‍ പ്രമുഖനാണ് പിഎന്‍ആര്‍ കുറുപ്പ്. പുലയാടി മക്കള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സമാഹാരത്തിലാണ് ഈ കവിത ഉള്‍പ്പെടുത്തിയിട്ടുള്ളത്. തന്റെ വരികളുടെ തീക്ഷ്ണമായ സ്വഭാവമായിരിക്കാം കവി അയ്യപ്പന്റേതെന്ന പേരില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് കാരണമെന്ന പിഎന്‍ആര്‍ കുറുപ്പ് പറഞ്ഞു. തന്റെ സുഹൃത്തായിരുന്ന അയ്യപ്പനും തീക്ഷ്ണമായ വരികള്‍ എഴുതിയിട്ടുള്ള കവിയാണ്. സാംസ്‌കാരിക ലോകത്ത് തനിക്ക് പ്രിയപ്പെട്ട മറ്റൊരാള്‍ ചലച്ചിത്രകാരനായിരുന്ന ജോണ്‍ എബ്രഹാം ആണ്. വ്യവസ്ഥിതിയെ വെല്ലുവിളിച്ച പ്രതിഭകളായിരുന്നു ഇരുവരും. ജോണും അയ്യപ്പനും അവരുടെ മരണത്തില്‍ പോലും ധിക്കാരത്തോടെ ലോകത്തോട് പ്രതികരിച്ചവരായിരുന്നെന്നും പിഎന്‍ആര്‍ കുറുപ്പ് പറഞ്ഞു.

ജാതി രാഷ്ട്രീയം ഉന്നയിക്കുന്ന സിനിമയാണ് ഭാരത സര്‍ക്കസ്. ഇതുപോലൊരു കവിത അതിന്റെ ഭാഗമായി മാറിയത് അതിനാലാണ്. പോലീസും ദളിത് രാഷ്ട്രീയവും ത്രില്ലര്‍ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യുന്ന ഭാരത സര്‍ക്കസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായം ആണ്. ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘ തോമസ്, ആരാധ്യ ആന്‍, സുനില്‍ സുഖദ, സരിത കുക്കു, അഭിജ, കലാഭവന്‍ പ്രജോദ്, ജയകൃഷ്ണന്‍, അനു നായര്‍, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായര്‍, നിയ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

ബിനു കുര്യന്‍ ഛായാഗ്രഹണവും ബിജിബാല്‍ സംഗീതവും നിര്‍വഹിക്കുന്നു. എഡിറ്റര്‍- വി.സാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, ഗാനരചന- ബി.കെ ഹരിനാരായണന്‍, കവിത- പിഎന്‍ആര്‍ കുറുപ്പ്. കലാസംവിധാനം- പ്രദീപ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം- അരുണ് മനോഹര്‍, കോ-ഡയറക്ടര്‍- പ്രകാശ് കെ മധു, സൗണ്ട് ഡിസൈന്‍- ഡാന്‍, പ്രൊഡക്ഷന്‍ എക്സികുട്ടീവ്- നസീര്‍ കാരന്തൂര്‍, സ്റ്റില്‍സ്- നിദാദ്, ഡിസൈന്‍- കോളിന്‍സ് ലിയോഫില്‍- പിആര്‍ഒ- എഎസ് ദിനേശ്. മാര്‍ക്കറ്റിംഗ് ആന്റ് പിആര്‍ സ്ട്രാറ്റജി- കണ്ടന്റ് ഫാക്ടറി. സോഷ്യല്‍ മീഡിയ ബ്രാന്റിംഗ്- ഒബ്സ്‌ക്യൂറ. ഷോബിസ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ വിതരണം.

Related Stories

No stories found.
logo
The Cue
www.thecue.in