10 ദിവസം കൊണ്ട് 10 കോടി,UK ൽ റെക്കോർഡിട്ട് 'ലോക' വിജയം: ജോസ് ചക്കാലക്കൽ അഭിമുഖം

10 ദിവസം കൊണ്ട് 10 കോടി,UK ൽ റെക്കോർഡിട്ട് 'ലോക' വിജയം: ജോസ് ചക്കാലക്കൽ അഭിമുഖം
Published on

ഡൊമിനിക് അരുൺ സംവിധാനം ചെയ്ത 'ലോക: ചാപ്റ്റർ 1 - ചന്ദ്ര' വിജയ കുതിപ്പ് തുടരുകയാണ്. ആ വിജയം കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും എന്തിന് വിദേശ മാർക്കറ്റിലും സിനിമ മികച്ച കളക്ഷനാണ് നേടുന്നത്. യുകെ മാർക്കറ്റിൽ നിന്ന് ചിത്രം ആദ്യ 10 ദിവസങ്ങൾ കൊണ്ട് 10 കോടിയിലധികം രൂപയാണ് കളക്റ്റ് ചെയ്തത്. ഇത് മലയാളം സിനിമകളെ സംബന്ധിച്ച് അപൂർവ്വമായി മാത്രം നടക്കുന്ന കാര്യമാണ് എന്നാണ് സിനിമയുടെ യുകെ വിതരണക്കാരായ മാജിക് റെയ്‌സ് യുകെ ഉടമയായ ജോസ് ചക്കാലക്കൽ പറയുന്നത്. ലോക: നേടുന്ന ചരിത്ര വിജയത്തിന്റെ സന്തോഷം ക്യു സ്റ്റുഡിയോയോട് പങ്കുവെക്കുന്നു ജോസ് ചക്കാലക്കൽ.

ലോക:യുടെ ലോകത്തേക്ക്

ലോക: സിനിമയുടെ നിർമ്മാതാക്കളായ വേഫെററുമായി ഞങ്ങൾക്ക് പരിചയമുണ്ട്. ഈ ചിത്രം വന്നപ്പോൾ, അതിന്റെ വിതരണം ഏറ്റെടുക്കുന്ന കാര്യം അവരുമായി സംസാരിച്ചു. അവർ എന്നെ ധൈര്യപൂർവ്വം ലോകയുടെ വിതരണം ഏൽപ്പിച്ചു. ആ വിശ്വാസം തെറ്റിക്കാതെ സിനിമ ഇവിടെ മുന്നേറുന്നുണ്ട്.

'ചന്ദ്ര'യെ യുകെയിൽ എത്തിക്കുന്നതിന്റെ മുന്നൊരുക്കങ്ങൾ

സ്ഥിരം ശൈലികളിൽ നിന്ന് വ്യത്യസ്‍തമായി തന്നെയാണ് ഞങ്ങൾ ഈ ചിത്രത്തെ യുകെയിലെ തിയറ്ററുകളിൽ എത്തിച്ചത്. പലപ്പോഴും മലയാളം സിനിമകൾ ഇവിടെ വിതരണം ചെയ്യുമ്പോൾ പാളിച്ചകൾ സംഭവിക്കാറുണ്ട്. അതെല്ലാം പരമാവധി ഒഴിവാക്കാൻ ഞങ്ങൾ ശ്രമിച്ചിരുന്നു. കൂലി, വാർ 2 എന്നീ സിനിമയ്ക്കൊപ്പം ലോകയുടെ ആദ്യ ടീസർ പ്രദർശിപ്പിച്ചു. ആ സിനിമകൾക്കൊപ്പം മാത്രമല്ല, ഏഷ്യൻ സിനിമകൾ പ്രദർശിപ്പിച്ച എല്ലാ തിയറ്ററുകളിലും ടീസർ പ്രദർശിപ്പിച്ചു. അത് ഇവിടെയുള്ള പ്രേക്ഷകർക്കിടയിൽ ചർച്ചയായി. അതുപോലെ യുകെ സ്ട്രീറ്റുകളിൽ സിനിമയുടെ ഡിജിറ്റൽ ബോർഡുകളും വെച്ചു. ആദ്യമായാണ് മലയാളം സിനിമകളുടെ ഡിജിറ്റൽ ബോർഡുകൾ യുകെ സ്ട്രീറ്റുകളിൽ വെക്കുന്നത്.

റിലീസിന് ശേഷം പല പ്രേക്ഷകരുടെയും ആവശ്യാനുസൃതം ഞങ്ങൾ ഷോകൾ വർധിപ്പിച്ചു. ഇവിടെ ഒരു ഷോ വർധിപ്പിക്കുന്നതിന് നിരവധി പ്രൊസ്യുജറുകളുണ്ട്. നിലവിൽ പ്രദർശനം നടക്കുന്ന ഒരു സ്ലോട്ട് വേണമല്ലോ വിട്ടുകിട്ടാൻ. ആ പ്രൊസ്യുജറുകളെല്ലാം ഞങ്ങൾക്ക് വേഗത്തിൽ തന്നെ പൂർത്തിയാക്കാൻ സാധിച്ചു. പ്രേക്ഷകർ ആവശ്യപ്പെട്ടതിന് 90 ശതമാനം തിയറ്ററുകളിലും സിനിമ എത്തിക്കാൻ സാധിച്ചു. അതോടെ പ്രേക്ഷകർ ഹാപ്പി. മറുവശത്ത് വർധിപ്പിച്ച ഷോകൾ എല്ലാം ഹൗസ്ഫുള്ളായി പ്രദർശിപ്പിക്കുമ്പോൾ തിയറ്ററുടമകളും ഹാപ്പി.

സ്ക്രീനുകൾ ദിനം പ്രതി വർധിച്ചു

ആദ്യദിനത്തിൽ 125 സ്‌ക്രീനുകളിലാണ് ലോക: പ്രദർശനം ആരംഭിച്ചത്. രണ്ടാം ദിനം തന്നെ അത് 150 സ്‌ക്രീനുകളായി. രണ്ടാം വാരത്തിലേക്ക് എത്തിയപ്പോൾ അത് 200 ന് മുകളിലായി. പല തിയറ്ററുകളിലും മൾട്ടിപ്പിൾ സ്‌ക്രീനുകളിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. അത് ഇവിടെ അപൂർവ്വമായി മാത്രം നടക്കുന്ന കാര്യമാണ്.

അന്യഭാഷാ പ്രേക്ഷകർക്കും ലോക: പ്രിയപ്പെട്ടത്

കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ലോകയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയുടെ പ്രതിഫലനം ഇവിടെയുമുണ്ട്. മലയാളത്തിന് പുറമെ മറ്റു ഭാഷാ പതിപ്പുകളും ഇവിടെ റിലീസ് ചെയ്തിട്ടുണ്ട്. ആ പതിപ്പുകൾക്കും വലിയ സ്വീകാര്യതയുണ്ട്. ഈ വാരം സിനിമയ്ക്ക് തമിഴ്, തെലുങ്ക്, ഹിന്ദി പ്രേക്ഷകരെ വലിയ തോതിൽ ലഭിക്കുന്നുണ്ട്. മാത്രമല്ല മലയാളി പ്രേക്ഷകരെല്ലാം രണ്ടാം തവണയും മൂന്നാം തവണയും സിനിമ കാണുന്നുമുണ്ട്. ഒരു മലയാളം സിനിമയ്ക്ക് ഇത്ര വലിയ സ്വീകാര്യത ലഭിക്കുന്നത് കാണുമ്പോൾ അതിയായ സന്തോഷം.

ആദ്യദിനത്തിൽ കളക്ഷൻ ഞെട്ടിച്ചു

ആദ്യദിനത്തിൽ 50 ലക്ഷം രൂപയാണ് സിനിമ നേടിയത്. അത് ഇവിടുള്ള തിയറ്റർ ഉടമകൾ പ്രതീക്ഷിച്ച് പോലുമില്ലായിരുന്നു. 'This is Amazing' എന്നാണ് പല തിയറ്റർ ഉടമകളും പറഞ്ഞത്. അതിനാൽ തന്നെ ആദ്യദിനത്തിൽ 125 സ്‌ക്രീനുകളിൽ പ്രദർശിപ്പിച്ച സിനിമ 150 സ്‌ക്രീനുകളായി വർധിപ്പിച്ചു. പിന്നീട് അങ്ങോട്ട് ഓരോ ദിവസവും 1 കോടിയിലധികം രൂപ വീതം നേടി തന്നെയാണ് സിനിമ മുന്നേറുന്നത്.

സ്റ്റെഡി കളക്ഷൻ

ആദ്യദിനം മുതൽ ഒരേ കളക്ഷനാണ് നിലനിർത്തി പോകുന്നത്. ഇന്നും എക്സ്ട്രാ ഷോകൾ ഉൾപ്പടെ ഫില്ലായി കഴിഞ്ഞു. മാത്രമല്ല ഒരു ഷോ കളിക്കേണ്ട തിയറ്ററിൽ പോലും ചിത്രം മൂന്ന് ഷോകളാണ് പ്രദർശിപ്പിക്കുന്നത്. പൊതുവെ ഇവിടെ ഒരു മലയാളം സിനിമ രണ്ട് വാരമായിരിക്കും പ്രദർശിപ്പിക്കുക. എന്നാൽ ലോക ഇപ്പോഴും മുന്നേറുന്നുണ്ട്. എമ്പുരാൻ, തുടരും എന്നീ സിനിമകളാണ് ഇതുപോലെ ഇവിടെ കളക്ട് ചെയ്തിട്ടുള്ളത്. അതുപിന്നെ ലാലേട്ടൻ ചിത്രങ്ങളാണല്ലോ.

10 ദിവസം, 10 കോടി

ഒരു മലയാളം ചിത്രത്തിന് യുകെയിൽ നിന്നും 10 ദിവസം കൊണ്ട് 10 കോടി ലഭിക്കുക എന്ന് പറഞ്ഞാൽ, അത് അവിശ്വസനീയമാണ്. മറ്റൊരു കാര്യം ഈ ചിത്രത്തിന് 15 + സർട്ടിഫിക്കറ്റ് ആണ് സെൻസർ ചെയ്തപ്പോൾ ലഭിച്ചത്. അല്ലെങ്കിൽ കളക്ഷൻ ഇതിൽ ഒതുങ്ങില്ലായിരുന്നു. ഈ വാരം മുതൽ ഞങ്ങൾ അതിനും ഒരു സ്ട്രാറ്റജി എടുത്തിട്ടുണ്ട്. സ്കൂൾ ഉള്ള സമയങ്ങളിൽ ഷോകൾ വർധിപ്പിച്ചിട്ടുണ്ട്. അതിനാൽ സ്കൂൾ സമയങ്ങളിൽ മാതാപിതാക്കൾക്ക് സിനിമ കാണാൻ കഴിയും.

എന്തുകൊണ്ട് ലോക:യ്ക്ക് ഇത്ര വലിയ സ്വീകാര്യത

ലോക കണ്ട ആരും ആ സിനിമയെക്കുറിച്ച് നെഗറ്റീവ് പറയുന്നില്ല. മിത്തും ഫാന്റസിയും പ്രേക്ഷകരെ എൻഗേജ് ചെയ്യിപ്പിക്കും വിധം ഒരുക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് സിനിമയുടെ വിജയം. ആക്ഷനും കോമഡിയും ആകാംഷ ഉണർത്തുന്ന രംഗങ്ങളുമെല്ലാം ഈ സിനിമയിലുണ്ട്. ഇതിപ്പോൾ ഓണം സീസണിൽ ക്ലാഷ് റിലീസായത് കൊണ്ടാണ്, അല്ലാത്തപക്ഷം ലോകയുടെ വിജയം ഇതിന്റെ ഡബിൾ പവറിൽ ആയേനെ.

15 കോടി കടക്കുമെന്ന് പ്രതീക്ഷ

ലോകയുടെ കുതിപ്പ് തുടരുകയാണല്ലോ. അന്യഭാഷാ പ്രേക്ഷകർ വലിയ തോതിൽ സ്വീകരിച്ചിട്ടുണ്ട് ഈ ചിത്രത്തെ. അതിനാൽ തന്നെ 15 കോടി വരെ സിനിമ കളക്ട് ചെയ്യാം എന്നാണ് ഞങ്ങളുടെ പ്രതീക്ഷ.

Related Stories

No stories found.
logo
The Cue
www.thecue.in